സ്വന്തം ലേഖകൻ: നീറ്റ് പരീക്ഷാ ക്രമക്കേട് വന്‍ വിവാദമായതിനു പിന്നാലെ ഇന്നലെ നടന്ന യുജിസി നെറ്റ് പരീക്ഷ റദ്ദാക്കി ദേശീയ ടെസ്റ്റിങ് ഏജന്‍സി. രണ്ടു ഘട്ടങ്ങളിലായി ഇന്നലെ നടന്ന പരീക്ഷയാണ് ഇന്ന് റദ്ദാക്കിയത്. നീറ്റിന് സമാനമായി നെറ്റ് പരീക്ഷയിലും ക്രമക്കേട് നടന്നതായി കണ്ടെത്തിയതിനേത്തുടര്‍ന്നാണ് നടപടി. രാജ്യത്തെമ്പാടുമായി ഒമ്പത് ലക്ഷത്തിലേറെപ്പേരാണ് പരീക്ഷ എഴുതിയിരുന്നത്.
ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്ററിന്റെ ദേശീയ ക്രൈം ത്രെട്ട് അനലിറ്റിക്‌സ് യൂണിറ്റ് നടത്തിയ അന്വേഷണത്തിലാണ് പരീക്ഷയുടെ നടത്തിപ്പില്‍ ക്രമക്കേട് നടന്നതായി കണ്ടെത്തിയത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷ റദ്ദാക്കുന്നതെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
പുനഃപരീക്ഷ ഉടന്‍ നടത്തുമെന്നും അതിന്റെ തീയതി പിന്നീട് അറിയിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. നേരത്തെ നീറ്റ് പരീക്ഷയില്‍ വന്‍ക്രമക്കേട് നടന്നതായി കണ്ടെത്തിയത് വലിയ വിവാദത്തിന് വഴിവച്ചിരുന്നു. പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിനെയും ദേശീയ ടെസ്റ്റിങ് ഏജന്‍സിയെയും സുപ്രീം കോടതി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.
കഠിനാധ്വാനം ചെയ്താണ് വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതുന്നതെന്നും നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി കുറ്റമറ്റതായി പ്രവര്‍ത്തിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. ”തെറ്റു സംഭവിച്ചാല്‍ അത് സമ്മതിക്കാനുള്ള ഉത്തരവാദിത്തം ടെസ്റ്റിങ് ഏജന്‍സി കാണിക്കണം. തെറ്റു പരിഹരിക്കാന്‍ എന്ത് നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കണം. അത് വിദ്യാര്‍ഥികള്‍ക്കും ഏജന്‍സിക്കും ആത്മവിശ്വാസം നല്‍കും. ഇത്തരം ഉത്തരവാദിത്തപൂര്‍ണമായ നടപടിയാണ് ഏജന്‍സിയില്‍ നിന്നു പ്രതീക്ഷിക്കുന്നത്” -ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് എസ് വി ഭാട്ടി എന്നിവരടങ്ങിയ അവധിക്കാല ബെഞ്ച് വ്യക്തമാക്കി.
അപകടകാരിയാകുമെന്ന് ചിന്തിക്കണമെന്നും ബെഞ്ച് പറഞ്ഞു. നീറ്റ് പരീക്ഷയില്‍ ക്രമക്കേട് നടന്നതായി കഴിഞ്ഞ ദിവസം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ തുറന്നു സമ്മതിച്ചിരുന്നു. സൂപ്രീംകോടതി നിര്‍ദേശ പ്രകാരം 1,563 ഉദ്യോഗാര്‍ഥികള്‍ക്ക് വീണ്ടും പരീക്ഷ നടത്താനുള്ള ഉത്തരവു നല്‍കിയ മന്ത്രി സംഭവിച്ച വീഴ്ച ഗൗരവത്തോടെയാണ് സര്‍ക്കാര്‍ എടുത്തിരിക്കുന്നതെന്ന് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഉറപ്പ് നല്‍കുന്നതായും വ്യക്തമാക്കി.
