
സ്വന്തം ലേഖകൻ: വിനോദത്തിനായുള്ള കഞ്ചാവ് ഉപയോഗം നിയമപരമാക്കാൻ മുൻ അമേരിക്കൻ പ്രസിഡന്റും ഡോണൾഡ് ട്രംപ്. തനിക്ക് വോട്ടുള്ള, ഫ്ളോറിഡയിലാണ് പുതിയ നിയമനിർമാണത്തിന് പിന്തുണയുമായി ട്രംപ് രംഗത്തെത്തിയത്. ആളുകൾക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും മുതിർന്നവർക്കായി വ്യക്തിഗത അളവിൽ കഞ്ചാവ് നിയമവിധേയമാക്കുമെന്ന് ശനിയാഴ്ചയാണ് സമൂഹമാധ്യമമായ ട്രൂത്തിലൂടെ ട്രംപ് പ്രഖ്യാപിച്ചത്.
വൈദ്യോപയോഗങ്ങൾക്കോ വിനോദത്തിനോ ആയി കഞ്ചാവ് ഉപയോഗിക്കാനുള്ള അനുമതി മിക്ക അമേരിക്കൻ സംസ്ഥാനങ്ങളിലുമുണ്ട്. അങ്ങനെയിരിക്കെ ഫ്ലോറിഡയിൽ മാത്രം എന്തുകൊണ്ട് കഞ്ചാവ് നിയമവിരുദ്ധമാകുന്നുവെന്നാണ് റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ ട്രംപിന്റെ ചോദ്യം. ചെറിയ തോതിൽ കഞ്ചാവ് കൈവശം വച്ചുവെന്ന പേരിൽ ഫ്ലോറിഡയിലുള്ള ഒരാളെ ക്രിമിനലാക്കി ജീവിതം നശിപ്പിക്കേണ്ടതില്ലെന്നും ട്രംപ് പറഞ്ഞു.
21 വയസിന് മുകളിൽ പ്രായമുള്ളവർക്ക് ഒരു നിശ്ചിത തോതിൽ കഞ്ചാവ് കൈവശം വയ്ക്കാൻ അനുവദിക്കുകയാണ് ലക്ഷ്യം. കഞ്ചാവ് നിയമപരമാക്കാനുള്ള മൂന്നാം ഭേദഗതി നവംബറിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഒപ്പമാകും നടക്കുക. 60 ശതമാനത്തിലധികം പേർ ഈ ഭേദഗതിയെ പിന്തുണച്ചാൽ മാത്രമേ നിയമം പ്രാബല്യത്തിയിൽ വരികയുള്ളു. നിർദ്ദിഷ്ട ഭേദഗതി പ്രകാരം, വ്യക്തിഗത ഉപയോഗങ്ങൾക്കായി മൂന്ന് ഔൺസ് കഞ്ചാവ് വരെയാകും ഒരാൾക്ക് കൈവശം വയ്ക്കാനാകുക. എന്നാൽ കഞ്ചാവ് നട്ടുവളർത്തുന്നത് കുറ്റമായി തുടരുകയും ചെയ്യും.
അതേസമയം, ഫ്ലോറിഡ ഗവർണറും റിപ്പബ്ലിക്കൻ നേതാവുമായ റോൺ ഡി സാന്റസ് ട്രംപിന്റെ നിലപാടിനോട് വിയോജിപ്പുള്ളയാളാണ്. പുതിയ ഭേദഗതി മോശം നയമാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അമേരിക്കയിലെ 24 സംസ്ഥാനങ്ങളിൽ വിനോദത്തിനും 14 സംസ്ഥാനങ്ങൾ വൈദ്യ ആവശ്യങ്ങൾക്കും കഞ്ചാവ് ഉപയോഗിക്കുന്നത് നിയമപരമാക്കിയിട്ടുണ്ട്.
ഡെമോക്രാറ്റ് സ്ഥാനാർത്ഥിയും വൈസ് പ്രസിഡന്റുമായ കമല ഹാരിസ് മിക്ക സംസ്ഥാനങ്ങളിലും മുന്നിലാണെന്ന് പ്രവചിക്കുന്ന സർവേകൾ പുറത്തുവരുന്ന പശ്ചാത്തലത്തിലാണ് ട്രംപിന്റെ പുതിയ നീക്കം. നവംബർ അഞ്ചിന് നടക്കാനിരിക്കുന്ന വോട്ടെടുപ്പിൽ, പ്രസിഡന്റ് ജോ ബൈഡന് പകരം സ്ഥാനാർത്ഥിത്വത്തിലേക്ക് എത്തിയ കമല ഹാരിസ്, ട്രംപിനെക്കാൾ ലീഡ് ചെയ്യുന്നുവെന്നാണ് റോയിട്ടേഴ്‌സ്\ ഇപ്‌സോസ് സർവേ ചൂണ്ടിക്കാട്ടുന്നത്. 45%-41% എന്ന നിലയിലാണ് കമലയുടെ മുൻതൂക്കമെന്നും ഓഗസ്റ്റ് 26 ലെ സർവേ പറയുന്നു. രജിസ്റ്റർ ചെയ്ത വോട്ടർമാർക്കിടയിലായിരുന്നു സർവേ നടത്തിയിരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല