സ്വന്തം ലേഖകൻ: ദശ ലക്ഷക്കണക്കിന് ജീവനുകള്‍ക്കു സംരക്ഷണമേകാനായി, കാന്‍സറിനെയും, ഹൃദ്രോഗത്തെയും നേരിടാന്‍ വാക്സിനുകള്‍ വരുന്നു. ദശകത്തിന്റെ അവസാനത്തോടെ കാന്‍സറിനും, ഹൃദ്രോഗത്തിനും എതിരായ വാക്സിനുകള്‍ തയാറാകുമെന്ന് മോഡേണ ചീഫ് എക്സിക്യൂട്ടീവ് വ്യക്തമാക്കി. എംആര്‍എന്‍എ മേഖലയിലെ മുന്നേറ്റങ്ങളാണ് വാക്സിനുകളുടെ സുവര്‍ണ്ണകാലം ഉറപ്പാക്കുന്നതെന്ന് ഡോ. പോള്‍ ബര്‍ടണ്‍ വ്യക്തമാക്കി.
കമ്പനിയുടെ സുപ്രധാന കോവിഡ് വാക്സിന് ഉപയോഗിച്ച ടെക്നോളജിയാണ് എംആര്‍എന്‍എ. ചികിത്സിച്ച് ഭേദപ്പെടുത്താന്‍ കഴിയാത്ത എല്ലാത്തരം രോഗങ്ങള്‍ക്കും വാക്സിനുകള്‍ 2030-ഓടെ തയാറാകുമെന്നാണ് അദ്ദേഹത്തിന്റെ പ്രവചനം. ഇതുവഴി ലക്ഷക്കണക്കിന് ജീവനുകള്‍ സംരക്ഷിക്കാന്‍ കഴിയുമെന്നും ഡോ. പോള്‍ ബര്‍ടണ്‍ കൂട്ടിച്ചേര്‍ത്തു.
പ്രാഥമിക പഠനങ്ങള്‍ മികച്ച ഫലമാണ് പ്രകടമാക്കുന്നത്. എന്നാല്‍ സാധാരണ വാക്സിനുകളെ അപേക്ഷിച്ച് ഏറെ വ്യക്തിഗതവും, വിലയേറിയതുമായി ഈ വാക്സിനുകള്‍ മാറാന്‍ സാധ്യതയുണ്ട്. ഹൃദ്രോഗവും, ക്യാന്‍സറും മനുഷ്യന്റെ ജീവന് കവരുന്നതില്‍ മുന്നിലുള്ള രോഗങ്ങളാണ്. യുഎസില്‍ 1.3 മില്ല്യണ്‍ പേരാണ് വര്‍ഷത്തില്‍ ഈ രോഗങ്ങള്‍ മൂലം മരിക്കുന്നത്.
വിവിധ തരത്തിലുള്ള ട്യൂമറുകള്‍ക്ക് വ്യക്തിഗതമായ ക്യാന്‍സര്‍ വാക്സിനുകള്‍ തയാറാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഡോ. പോള്‍ വ്യക്തമാക്കി. എംആര്‍എന്‍എ കോവിഡിന് മാത്രമാണെന്ന ധാരണ പുതിയ തെളിവുകള്‍ തിരുത്തിയിട്ടുണ്ട്. എല്ലാത്തരം രോഗങ്ങള്‍ക്കും ഇത് ഉപയോഗിക്കാം, അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല