സ്വന്തം ലേഖകൻ: സര്‍ക്കാര്‍ പുതുതായി നടപ്പിലാക്കിയ കര്‍ശനമായ വീസ ചട്ടങ്ങള്‍ അന്തര്‍ദേശീയ വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ മേഖലയിലും വലിയ തിരിച്ചടിയാകുന്നു. പുതിയ കര്‍ശന വീസ ചട്ടങ്ങള്‍ ചൂണ്ടിക്കാട്ടി പ്രമുഖ സ്ഥാപനങ്ങളായ എച്ച്എസ്ബിസിയും ഡെലോയിറ്റും യുകെയിലെ വിദേശ ബിരുദധാരികള്‍ക്കുള്ള ജോലി വാഗ്ദാനങ്ങള്‍ റദ്ദാക്കിയെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
വിദഗ്ധ തൊഴിലാളി വീസയ്ക്കുള്ള ശമ്പള പരിധി സാധാരണ തൊഴിലാളികള്‍ക്ക് 26200 പൗണ്ടില്‍ നിന്ന് 38700 പൗണ്ടില്‍ ആയും 26 വയസ്സിന് താഴെയുള്ള വ്യക്തികള്‍ക്ക് 30960 പൗണ്ടില്‍ആയും സര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എച്ച്എസ്ബിസിയും ഡെലോയിറ്റും വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ ജോലി വാഗ്ദാനങ്ങള്‍ റദ്ദാക്കിയിരിക്കുന്നത്.
വലിയ തോതില്‍ പണം ചിലവഴിച്ചാണ് കേരളത്തില്‍ നിന്ന് അടക്കമുള്ള വിദ്യാര്‍ത്ഥികള്‍ യുകെയിലേക്ക് കുടിയേറുന്നത്. പഠനം കഴിഞ്ഞാല്‍ അവിടെ തന്നെ ജോലിക്ക് കയറാമെന്നുള്ളതാണ് കുടിയേറ്റത്തിന്റെ പ്രധാന കാരണം. എന്നാല്‍ വിദേശ വിദ്യാര്‍ത്ഥികളെ നേരിട്ട് ബാധിക്കുന്ന നിയമങ്ങളാണ് യു കെ അടുത്തിടെ നടപ്പാക്കിയിരിക്കുന്നത്. എച്ച്എസ്ബിസിയും ഡെലോയിറ്റും മാത്രമല്ല മറ്റ് ചിലരും ജോലി വാഗ്ധാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ടെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. ഇതോടെ പലരും നാട്ടിലേക്ക് മടങ്ങേണ്ട സാഹചര്യം നേരിടുകയാണെന്നും അവര്‍ വ്യക്തമാക്കുന്നു.
എച്ച്എസ്ബിസിയുടെ ഓഫറുകള്‍ പിന്‍വലിക്കുന്നത് ഷെഫീല്‍ഡില്‍ ജോലി ചെയ്യാന്‍ ഉദ്ദേശിക്കുന്ന ഡിജിറ്റല്‍ ഇന്നൊവേഷന്‍ മേഖലയിലെ ബിരുദധാരികളെ കാര്യമായി തന്നെ ബാധിക്കും. കഴിഞ്ഞ വര്‍ഷം 2,700-ലധികം ജീവനക്കാരെ നിയമിച്ച ഡെലോയിറ്റ് വിദേശ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഏകദേശം 35 ശതമാനം ഓഫറുകളാണ് റദ്ദാക്കിയത്. പുതിയ മാനദണ്ഡങ്ങള്‍ ചില റോളുകളിലെ വീസ സ്‌പോണ്‍സര്‍ഷിപ്പിന് യോഗ്യമല്ലെന്നും ഡെലോയിറ്റ് അഭിപ്രായപ്പെട്ടു.
ഉയര്‍ന്ന തോതിലുള്ള നിയമപരമായ കുടിയേറ്റം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് യുകെ സര്‍ക്കാര്‍ പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്. ഇതോടെയാണ് കമ്പനികളും അവരുടെ റിക്രൂട്ട്മെന്റ് സ്ട്രാറ്റജിയും മാറ്റാന്‍ തീരുമാനിച്ചത്. വിദേശ ബിരുദധാരികള്‍ക്കുള്ള കരാര്‍ കഴിഞ്ഞ മാസം തന്നെ കെപിഎംജിയും റദ്ദാക്കിയിരുന്നു. വീസ യോഗ്യതാ മാറ്റങ്ങള്‍ അവലോകനം ചെയ്യാന്‍ എച്ച്എസ്ബിസി ഇവൈയുമായി കൂടിയാലോചനയും നടത്തി.
ഗ്രാജ്വേറ്റ് വീസ പ്രോഗ്രാം തല്‍ക്കാലം തുടരാനാണ് മൈഗ്രേഷന്‍ ഉപദേശക സമിതി അടുത്തിടെ പറഞ്ഞിരിക്കുന്നത്. 2021 ജൂലൈയില്‍ ആരംഭിച്ച ഗ്രാജുവേറ്റ് റൂട്ട് വീസ പഠനശേഷം രണ്ട് വര്‍ഷത്തേക്ക് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് യുകെയില്‍ തുടര്‍ന്ന് ജോലി ചെയ്യാന്‍ അവസരം നല്‍കുന്നുണ്ട്. എന്നാല്‍ ഈ പ്രോഗ്രാം റിവ്യൂ ചെയ്യാന്‍ തീരുമാനിച്ചത് മുതല്‍ വലിയ ആശങ്ക പടര്‍ന്നിരുന്നു. പദ്ധതി അനിശ്ചിതത്വത്തിലായതോടെ യുകെ യൂണിവേഴ്‌സിറ്റികളിലേക്കുള്ള അപേക്ഷകളും കുറഞ്ഞിരുന്നു.
മികച്ച അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാന്‍ വീസ പ്രോഗ്രാം തുടരണമെന്നാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. 40 ശതമാനത്തിലേറെ ഗ്രാജുവേറ്റ് വീസകളും ഇന്ത്യക്കാര്‍ക്കാണ് ലഭിക്കുന്നത്. മുന്‍പ് നടപ്പാക്കിയ നിയന്ത്രണങ്ങള്‍ ഫലം കാണുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിച്ചു.
2024 ജനുവരിയില്‍ മാസ്‌റ്റേഴ്‌സ് പ്രോഗ്രാമില്‍ ചേരുന്നവര്‍ക്ക് ഡിപ്പന്‍ഡന്റ്‌സിനെ കൊണ്ടുവരുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയത് മുതല്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ വരവ് കുറഞ്ഞിട്ടുണ്ട്. 2024 സെപ്റ്റംബര്‍ വരെ വിദ്യാര്‍ത്ഥികളുടെ ഡെപ്പോസിറ്റില്‍ 63% കുറവ് വന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ കൂടുതല്‍ പരിഷ്‌കാരം വേണ്ടെന്നാണ് എംഎസി ചൂണ്ടിക്കാണിക്കുന്നത്.
വന്‍തോതില്‍ നെറ്റ് മൈഗ്രേഷന്‍ വര്‍ദ്ധിച്ചതോടെയാണ് നിയമപരമായ ഇമിഗ്രേഷന് മേലും നിയന്ത്രണം ഏര്‍പ്പെടുത്തിയത്. എന്നാല്‍ പ്രതീക്ഷിച്ചതിലും വലിയ പ്രത്യാഘാതം സൃഷ്ടിച്ച് കൊണ്ട് ബ്രിട്ടനില്‍ ജോലി ചെയ്യുന്ന വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വലിയ കുറവ് നേരിടുമെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല