സ്വന്തം ലേഖകന്‍: കാന്‍സറിന് കാരണമായി; ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ് 470 കോടി ഡോളര്‍ പിഴയിട്ട് അമേരിക്കന്‍ കോടതി. ആസ്‌ബെറ്റോസ് കലര്‍ന്ന ടാല്‍ക്കം പൗഡര്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് 22 സ്ത്രീകള്‍ക്ക് കാന്‍സര്‍ ബാധിച്ച കേസിലാണ് കോടതിയുടെ വിധി. വ്യാഴാഴ്ചയാണ് കോടതി വിധി പുറപ്പെടുവിച്ചത്. ആറാഴ്ച നീണ്ടു നിന്ന വിചാരണക്ക് ശേഷമാണ് കോടതി പിഴ വിധിച്ചത്.
വ്യക്തി ശുചിത്വത്തിന് ഉപയോഗിച്ച കമ്പനിയുടെ ടാല്‍ക്കം പൗഡറാണ് കാന്‍സറിന് കാരണമായതെന്ന് പരാതിക്കാര്‍ വ്യക്തമാക്കി. കഴിഞ്ഞ 40 വര്‍ഷമായി തങ്ങളുടെ ഉല്‍പ്പന്നങ്ങളിലെ ആസ്‌ബെറ്റോസിന്റെ സാന്നിദ്ധ്യം മറച്ചുവെക്കുകയായിരുന്നെന്ന് പരാതിക്കാരുടെ അഭിഭാഷകന്‍ മാര്‍ക്ക് ലാനിയര്‍ വ്യക്തമാക്കി.
ഈ വിധി തങ്ങളുടെ ഉല്‍പ്പന്നങ്ങളിലെ ആസ്ബറ്റോസ് അണ്ഡാശയ ക്യാന്‍സറിന് കാരണമാകുമെന്ന മുന്നറിയിപ്പ് പൊതുജനങ്ങള്‍ക്ക് നല്‍കാന്‍ കമ്പനിയെ പ്രേരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ലാനിയര്‍ കൂട്ടിച്ചേര്‍ത്തു. വിധി നിരാശാജനകമാണെന്ന് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനി പ്രതികരിച്ചു. തങ്ങളുടെ ഉല്‍പ്പന്നങ്ങളില്‍ ആസ്‌ബെറ്റോസിന്റെ സാന്നിദ്ധ്യം ഉണ്ടെന്ന കാര്യം ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ നിഷേധിച്ചു.
വിവിധ പരിശോധനകളില്‍ പൗഡറില്‍ ആസ്ബറ്റോസിന്റെ സാന്നധ്യം കണ്ടെത്താനായില്ലെന്നതും കമ്പനി വിശദീകരിച്ചു. മാത്രമല്ല ആസ്ബറ്റോസ് കാന്‍സറിന് കാരണമാകുമെന്നുമുള്ള കാര്യം തെറ്റാണെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു. നേരത്തെയും സമാനമായ കേസുകളില്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ് കോടതി ഭീമന്‍ പിഴകള്‍ ചുമത്തിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല