ക്യാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഇത്തവണ റെഡ് കാര്‍പ്പറ്റ് സെല്‍ഫികളുടെ എണ്ണം കുറയ്ക്കണമെന്ന് ഫെസ്റ്റിവല്‍ ഡയറക്ടര്‍ തിയേറി ഫ്രിമൊക്‌സ്. ‘സെല്‍ഫിയെ നിരോധിക്കണമെന്ന് അല്ല ഞാന്‍ പറയുന്നത്. മറിച്ച് സെല്‍ഫിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാണ്. സെല്‍ഫികള്‍ നടപടികളെ വൈകിപ്പിക്കുന്നുണ്ട്. തന്നെയുമല്ല സെല്‍ഫികള്‍ അപഹാസ്യവും വിചിത്രവുമാണ്’ – ഫ്രിമൊക്‌സ് പറഞ്ഞു.
സെല്‍ഫിയില്‍ കാണുന്നത്ര വൃത്തിക്കേട് നിങ്ങളുടെ മറ്റൊരു ഫോട്ടോയിലും കാണാന്‍ കഴിയില്ലെന്നും തന്റെ വാദഗതിക്ക് കരുത്തു പകരുന്നതിനായി ഫ്രിമൊക്‌സ് പറഞ്ഞു.
അടുത്ത മാസമാണ് 11 ദിവസം നീണ്ടു നില്‍ക്കുന്ന ക്യാന്‍ ഫെസ്റ്റിവല്‍ ആരംഭിക്കുന്നത്. ഫ്രാന്‍സിലാണ് ഫെസ്റ്റിവല്‍ നടക്കുന്നത്. ഇന്‍സൈഡ് ഔട്ട്, മാഡ് മാക്‌സ് – ഫ്യൂറി റോഡ്, ഇര്‍റാഷ്ണല്‍ മാന്‍, ക്യാരള്‍ തുടങ്ങിയ സിനിമകള്‍ ഇത്തവണ ക്യാനില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.
റെഡ് കാര്‍പ്പറ്റില്‍ എത്തുന്ന സെലബ്രിറ്റികള്‍ക്കൊപ്പം സെല്‍ഫി എടുക്കുന്നതിനായി ആരാധകരുടെ വലിയ തിരക്ക് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് മുന്നില്‍ കണ്ടാണ് ഫെസ്റ്റിവല്‍ ഡയറക്ടറുടെ നീക്കം. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായാണ് ആരാധകര്‍ തങ്ങളുടെ താരങ്ങള്‍ക്കൊപ്പം സെല്‍ഫി എടുക്കാനുള്ള ആഗ്രഹങ്ങള്‍ പ്രകടിപ്പിച്ചു തുടങ്ങിയത്. മുന്‍കാലങ്ങളില്‍ ഓട്ടോഗ്രാഫായിരുന്നതാണ് ഇപ്പോള്‍ സെല്‍ഫിയായി രൂപാന്തരപ്പെട്ടിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല