ക്യാന്‍സര്‍ ചികിത്സയുടെ ഭാഗമായി എന്‍എച്ച്എസ് നല്കി വരുന്ന ഫണ്ടില്‍ കുറവ് വരുത്തുന്നു. ഇതിന്റെ ഭാഗമായി സൗജന്യമായി രോഗികള്‍ക്ക് നല്കി വരുന്ന മരുന്നുകളുടെ എണ്ണത്തില്‍ എന്‍എച്ച്എസ് കുറവ് വരുത്തുമെന്ന് സ്കൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുമായി എന്‍എച്ച്എസ് ഏര്‍പ്പെട്ടിരിക്കുന്ന കരാറിന്റെ അടിസ്ഥാനത്തിലാണ് 36 ഓളം കമ്പനികളുടെ മരുന്നുകളെ ക്യാന്‍സര്‍ ചികിത്സയുടെ ഭാഗമാക്കി വില കുറച്ചോ സൗജന്യമായോ നല്കി കൊണ്ടിരുന്നത്. എന്നാല്‍, ഇപ്പോള്‍ എന്‍എച്ച്എസ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുടെ യോഗം വിളിച്ചിട്ടുണ്ടെന്നാണ് അറിയാന്‍ സാധിക്കുന്നത്. ഈ യോഗത്തില്‍ ഏതൊക്കെ കമ്പനികള്‍ ഇനി ക്യാന്‍സര്‍ ചികിത്സാ പദ്ധതിയുടെ ഭാഗമായിരിക്കുമെന്ന തീരുമാനം കൈക്കൊള്ളും.
എന്നാല്‍, ചെലവ് ചുരുക്കലിന്റെ ഭാഗമായിട്ടല്ല കമ്പനികളില്‍ ചിലതിനെ ഒഴിവാക്കാന്‍ ശ്രമിക്കുന്നതെന്ന് എന്‍എച്ച്എസ് വക്താവ് സ്കൈന്യൂസിനോട് പ്രതികരിച്ചു. ക്യാന്‍സര്‍ ചികിത്സയുടെ ഭാഗമായുള്ള പദ്ധതിയില്‍ മികച്ച കമ്പനികളെ മാത്രം ഉള്‍പ്പെടുത്തുന്നതിനാണ് ചില കമ്പനികളെ ഒഴിവാക്കുന്നത്. അതിന് ചെലവ് ചുരുക്കലുമായോ ഫണ്ട് വെട്ടിക്കുറയ്ക്കലുമായോ യാതൊരു ബന്ധവുമില്ലെന്നും വക്താവ് പറഞ്ഞു.
കഴിഞ്ഞ ജനുവരില്‍ 20 ഓളം ചികിത്സകള്‍ക്ക് എന്‍എച്ച്എസ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഏകദേശം 100 മില്യണ്‍ പൗണ്ട് എന്‍എച്ച്എസിന്റെ ചെലവ് ചുരുക്കുന്ന നടപടിയായിരുന്നു അത്. ഇപ്പോഴത്തെ നടപടി അതിന്റെ ചുവട് പിടിച്ചുള്ളവയാണെന്ന് സംശയിക്കപ്പെടുന്നുണ്ട്.
ക്യാന്‍സര്‍ ചികിത്സയില്‍ ഇനിയും നിയന്ത്രണങ്ങളും ചെലവ് ചുരുക്കലുകളും കൊണ്ടു വരുന്നത് രാജ്യത്തിന്റെ പൊതു ആരോഗ്യത്തിന് തന്നെ തിരിച്ചടിയാകുമെന്ന് സന്നദ്ധ സംഘടനകളും ആക്ടിവിസ്റ്റുകളും ആരോപിക്കുന്നുണ്ട്.
2010ല്‍ ക്യാന്‍സര്‍ ചികിത്സയ്ക്കുള്ള ഫണ്ട് എന്‍എച്ച്എസ് നല്കി തുടങ്ങിയത് മുതല്‍ 76,000 ത്തോളം രോഗികള്‍ക്ക് ജീവിതംനീട്ടികിട്ടിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല