1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 14, 2024

സ്വന്തം ലേഖകൻ: ഔദ്യോഗികമായി പിന്‍വലിച്ച ഒമാന്‍ കറന്‍സികള്‍ 2024 ഡിസംബര്‍ 31നകം ബാങ്കില്‍ കൊണ്ടുപോയി പകരം പുതിയ കറന്‍സികള്‍ സ്വന്തമാക്കണമെന്ന് ഒമാൻ ബാങ്ക് അധികൃതര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഈ വര്‍ഷം അവസാനത്തോടെ നിരോധിക്കപ്പെടാന്‍ പോകുന്ന കറന്‍സികള്‍ സാധുവായ കറന്‍സികള്‍ക്ക് പകരമായി വാങ്ങണമെന്നാണ് നിര്‍ദ്ദേശം.

ചില നോട്ടുകള്‍ പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്‍റെ പശ്ചാത്തലത്തില്‍, ഡിസംബര്‍ 31നോ അതിനു മുമ്പോ തൊട്ടടുത്തുള്ള ബാങ്ക് ബ്രാഞ്ച് സന്ദര്‍ശിച്ചോ അല്ലെങ്കില്‍ ഏതെങ്കിലും സിഡിഎം ലൊക്കേഷനില്‍ നിക്ഷേപിച്ചോ അവ മാറ്റിയെടുക്കണം. ഈ തീയതിക്കു ശേഷം പിന്‍വലിക്കപ്പെടുന്ന നോട്ടുകള്‍ എവിടെയും സ്വീകരിക്കില്ലെന്ന് ഉപഭോക്താക്കള്‍ക്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ചില പ്രത്യേക കറന്‍സികള്‍ പ്രചാരത്തില്‍ നിന്ന് പിന്‍വലിക്കുമെന്നും അവ നിയമപരമായി ഉപയോഗിക്കാനാവില്ലെന്നും സെന്‍ട്രല്‍ ബാങ്ക് ഓഫ് ഒമാന്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു. പണം ഇടപാടുകളുടെ സുരക്ഷ വര്‍ധിപ്പിക്കുകയും കള്ളനോട്ടുകള്‍ തടയുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്. ഡിസംബര്‍ 31 ന് ശേഷം ഈ നോട്ടുകള്‍ക്ക് മൂല്യമുണ്ടാവില്ല. അവയ്ക്കു നിയമപരമായ സാധുത ലഭിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു. കാലാവധി കഴിഞ്ഞ നോട്ടുകള്‍ അതിനു ശേഷം ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്.

ഉപയോഗത്തില്‍ നിന്ന് പിന്‍വലിക്കുന്ന നോട്ടുകളില്‍ 1995ലെ അഞ്ചാം എഡിഷന്‍ കറന്‍സി നോട്ടുകളും ഉള്‍പ്പെടുമെന്ന് അധികൃതര്‍ അറിയിച്ചു. നവീകരിച്ച് ഇറക്കിയ 2000ന്‍റെ ബാങ്ക് നോട്ടുകള്‍, 2005 ല്‍ ഇറക്കിയ ഒരു റിയാല്‍ സ്മാരക ബാങ്ക് നോട്ടുകള്‍, 2010 ലെ 20 റിയാല്‍ സ്മാരക ബാങ്ക് നോട്ട്, 2011, 2012 വര്‍ഷത്തെ പുതുക്കിയ നോട്ടുകള്‍, 2019ലെ ഒരു റിയാല്‍ സ്മാരക ബാങ്ക് നോട്ടും നവീകരിച്ച 50 റിയാല്‍ ബാങ്ക് നോട്ടും ഉള്‍പ്പെടും.

ഒമാനില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ബാങ്കുകളോടും മേല്‍പ്പറഞ്ഞ ബാങ്ക് നോട്ടുകള്‍ സ്വീകരിക്കാനും അവയ്ക്ക് പകരം മേല്‍പ്പറഞ്ഞ കാലയളവില്‍ ആറാമത്തെ ലക്കത്തിന്‍റെ ബാങ്ക് നോട്ടുകള്‍ നല്‍കാനും സെന്‍ട്രല്‍ ബാങ്ക് ഓഫ് ഒമാന്‍ നിര്‍ദ്ദേശിച്ചു. പൊതുജനങ്ങളില്‍ നിന്ന് ഈ നോട്ടുകള്‍ സ്വീകരിച്ച് ഒമാനിലെ സുല്‍ത്താനേറ്റില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കുകളില്‍ നിക്ഷേപിക്കാന്‍ എല്ലാ സ്ഥാപനങ്ങളോടും ചില്ലറ വ്യാപാരികളോടും സിബിഒ നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.