1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 19, 2024

സ്വന്തം ലേഖകൻ: നിജ്ജാര്‍ കൊലപാതകവുമായി ബന്ധപ്പെട്ട് കാനഡയും ഇന്ത്യയും തമ്മിലുള്ള നയതന്ത്രബന്ധം വഷളാകുന്നതിനിടെ ശേഷിക്കുന്ന ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ക്ക് മുന്നറിയിപ്പുമായി കാനഡ. ശേഷിക്കുന്ന 15 ഇന്ത്യന്‍ നയതന്ത്രജ്ഞരുടെ കാനഡയിലെ ഇടപെടലുകളെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടെന്നും അവര്‍ കനേഡിയന്‍ നിയമങ്ങള്‍ പാലിക്കണമെന്നും വിദേശകാര്യമന്ത്രി മെലാനി ജോളി പറഞ്ഞു. ഇന്ത്യയും കനഡയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം തകര്‍ന്നതിനെത്തുടര്‍ന്ന് ഒട്ടാവ ഈ ആഴ്ച ആദ്യം ആറ് നയതന്ത്രജ്ഞരെ പുറത്താക്കിയിരുന്നു.

വിയന്ന കണ്‍വെന്‍ഷന്‍ ലംഘിക്കുകയോ കാനഡക്കാരുടെ ജീവന്‍ അപകടത്തിലാക്കുകയോ ചെയ്യുന്ന ഒരു നയതന്ത്രജ്ഞരെയും സര്‍ക്കാര്‍ വച്ചു പൊറുപ്പിക്കില്ലെന്ന് അവര്‍ പറഞ്ഞു. ‘അവരുടെ ഇടപെടലുകള്‍ ശ്രദ്ധയില്‍ പെട്ടിരുന്നു. ഒട്ടാവയിലെ ഹൈക്കമ്മിഷണര്‍ ഉള്‍പ്പെടെ ആറ് പേരെ പുറത്താക്കിയിട്ടുണ്ട്. മറ്റുള്ളവര്‍ പ്രധാനമായും ടൊറന്‌റോ, വാന്‍കൂവര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. വിയന്ന കണ്‍വെന്‍ഷന് വിരുദ്ധമായ നയതന്ത്രജ്ഞരെ ഞങ്ങള്‍ വെച്ചുപൊറുപ്പിക്കില്ല’. കൂടുതല്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കുമോ എന്ന ചോദ്യത്തിന് ജോളി മറുപടി പറഞ്ഞു.

ഹര്‍ദീപ് സിങ് നിജ്ജാറിനെ കൊലപ്പെടുത്തിയതില്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന് കാനഡ ആരോപിച്ചു. 2023 സെപ്റ്റംബറില്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പാര്‍ലമെന്‌റില്‍ ഈ ആരോപണം ഉന്നയിച്ചിരുന്നു. ഇത് അസംബന്ധവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് പറഞ്ഞ് ഇന്ത്യ നിരസിക്കുകയും ചെയ്തിരുന്നു. ആരോപണം ഉന്നയിച്ച് ഒരു വര്‍ഷം കഴിഞ്ഞിട്ടും തെളിവ് നല്‍കാന്‍ ഒട്ടാവയ്ക്ക് കഴിഞ്ഞിട്ടില്ല. കാനഡയിലെ നരഹത്യ, വധഭീഷണി എന്നിവയുമായി കനേഡിയന്‍ പോലീസ് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ ബന്ധപ്പെടുത്തിയിട്ടുണ്ടെന്നും മെലാനി ജോളി പറഞ്ഞു.

നിജ്ജർ വധത്തില്‍ ഇന്ത്യയുടെ ഇടപെടലുണ്ടായിട്ടുണ്ടെന്ന കാനഡയുടെ ആരോപണങ്ങളെ പൂർണമായി തള്ളുന്ന നിലപാടാണ് വിദേശകാര്യമന്ത്രാലയം സ്വീകരിച്ചിട്ടുള്ളത്. രാഷ്ട്രീയ നേട്ടത്തിനുവേണ്ടിയാണ് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും ഇന്ത്യ വ്യക്തമാക്കുന്നു.

പ്രധാനമന്ത്രി ട്രൂഡോയ്ക്ക് ഇന്ത്യയുമായുള്ള അഭിപ്രായഭിന്നതകള്‍ ഏറെക്കാലമായി നിലനില്‍‌ക്കുന്നതാണ്. 2018ല്‍ ട്രൂഡോ ഇന്ത്യ സന്ദർശിച്ചത് തന്നെ വോട്ടുബാങ്ക് ലക്ഷ്യമിട്ടാണ്. വിഘടനവാദികളുമായി നേരിട്ട് ബന്ധമുള്ളവർ ട്രൂഡൊയുടെ മന്ത്രിസഭയില്‍ അംഗമാണ്. 2020ല്‍ ഇന്ത്യയുടെ ആഭ്യന്തര രാഷ്ട്രീയത്തില്‍ ഇടപെടുന്നതിനായി ട്രൂഡോ നടത്തിയ ശ്രമങ്ങള്‍ ഇതിനുതെളിവാണെന്നും വിദേശകാര്യമന്ത്രാലയം ആരോപിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.