അതിനിടെ നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ച സ്ഥിരീകരിച്ച് വിദ്യാർഥി. തനിക്ക് ബന്ധു ചോര്‍ത്തി നല്‍കിയ ചോദ്യപേപ്പറും പരീക്ഷയ്ക്ക് ലഭിച്ച ചോദ്യപേപ്പറും ഒന്ന് തന്നെയെന്ന് കേസില്‍ അറസ്റ്റിലായ ബിഹാർ സ്വദേശിയായ പരീക്ഷാര്‍ഥി അനുരാഗ് യാദവ് വെളിപ്പെടുത്തി. ഇരുപത്തിരണ്ടുകാരനായ അനുരാഗ് പോലീസിനു നൽകിയ കുറ്റസമ്മതമൊഴിയിലാണ് വെളിപ്പെടുത്തല്‍.
അമ്മാവനായ സിക്കന്തര്‍ പ്രസാദ് യാദവേന്ദുവാണ് ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കിയതെന്നാണ് അനുരാഗിന്റെ മൊഴി. പരീക്ഷയ്ക്ക് ഉന്നത വിജയം ഉറപ്പാക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും അമ്മാവന്‍ ചെയ്തിരുന്നതായി തന്നെ അറിയിച്ചിരുന്നുവെന്നും അനുരാഗ് യാദവ് മൊഴിയിൽ വ്യക്തമാക്കി. ബിഹാറിലെ പട്‌ന ജില്ലയിലെ ദാനപുര്‍ ടൗണ്‍ കൗണ്‍സിലിലെ എന്‍ജിനീയറായി വിരമിച്ചയാളാണ് സിക്കന്തര്‍ പ്രസാദ് യാദവേന്ദു.
അതേസമയം, പട്‌നയിലെ നീറ്റ് പരീക്ഷ നടത്തിപ്പില്‍ ഉണ്ടായ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ബിഹാര്‍ പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ അന്വേഷണ വിഭാഗത്തോട് കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം റിപ്പോർട്ട് ആവശ്യപ്പെട്ടു. ബിഹാറില്‍ പലയിടങ്ങളിലും പരീക്ഷ നടന്ന മറ്റു കേന്ദ്രങ്ങളിലും പലതരത്തിലുള്ള ക്രമക്കേടുകള്‍ നടന്നതായി നേരത്തെയും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനെതിരെ രാജ്യത്തെമ്പാടും പ്രതിഷേധങ്ങളുയരുകയും ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ഹര്‍ജികളെത്തുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ പുറത്തുവന്നിരിക്കുന്നത്.
രാജ്യത്തെ 4750 കേന്ദ്രങ്ങളിലായി ഏകദേശം 24 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് നീറ്റ് യുജി പരീക്ഷയെഴുതിയത്. ജൂണ്‍ 14നു പുറത്തുവരേണ്ട പരീക്ഷാഫലം ജൂണ്‍ നാലിന് തന്നെ പുറത്തുവിടുകയുണ്ടായി. മൂല്യനിര്‍ണയം സമയത്തിന് മുന്‍പേ പൂര്‍ത്തിയാക്കി എന്നതായിരുന്നു ഇതിനു ദേശീയ ടെസ്റ്റിങ് ഏജന്‍സി (എന്‍ ടി എ) നല്‍കിയ വിശദീകരണം.
നീറ്റ് പരീക്ഷ വിവാദം കത്തിയിരിക്കെ തന്നെയാണ് ദേശീയ ടെസ്റ്റിങ് ഏജന്‍സി നടത്തിയ നെറ്റ് പരീക്ഷ റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഇന്നലെ പുറത്തുവിട്ടത്. ദേശീയതലത്തില്‍ പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ടു തുടരെത്തുടരെയുണ്ടാകുന്ന അപാകതകള്‍ ദേശീയ ടെസ്റ്റിങ് ഏജന്‍സിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല