സ്വന്തം ലേഖകന്‍: സൗദി അറേബ്യയിലെ ദമാമില്‍ ഷിയാ പള്ളിക്ക് സമീപമുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. ഇമാം ഹുസൈന്‍ പള്ളിക്കു മുന്നില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുന്ന സ്ഥലത്താണ് സ്‌ഫോടനം ഉണ്ടായത്.
വെള്ളിയാഴ്ച പ്രാര്‍ഥന കഴിഞ്ഞിറങ്ങിയവരാണ് മരിച്ചതെന്ന് സൗദിയുടെ ഔദ്യോഗിക വാര്‍ത്താവിഭാഗം അറിയിച്ചു. ഷിയാ വിഭാഗക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണിത്. പള്ളിക്കുമുന്നില്‍ കാര്‍ നിര്‍ത്തുന്നത് കണ്ട് സുരക്ഷാഭടന്മാര്‍ക്ക് സംശയം തോന്നി പരിശോധനക്കായി തുനിയുന്നതിന് തൊട്ടുമുമ്പെ ആക്രമി ബോംബ് പൊട്ടിക്കുകയായിരുന്നു. സ്‌ഫോടനത്തില്‍ ആക്രമിയും കൊല്ലപ്പെട്ടതായാണ് സൂചന.
സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിട്ടുണ്ട്. ഷിയാക്കള്‍ക്കു നേരെയുണ്ടായ ആക്രമണത്തിനു പിന്നില്‍ തങ്ങളുടെ ഒരു പോരാളിയാണ് പ്രവര്‍ത്തിച്ചതെന്നും അബു ജന്ദാല്‍ അല്‍ജസ്രാവി എന്നാണ് ചാവേറിന്റെ പേരെന്നും ഇസ്ലാമിക് സ്റ്റേറ്റ് ഓണ്‍ലൈനില്‍ അവകാസ വാദം ഉന്നയിച്ചിട്ടുണ്ട്.
ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് സൗദിയില്‍ ഷിയാകളെ ലക്ഷ്യം വച്ച് സ്‌ഫോടനം നടക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച കിഴക്കന്‍ സൗദി അറേബ്യയിലെ ഷിയാ പള്ളിയിലുണ്ടായ ചാവേറാക്രമണത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടിരുന്നു. 66 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അല്‍ഖദീയിലെ ഇമാം അലി പള്ളിയില്‍ പ്രാര്‍ഥന നടക്കുമ്പോഴായിരുന്നു സ്‌ഫോടനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല