വഴിയോര കച്ചവടവും ഓണ്‍ലൈന്‍ വില്‍പ്പനയും വഴി ലക്ഷങ്ങള്‍ സമ്പാദിച്ച ദമ്പതികള്‍ നികുതി വെട്ടിപ്പ് നടത്തിയതിനെ തുടര്‍ന്ന് ജയിലിലായി. സണ്ടര്‍ ലാന്‍ഡ് സ്വദേശികളായ ഗെയില്‍ ഫോക്‌സ്, റൊണാള്‍ഡ് ഡോണ്‍കിന്‍ എന്നീ ദമ്പതികളാണ് ജയിലിലായത്. 2003 മുതല്‍ 2010 വരെയുളള കാലഘട്ടത്തിലാണ് ഇരുവരും തട്ടിപ്പു നടത്തിയത്. ഈ കാലയളവില്‍ വഴിയോര കച്ചവടം നടത്തി ഇരുവരും കൂടി 260,000 പൗണ്ട് സമ്പാദിച്ചെങ്കിലും ഗവണ്‍മെന്റിന് വരുമാനം സംബന്ധിച്ച കണക്കുകളൊന്നും തന്നെ നല്‍കിയിരുന്നില്ല. ഇത് കൂടാതെ ഇബേ വഴി സാധനങ്ങള്‍ വില്‍പ്പന നടത്തി മറ്റൊരു 90,000 പൗണ്ട് കൂടി ഫോക്‌സ് സമ്പാദിച്ചിരുന്നു. തട്ടിപ്പ് നടത്തിയതായി ഇരുവരും പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.
നാല്പത്തിയേഴുകാരിയായ ഫോക്‌സ് ഇതുവരെ ഏകദേശം 50,000 പൗണ്ടിലധികം നികുതിയടക്കാതെ വെട്ടിപ്പ് നടത്തിയിട്ടുണ്ട്. ഒപ്പം കൗണ്‍സില്‍ വീട് സ്വന്തമാക്കാനായി തെറ്റായ വിവരങ്ങള്‍ നല്‍കിയതിന്റെ പേരില്‍ മറ്റൊരു കേസും ഫോക്‌സ് നേരിടുന്നുണ്ട്. നാല്പത്തിയഞ്ചുകാരനായ ഡോണ്‍കിന് ഏകദേശം 35,000 പൗണ്ടാണ് നികുതിയായി അടയ്‌ക്കേണ്ടിയിരുന്നത്.
അറസ്റ്റിലാകുമ്പോള്‍ ഫോക്‌സിന് 90,000 പൗണ്ടിന്റേയും ഡോണ്‍കിന് 180,000 പൗണ്ടിന്റേയും സമ്പാദ്യം ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്നതായി ന്യൂ കാസ്റ്റില്‍ ക്രൗണ്‍ കോടതി കണ്ടെത്തി. ഇവരുടെ പേരിലുളള എല്ലാ സ്വത്തുക്കളും മരവിപ്പിക്കാന്‍ കോടതി ഉത്തരവിട്ടു. ഇരുവരുടേയും പേരില്‍ എന്തൊക്കെ സ്വത്തുക്കളുണ്ടെന്ന് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ക്രൈം ആക്ട് അനുസരിച്ച് ഇവരുടെ പേരിലുളള സ്വത്തുക്കള്‍ ഗവണ്‍മെന്റിന് കണ്ടുകെട്ടാം. ഫോക്‌സിനെ പന്ത്രണ്ട് മാസത്തേക്കും ഡോണ്‍കിനെ ഒന്‍പത് മാസത്തേയും തടവ് ശിക്ഷയ്ക്കാണ് കോടതി വിധിച്ചത്. ഇത്രയേറെ വരുമാനം ഉണ്ടായിട്ടും ഗവണ്‍മെന്റിന് നികുതി അടയ്ക്കാത്തത് ഗുരുതരമായ കുറ്റമാണന്ന് വിധി പ്രസ്താവിച്ചുകൊണ്ട് ജഡ്ജി ജെയിംസ് ഗോസ്സ് ക്യൂ സി ചൂണ്ടിക്കാട്ടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല