സ്വന്തം ലേഖകൻ: കഴിഞ്ഞ 60 വര്‍ഷത്തിനിടെ ആദ്യമായി ജിപിമാര്‍ നടത്താന്‍ ഒരുങ്ങുന്ന പ്രതിഷേധ നടപടികള്‍ എന്‍എച്ച്എസ് നിശ്ചലാവസ്ഥയിലാക്കുമെന്ന് മുന്നറിയിപ്പ്. ഇംഗ്ലണ്ടിലെ ജിപി സേവനങ്ങള്‍ സംബന്ധിച്ചുള്ള പുതിയ കരാര്‍ സംബന്ധിച്ച തര്‍ക്കത്തിലാണ് ഫാമിലി ഡോക്ടര്‍മാര്‍ ബാലറ്റിംഗ് നടത്തുന്നത്.
ദിവസേന കാണുന്ന രോഗികളുടെ എണ്ണം 25 ആയി കുറയ്ക്കാനാണ് ജിപിമാര്‍ ആലോചിക്കുന്നത്. കൂടാതെ ഔദ്യോഗിക കരാറിന് പുറത്തുള്ള ജോലികള്‍ ചെയ്യുന്നത് നിര്‍ത്തുകയും ചെയ്യും.
‘ഞങ്ങള്‍ സമരത്തിന് തയ്യാറെടുക്കുന്നില്ല. ഇതൊരു പ്രതിഷേധമാണ്. ഇതിന്റെ ലക്ഷ്യം രോഗികളല്ല, എന്‍എച്ച്എസ് ഇംഗ്ലണ്ടും, ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റുമാണ് ലക്ഷ്യം. ഇത് എന്‍എച്ച്എസിനെ അതിവേഗം സ്തംഭിപ്പിക്കും. എന്‍എച്ച്എസ് അഡ്മിന്‍, പോളിസിമേക്കേഴ്‌സ് എന്നിവരുടെയെല്ലാം തീരുമാനങ്ങള്‍ രോഗികളെ സഹായിക്കുന്നതല്ല’, ബിഎംഎ ജിപി കമ്മിറ്റി ചെയര്‍ ഡോ. കാറ്റി ബ്രാമാള്‍ സ്‌റ്റെയിനര്‍ പറഞ്ഞു.
ബാലറ്റ് അവസാനിക്കാന്‍ ഇരിക്കവെ ജിപിമാര്‍ പ്രതിഷേധത്തിന് അനുകൂല നിലപാട് സ്വീകരിക്കുമെന്ന് തന്നെയാണ് കരുതുന്നത്. ഇത് നടപ്പായാല്‍ ആഗസ്റ്റ് 1 മുതല്‍ രോഗികളുടെ എണ്ണം കുറയ്ക്കും 2024/25 വര്‍ഷത്തേക്ക് അനുദിച്ച 1.9% ഫണ്ടിംഗ് വര്‍ദ്ധന പര്യാപ്തമല്ലെന്നാണ് ബിഎംഎ വാദം.
തിങ്കളാഴ്ച വരെയാണ് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷനിലെ ജിപി പാര്‍ട്ട്നേഴ്‌സിന്റെ ബാലറ്റ് നടക്കുന്നത്. പ്രഖ്യാപിച്ച നയങ്ങള്‍ക്ക് ജിപിമാര്‍ അനുകൂലമായ നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എങ്കിലും സമരങ്ങളിലേക്ക് പോകാതെ രോഗികളുടെ എണ്ണം കുറച്ച് തിരിച്ചടി നല്‍കുകയാണ് ലക്ഷ്യം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല