1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 28, 2024

സ്വന്തം ലേഖകൻ: കാൻസറിന്റെ തിരിച്ചുവരവ് തടയുന്ന മരുന്ന് വികസിപ്പിച്ചെടുത്തതായി അവകാശപ്പെട്ട് രാജ്യത്തെ പ്രമുഖ കാൻസർ ​ഗവേഷക ചികിത്സാ കേന്ദ്രമായ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട്. നിലവിലെ സാഹചര്യത്തിൽ കാൻസർ ചികിത്സയ്ക്കായി ലക്ഷങ്ങളും കോടികളും ചെലവു വരുമ്പോള്‍ വെറും 100 രൂപയ്ക്ക് ഈ ഗുളിക ലഭ്യമാക്കാനാവുമെന്ന് ടാറ്റാ മെമോറിയല്‍ ആശുപത്രിയിലെ സീനിയര്‍ കാന്‍സര്‍ സര്‍ജന്‍ ഡോ. രാജേന്ദ്ര ബദ് വേ അഭിപ്രായപ്പെട്ടു. കാൻസർ ചികിത്സാരം​ഗത്ത് വലിയൊരു മുന്നേറ്റമാണ് ഇതിലൂടെ നേടിയെടുത്തതെന്നാണ് ഗവേഷകർ അവകാശപ്പെടുന്നത്.

ഡോ രാജേന്ദ്ര ബദ് വേ ആണ് ഗവേഷക സംഘത്തിന് നേതൃത്വം നല്‍കിയത്. പത്ത് വർഷത്തെ ​ഗവേഷണത്തിനൊടുവിലാണ് കാൻസർ തിരിച്ചുവരവിനെ പ്രതിരോധിക്കാനുള്ള ​ഗുളിക കണ്ടെത്തിയതെന്നും ഇവ റേഡിയേഷൻ, കീമോതെറാപ്പി പോലുള്ള ചികിത്സാരീതികളുടെ പാര്‍ശ്വഫലങ്ങളെ അമ്പതു ശതമാനം വരെ കുറയ്ക്കുമെന്നും ഗവേഷകരും ഡോക്ടര്‍മാരും പറയുന്നു.

ഗവേഷണത്തിനായി മനുഷ്യരിലെ അര്‍ബുദ കോശങ്ങള്‍ എലികളില്‍ കുത്തിവയ്ക്കുകയും ഇതിലൂടെ എലികളില്‍ ട്യൂമര്‍ വളര്‍ത്തുകയും ചെയ്തു. ശേഷം ഈ എലികളെ റേഡിയേഷന്‍ തെറാപ്പിക്കും കീമോതെറാപ്പിക്കും ശസ്ത്രക്രിയയ്ക്കും വിധേയമാക്കി. കാൻസർ കോശങ്ങൾ നശിക്കുമ്പോൾ അവ ക്രൊമാറ്റിൻ കണികകൾ എന്നറിയപ്പെടുന്ന ചെറിയ കണികകളായി വിഘടിക്കുന്നതായും ഇവ ശരീരത്തിന്റെ മറ്റുഭാഗങ്ങളിലേക്ക് എത്തുന്നതായും കണ്ടെത്തി.

ഇവ ആരോഗ്യമുള്ള കോശങ്ങളിലെത്തിച്ചേർന്ന്അവയെ കാൻസറസാക്കുമെന്ന് ഗവേഷണത്തില്‍ ബോധ്യമായാതായി ഡോ രാജേന്ദ്ര ബദ് വേ ദേശിയ മാധ്യമമായ ‘എൻഡിടിവി’യ്ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതിനായി ഡോക്ടര്‍മാര്‍ റെസവിറേട്രോൾ, കോപ്പർ എന്നിവയ്‌ക്കൊപ്പം പ്രോ-ഓക്സിഡന്റ് ടാബ്ലറ്റുകൾ (R+Cu) വികസിപ്പിച്ച് എലികള്‍ക്കു നല്‍കി.

വായിലൂടെ ഈ ടാബ്ലറ്റുകൾ കഴിച്ചാല്‍ വയറ്റില്‍ ഓക്‌സിജന്‍ റാഡിക്കല്‍സ് ഉണ്ടാവുകയും ഉടന്‍തന്നെ രക്തത്തില്‍ പ്രവേശിക്കുകയും ചെയ്യും. ഓക്‌സിജന്‍ റാഡിക്കലുകള്‍ ക്രോമാറ്റിന്‍ പാര്‍ട്ടിക്കിള്‍സിനെ നശിപ്പിച്ച് അര്‍ബുദ കോശങ്ങള്‍ ശരീരത്തിന്റെ മറ്റുഭാഗങ്ങളിലേക്ക് വ്യാപിക്കുന്നത് തടയും. ‘R+Cuവിന്റെ മാജിക്ക്’ അഥവാ ‘Magic of R+Cu’ എന്നാണ് ​ഗവേഷകർ ഈ ചികിത്സാരീതിയെ വിശേഷിപ്പിക്കുന്നത്

കാൻസർ ചികിത്സാരീതിയിലൂടെ ഉണ്ടാവുന്ന പാര്‍ശ്വഫലങ്ങളെ ഈ ഗുളിക അമ്പത് ശതമാനം വരെ കുറയ്ക്കുമെന്നും രോഗം രണ്ടാമത് വരുന്നതിനെ 30 ശതമാനം വരെ പ്രതിരോധിക്കുമെന്നും ​ഗവേഷകർ അഭിപ്രായപ്പെടുന്നുണ്ട്. കൂടാതെ പാൻക്രിയാസ്, ശ്വാസകോശം, വായ തുടങ്ങിയവയെ ബാധിക്കുന്ന കാൻസറുകൾക്ക് ഈ മരുന്ന് ഫലപ്രദമാണെന്നും ഗവേഷകര്‍ അവകാശപ്പെടുന്നു. ഗുളിക ഭക്ഷ്യ സുരക്ഷ, നിലവാര അതോറിറ്റിയുടെ (എഫ്എസ്എസ്എഐ) അനുമതിക്കു വേണ്ടി കാത്തിരിക്കുകയാണെന്നും അനുമതി ലഭിക്കുന്നതോടെ ജൂൺ-ജൂലൈ മുതൽ വിപണിയിലെത്തുമെന്നും ഡോ രാജേന്ദ്ര ബദ് വേ പറഞ്ഞു.

മനുഷ്യരിലും എലികളിലും മരുന്നിന്റെ പാർശ്വഫലങ്ങൾ പരീക്ഷിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ രോഗ പ്രതിരോധ പരിശോധന എലികളില്‍ മാത്രമാണ് നടത്തിയതെന്നു വ്യക്തമാക്കിയ ഡോ രാജേന്ദ്ര ബദ് വേ മനുഷ്യരിലെ പരീക്ഷണത്തിന് അഞ്ചുവര്‍ഷം വരെ എടുത്തേക്കാമെന്നും കൂട്ടിച്ചേര്‍ത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.