1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 31, 2024

സ്വന്തം ലേഖകൻ: വിമാനക്കമ്പനിയായ സ്‌പൈസ് ജെറ്റ് ഗുരുതര സാമ്പത്തികപ്രതിസന്ധിയില്‍. പ്രവര്‍ത്തന മൂലധനത്തില്‍ പ്രതിസന്ധി നേരിട്ടതോടെ കമ്പനിയുടെ 150 ക്യാബിന്‍ ക്രൂ ജീവനക്കാരെ ശമ്പളമില്ലാത്ത നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ചു. മൂന്നുമാസത്തേക്കാണ് ഇവരോട് അവധിയില്‍ പോകാന്‍ കമ്പനി നിര്‍ദേശിച്ചിരിക്കുന്നത്. സീസണല്ലാത്തതിനാല്‍ സര്‍വീസുകളുടെ എണ്ണം കുറയ്ക്കുന്നുവെന്നു കാട്ടിയാണ് ഇവരോട് അവധിയില്‍ പോകാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.

നേരത്തെ ഓഹരി വിപണിയിലും വന്‍ ഇടിവ് നേരിട്ടത് കമ്പനിയെ കൂടുതല്‍ പ്രതിരോധത്തിലാക്കിയിരുന്നു. അതിനിടെ, ദുബായ് വിമാനത്താവളത്തില്‍ ഫീസിനത്തിലുള്ള തുക കുടിശ്ശികയായതിനെത്തുടര്‍ന്ന് സ്‌പൈസ് ജെറ്റ് വിമാനങ്ങളില്‍ യാത്രക്കാരെ കയറ്റാനുള്ള അനുമതി നിഷേധിച്ചു. ദുബായില്‍നിന്ന് യാത്രക്കാരില്ലാതെ സ്‌പൈസ് ജെറ്റ് വിമാനങ്ങള്‍ക്ക് കഴിഞ്ഞദിവസം മടങ്ങേണ്ടി വന്നു.

പ്രതിസന്ധി പരിഹരിക്കാന്‍ ഫണ്ട് കണ്ടെത്താനുള്ള നീക്കം കമ്പനി ആരംഭിച്ചിട്ടുണ്ട്. നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശിച്ച ജീവനക്കാരെ പിരിച്ചു വിടില്ലെന്നും പ്രതിസന്ധി മാറുന്നതോടെ ഇവരെ തിരിച്ചുവിളിക്കുമെന്നുമാണ് കമ്പനി നിലപാട്. വിമാനങ്ങള്‍ നിരന്തരം കാന്‍സലാക്കുന്നതിനെ തുടര്‍ന്നും ഫീസുകളില്‍ കുടിശ്ശിക വരുത്തിയതിനെ തുടര്‍ന്നും ഡയറക്ട്രേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ സ്പൈസ് ജെറ്റിനു മേലുള്ള നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. നേരത്തെ 2022 ലും സ്‌പൈസ് ജെറ്റ് ഡി.ജി.സി.എ നിരീക്ഷണത്തിലായിട്ടുണ്ട്. നിലവില്‍ ആകെയുള്ള സര്‍വീസുകളുടെ 42 മാത്രമാണ് സര്‍വീസ് നടത്തുന്നത്.

നിലവില്‍ സ്‌പൈസ് ജെറ്റില്‍ ബുക്ക് ചെയ്ത യാത്രക്കാര്‍ തങ്ങളുടെ യാത്രയ്ക്ക് മുന്നോടിയായി ഈ സര്‍വീസ് ഉണ്ടെന്നുള്ള കാര്യം ഉറപ്പുവരുത്തണം. ബുക്ക് ചെയ്യാന്‍ പ്ലാന്‍ ചെയ്യുന്നവര്‍ തങ്ങള്‍ ഉദ്ദേശിക്കുന്ന സര്‍വീസ് എന്തായാലും ഉണ്ടെന്നുള്ള കാര്യം എയര്‍ലൈനുമായി നേരിട്ട് ബന്ധപ്പെട്ട് ഉറപ്പുവരുത്തുന്നതും നല്ലതാണ്. വിമാനങ്ങള്‍ കൃത്യസമയത്താണെന്ന കാര്യം പരിശോധിക്കാന്‍ ട്രാക്കിങ് വെബ്‌സൈറ്റുകള്‍ ഉപയോഗപ്പെടുത്താം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.