സ്വന്തം ലേഖകൻ: വിദേശത്തുനിന്നുള്ള തൊഴിലാളികളുടെ വരവ് നിയന്ത്രിക്കാൻ കാനഡ തീരുമാനിച്ചു. താൽക്കാലിക തൊഴിൽ വീസയിൽ (ടിഎഫ്ഡബ്ല്യു) എത്തുന്നവരെ നിയന്ത്രിക്കാനുള്ള പുതിയ മാനദണ്ഡങ്ങൾ സെപ്റ്റംബർ 26 നു പ്രാബല്യത്തിൽ വരും.
രാജ്യത്തു തൊഴിൽ അവസരങ്ങൾ കുറയുകയും തദ്ദേശീയരായ ഒട്ടേറെ യുവാക്കൾ തൊഴിൽരഹിതരായി തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇന്ത്യക്കാർക്കുൾപ്പെടെ ഏറെ തിരിച്ചടിയാകുന്ന തീരുമാനം. വിവിധ തൊഴിൽ മേഖലയിൽ 20% വരെ, കുറഞ്ഞ വേതനത്തിൽ താൽക്കാലികമായി വിദേശ തൊഴിലാളികൾക്ക് അവസരമുണ്ടായിരുന്നു. ഇതു 10 ശതമാനമായി കുറയ്ക്കാനാണു തീരുമാനം.
പതിറ്റാണ്ടിലെ ഏറ്റവും വലിയ തൊഴിലില്ലായ്മയാണു കാനഡ നേരിടുന്നത്. തൊഴിലില്ലായ്മ നിരക്ക് 6.4% ആണ്. യുവാക്കളിലെ തൊഴിലില്ലായ്മ 14.2 ശതമാനമാണെന്നു കനേഡിയൻ എംപ്ലോയ്മെന്റ്, വർക്ഫോഴ്സ് ഡവലപ്മെന്റ് ആൻഡ് ഒഫീഷ്യൽ ലാംഗ്വിജസ് മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. അതേസമയം, 2021 നും 2023 നും ഇടയിൽ ടിഎഫ്ഡബ്ല്യു രീതിയിൽ അനുവദിച്ച തൊഴിൽ വീസകളുടെ എണ്ണം ഇരട്ടിയായി.
കഴിഞ്ഞ വർഷം മാത്രം 2.4 ലക്ഷം പേരാണു ഈ സംവിധാനത്തിലൂടെ ജോലി ലഭിച്ചു കാനഡയിലെത്തിയത്. റസ്റ്ററന്റ്, റീട്ടെയ്ൽ തുടങ്ങിയ മേഖലകളിലായിരുന്നു ഇവരിൽ ഭൂരിഭാഗവും ജോലി ചെയ്തിരുന്നത്. തൊഴിലവസരങ്ങൾ ഏറെയുണ്ടെങ്കിലും വേതനം കുറവാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല