സ്വന്തം ലേഖകൻ: തമിഴ്‌നാട്ടില്‍ മലയാളികളായ കാര്‍ യാത്രക്കാര്‍ക്ക് നേരേ ആക്രമണം. കൊച്ചി-സേലം ദേശീയപാതയില്‍ കോയമ്പത്തൂരിനടുത്താണ് എറണാകുളം പട്ടിമറ്റം സ്വദേശികളായ യുവാക്കള്‍ക്കുനേരേ ആക്രമണമുണ്ടായത്. മൂന്ന് കാറുകളിലായെത്തിയ അക്രമിസംഘം യുവാക്കള്‍ സഞ്ചരിച്ചിരുന്ന കാര്‍ അടിച്ചുതകര്‍ത്തു. ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു സംഭവം. ഇതിന്റെ വീഡിയോദൃശ്യങ്ങളും യുവാക്കള്‍ പുറത്തുവിട്ടിട്ടുണ്ട്.
നാട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് പട്ടിമറ്റം സ്വദേശികളായ നാലുപേര്‍ സഞ്ചരിച്ച വാഹനത്തിന് നേരേ ആക്രമണമുണ്ടായത്. മൂന്ന് കാറുകളിലായി മുഖംമറച്ചെത്തിയ അക്രമിസംഘം വാഹനം തടഞ്ഞുനിര്‍ത്തി ആയുധങ്ങളുമായി ഭീഷണിപ്പെടുത്തുകയും വാഹനം അടിച്ചുതകര്‍ക്കുകയുമായിരുന്നു. ഇതോടെ യുവാക്കള്‍ പെട്ടെന്ന് കാര്‍ മുന്നോട്ടെടുത്താണ് രക്ഷപ്പെട്ടത്. തുടര്‍ന്ന് മീറ്ററുകള്‍ക്ക് അകലെയുണ്ടായിരുന്ന തമിഴ്‌നാട് പോലീസ് സംഘത്തെ വിവരമറിയിക്കുകയുംചെയ്തു. അതേസമയം, സംഭവത്തെക്കുറിച്ച് നാട്ടിലെ പോലീസ് സ്‌റ്റേഷനില്‍ വിവരമറിയിക്കാന്‍ പോയപ്പോള്‍ മോശം സമീപനമാണുണ്ടായതെന്നും യുവാക്കള്‍ പറയുന്നു.
കേരള രജിസ്‌ട്രേഷനിലുള്ള വെളുത്തനിറത്തിലുള്ള ഇന്നോവ കാര്‍ ആദ്യം തങ്ങളുടെ കാറിന്റെ ഡോറിലുരച്ചു. ഇതോടെ വാഹനം ഇടതുവശത്തേക്ക് ചേര്‍ത്തെങ്കിലും ഇന്നോവ മുന്നിലേക്ക് നിര്‍ത്തി വട്ടംവെച്ചു. ഈ സമയം പിന്നില്‍ മറ്റൊരു കാറിലെത്തിയവര്‍ തങ്ങളുടെ കാറിന്റെ പിന്നില്‍ അടിക്കാന്‍ തുടങ്ങിയിരുന്നു. ഇതോടെ ഒപ്പമുണ്ടായിരുന്നവര്‍ ഭയന്ന് കരയാന്‍ തുടങ്ങി. ഈ സമയം തന്നെ ഇന്നോവ കാറില്‍നിന്ന് മുഖംമറച്ച് പുറത്തിറങ്ങിയവര്‍ ആയുധങ്ങളുമായി വാഹനം അടിച്ചുതകര്‍ത്തു. ഇതോടെ പെട്ടെന്ന് തന്നെ കാര്‍ പിറകോട്ടെടുത്തു. തുടര്‍ന്ന് ഇന്നോവയുടെ തുറന്നുവെച്ചിരുന്ന ഡോറുകള്‍ ഇടിച്ചുതെറിപ്പിച്ച് മുന്നോട്ടുപോവുകയായിരുന്നുവെന്നും കാര്‍ ഓടിച്ച പട്ടിമറ്റം സ്വദേശി പറഞ്ഞു.
300 മീറ്ററോളം മുന്നോട്ടുപോയപ്പോള്‍ ടോള്‍ബൂത്തിനരികെ രണ്ട് പോലീസുകാരുണ്ടായിരുന്നു. വാഹനം നിര്‍ത്തി ഇവരോട് വിവരം പറഞ്ഞു. വാഹനത്തിലെ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളും കൈമാറി. ഇന്നോവയുടെ നമ്പര്‍ കേരള രജിസ്‌ട്രേഷനാണെന്ന് വ്യക്തമായിരുന്നു. തുടര്‍ന്ന് തമിഴ്‌നാട് പോലീസ് തങ്ങളുടെ മൊഴിയെടുത്ത് കേസെടുത്തു.
പിന്നീട് നാട്ടിലെത്തിയപ്പോള്‍ ഇവിടത്തെ പോലീസ് സ്‌റ്റേഷനിലും വിവരം അറിയിക്കാമെന്ന് കരുതി. അക്രമിസംഘം സഞ്ചരിച്ചത് കേരള രജിസ്‌ട്രേഷന്‍ വാഹനത്തിലായതിനാലാണ് വിവരം അറിയിക്കാമെന്ന് വിചാരിച്ചത്. എന്നാല്‍, ഇവിടെ പോലീസ് സ്‌റ്റേഷനില്‍ പോയപ്പോള്‍ മോശം സമീപനമായിരുന്നു. തമിഴ്‌നാട്ടിലാണോ സംഭവമെന്ന് പറഞ്ഞ് പോലീസുകാര്‍ ആദ്യമേ ഒഴിഞ്ഞുമാറി. ദൃശ്യങ്ങള്‍ കൈവശമുണ്ടെന്ന് പറഞ്ഞപ്പോള്‍ വീഡിയോ കണ്ടിട്ട് ഞങ്ങള്‍ എന്തുചെയ്യാനാണെന്നായിരുന്നു പോലീസുകാര്‍ പറഞ്ഞതെന്നും യുവാക്കള്‍ പ്രതികരിച്ചു.
അതേസമയം, സംഭവത്തില്‍ കോയമ്പത്തൂര്‍ മധുക്കര പോലീസ് നാല് പ്രതികളെ പിടികൂടിയിട്ടുണ്ടെന്നും ഇവര്‍ പാലക്കാട് സ്വദേശികളാണെന്നും യുവാക്കള്‍ പറഞ്ഞു. യാത്രയ്ക്കിടെ ഇവരുമായി തര്‍ക്കങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും ഇവരെ മുന്‍പരിചയമില്ലെന്നും യുവാക്കള്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല