സ്വന്തം ലേഖകൻ: കിഴക്കന്‍ ജര്‍മനിയിലെ മക്‌ഡെബര്‍ഗ് നഗരത്തിലെ തിരക്കേറിയ ക്രിസ്മസ് ചന്തയിലേക്ക് കാര്‍ പാഞ്ഞുകയറി ഒരു കുട്ടിയടക്കം രണ്ടുപേര്‍ മരിച്ചു. 68 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ 15 പേരുടെ പരിക്ക് ഗുരുതരമാണെന്ന് പോലീസ് പറഞ്ഞു. പ്രാദേശിക സമയം വൈകീട്ട് ഏഴുമണിയോടെയാണ് സംഭവം.
കറുത്ത ബി.എം.ഡബ്യൂ. കാര്‍ ആള്‍ക്കൂട്ടത്തിലേക്ക് ഓടിച്ചുകയറ്റുകയായിരുന്നു. ആള്‍ക്കൂട്ടത്തിലേക്ക് ഇടിച്ചു കയറിയ കാര്‍ 400 മീറ്ററോളം ഓടിയാണ് നിന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി സാമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
പിന്നാലെ കാറിന്റെ ഡ്രൈവറായ അന്‍പതു വയസുകാരനായ സൗദി സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. 2006 മുതല്‍ ജര്‍മനിയില്‍ സ്ഥിരതാമസമാക്കിയയാളാണ് പ്രതി. ഇയാള്‍ ബോണ്‍ബര്‍ഗില്‍ ഡോക്ടറായി ജോലി ചെയ്തു വരികയായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. ഇയാളുടെ പേര് വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. സംഭവം ഭീകരാക്രമണമാണോയെന്ന് സംശയിക്കുന്നതായി പ്രാദേശിക സര്‍ക്കാര്‍ വക്താവ് പറഞ്ഞു.
കാറില്‍ സ്‌ഫോടക വസ്തുക്കളുണ്ടെന്ന സംശയത്തില്‍ സ്ഥലത്തു നിന്ന് ആളുകളെ ഒഴിപ്പിച്ച ശേഷം പൊലീസ് നടത്തിയ പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ലെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഭയപ്പെടുത്തുന്നതാണെന്നും നടന്നത് ആക്രമണമാണെന്നു കരുതുന്നതായും പ്രദേശിക ഭരണകൂടം അറിയിച്ചു. ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല