ക്യാന്‍സര്‍ സേവനങ്ങള്‍ കൂടുതല്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് വേഗത നഷ്ടപ്പെട്ടെന്ന് എംപിമാരുടെ ആരോപണം. കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ക്കിടയിലാണ് ഇത്തരം ഒരു പ്രവണ പല ഭാഗങ്ങളില്‍നിന്നായി കണ്ടു വരുന്നത്. ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ എന്‍എച്ച്എസിനാകണമെന്നും എംപിമാരുടെ സംഘം തയാറാക്കിയ റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നു.
എന്‍എച്ച്എസ് സേവനങ്ങള്‍ക്കായി ആളുകള്‍ കാത്തിരിക്കുകയാണ്. ഈ വെയ്റ്റിംഗ് ടൈം കുറയ്ക്കാന്‍ ഇതുവരെ ട്രസ്റ്റിന് സാധിച്ചിട്ടില്ല. ക്യാന്‍സര്‍ രോഗത്തെ അതിജീവിക്കുന്നവരുടെ എണ്ണത്തില്‍ യുകെയില്‍ വര്‍ദ്ധനവുണ്ടാകുന്നുണ്ടെങ്കിലും മറ്റുള്ള യൂറോപ്യന്‍ രാജ്യങ്ങളുമായി നോക്കുമ്പോള്‍ രാജ്യത്തിന്റെ നേട്ടം പരിമിതമാണ്.
അഞ്ച് വര്‍ഷ കര്‍മ്മപദ്ധതി തയാറാക്കി അതിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ഇതേക്കുറിച്ച് എന്‍എച്ച്എസ് ഇംഗ്ലണ്ടിന് പറയാനുള്ള മറുപടി. ക്യാന്‍സര്‍ ചാരിറ്റി സംഘടനകളും, ഈ മേഖലയില്‍നിന്നുള്ള വിദഗ്ധരും സ്ഥിരമായി ഇതേക്കുറിച്ച് പഠനങ്ങള്‍ നടത്തുന്നുണ്ടായിരുന്നു. ഈ പഠനങ്ങളുടെയും റിപ്പോര്‍ട്ടുകളുടെയും വെളിച്ചത്തിലാണ് എംപിമാരുടെ സംഘം റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. ക്യാന്‍സര്‍ സര്‍വീസില്‍ എന്ത് നേട്ടമാണ് എന്‍എച്ച്എസ് കൈവരിച്ചിരിക്കുന്നത് എന്നായിരുന്നു പഠനവിഷയം.
മാര്‍ഗററ്റ് ഹോഡ്ജായിരുന്നു കമ്മറ്റിയുടെ അധ്യക്ഷസ്ഥാനത്ത്. മൂന്നില്‍ ഒരാള്‍ക്ക് ക്യാന്‍സര്‍ രോഗമുണ്ടാകുന്ന സമയത്താണ് നമ്മള്‍ ജീവിക്കുന്നത്. അതിനര്‍ത്ഥം ക്യാന്‍സര്‍ ഏതെങ്കിലുമൊരു അവസരത്തില്‍ നമ്മുടെ ജീവിതത്തെയും ബാധിക്കുമെന്നാണ്. ക്യാന്‍സര്‍ സേവനങ്ങള്‍ക്കായി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് പ്രതിവര്‍ഷം ചെലവഴിക്കുന്നത് 6.7 ബില്യണ്‍ പൗണ്ടാണ്. ഇത്രയും ഭീമമായ തുക ചെലവഴിച്ചിട്ടം ക്യാന്‍സര്‍ സേവനങ്ങളുടെ ഗുണമേന്മ ഉറപ്പു വരുത്താന്‍ സാധിക്കാത്തതാണ് ആശങ്കപ്പെടുത്തുന്നതെന്നും അവര്‍ പറഞ്ഞു.
കൂടുതല്‍ കൂടുതല്‍ ആളുകള്‍ക്ക് ക്യാന്‍സര്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണ് എന്നാല്‍ അവരെ പിന്തുണയ്‌ക്കേണ്ട സംവിധാനങ്ങള്‍ ശുഷ്‌ക്കിച്ചു വരികയുമാണെന്നും അവര്‍ പറഞ്ഞു.
വിദഗ്ധ ചികിത്സയ്ക്കായി ജിപി ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നവരില്‍ 85 ശതമാനം പേര്‍ക്കും 62 ദിവസത്തിനകം ചികിത്സ നല്‍കണമെന്ന എന്‍എച്ച്എസ് ടാര്‍ഗറ്റ് നേടിയെടുക്കാന്‍ 2014ലെ ആദ്യ മൂന്ന് ക്വാര്‍ട്ടറുകളിലും സാധിച്ചിട്ടില്ല. അതിന്റെ ഫലമായി 5,500ല്‍ അധികം രോഗികളാണ് ചികിത്സയ്ക്കായി 62 ദിവസത്തില്‍ അധികം കാത്തിരിക്കേണ്ടി വന്നത്. ക്യാന്‍സര്‍ കണ്ടെത്തി ഒരു വര്‍ഷത്തിനകം മൂന്നില്‍ ഒരാള്‍ മരിക്കുന്നത് യുകെയ്ക്ക് നല്ലതല്ലെന്ന് എംപിമാരുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. പകുതിയിലേറെ ആളുകളും 5 വര്‍ഷത്തില്‍ കൂടുതല്‍ ജീവിച്ചിരിക്കില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല