സ്വന്തം ലേഖകൻ: പാര്‍ക്കിംഗ് ഫൈന്‍ ആയും ക്ലീന്‍ എയര്‍ സോണ്‍ ചാര്‍ജ്ജായുമൊക്കെ ഡ്രൈവിംഗ് ആന്‍ഡ് വെഹിക്കിള്‍ ലൈസന്‍സിംഗ് അഥോറിറ്റി (ഡി വി എല്‍ എ) ക്ക് ലഭിക്കുക ഏതാണ് രണ്ട് ബില്യണ്‍ പൗണ്ടിലധികം എന്ന കണക്ക് പുറത്തു വരുന്നു. ഇതില്‍ 43 ശതമാനത്തോളം വരിക പാര്‍ക്കിംഗ് ഫൈനില്‍ നിന്നും ആയിരിക്കുമെന്നും പ്രതീക്ഷിക്കുന്നു. വിവിധ പാര്‍ക്കിംഗ് കമ്പനികളില്‍ നിന്നായി, കാര്‍ ഉടമകളുടെ പേരും വിലാസവും ആവശ്യപ്പെട്ടുകൊണ്ടുള്ള ഏതാണ് 30 മില്യണ്‍ അപേക്ഷകളാണ് ഡി വി എല്‍ എ ക്ക് ലഭിച്ചിട്ടുള്ളത്. ഇതില്‍ ടാന്‍സ്പോര്‍ട്ട് ഫോര്‍ ലണ്ടന്‍ മാത്രം 4.4 മില്യണിലധികം വാഹനങ്ങളുടെ വിവരങ്ങള്‍ തേടിയിട്ടുണ്ട്.
ഈ അപേക്ഷകളുടെ എണ്ണം തന്നെ കാണിക്കുന്നത്, പിഴ ഈടാക്കുന്നതില്‍ സ്വകാര്യ കമ്പനികളും, പൊതു മേഖലയും ഒരുപോലെ താത്പര്യം കാണിക്കുന്നു എന്നാണെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു. അടുത്ത കാലത്തായി രൂപം കൊണ്ട് ക്ലീന്‍ എയര്‍ സോണുകളും, അള്‍ട്രാ ലോ എമിഷന്‍ സോണുമെല്ലാം പിഴ ശിക്ഷകള്‍ വര്‍ദ്ധിക്കുന്നതിന് ഒരു പ്രധാന കാരണമായിട്ടുണ്ട്. ലണ്ടനിലെ അള്‍ട്രാ ലോ എമിഷന്‍ സോണ്‍ വിപുലീകരണം പിഴ ശിക്ഷകളുടെ എണ്ണം പിന്നെയും വര്‍ദ്ധിപ്പിച്ചു. 2023 അവസാനത്തോടെ ചില നഗരങ്ങളില്‍ കൂടി ലോ എമിഷന്‍ സോണ്‍ നിലവില്‍ വന്നതോടെ പിഴ ശിക്ഷകളുടെ എണ്ണം റെക്കോര്‍ഡ് ഉയരത്തിലെത്തിയിട്ടുണ്ട്.
ലോ എമിഷന്‍ സോണ്‍ അടക്കം പല പുതിയ നിയമങ്ങളും നിലവില്‍ വന്ന സാഹചര്യത്തില്‍, ഡ്രൈവര്‍മാര്‍ ഓരോ യാത്രയ്ക്ക് മുന്‍പും ചെറിയ തയ്യാറെടുപ്പുകള്‍ നടത്തുന്നത് നല്ലതായിരിക്കുമെന്ന് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു. യാത്ര ചെയ്യേണ്ട റൂട്ടിനെ കുറിച്ചും, അവിടെ നിലനില്‍ക്കുന്ന ഗതാഗത നിയമങ്ങളെ കുറിച്ചും ഒരു ധാരണ ഉണ്ടാക്കിയാല്‍, അനാവശ്യമായി പിഴ ശിക്ഷ ലഭിക്കുന്നതില്‍ നിന്നും ഒഴിവാകാന്‍ കഴിയുമെന്ന് അവര്‍ പറയുന്നു. അതുപോലെ, തന്നെ ലോ എമിഷന്‍ സോണുകളില്‍ പ്രവേശിക്കുന്നതിന് മുന്‍പ് നിങ്ങളുടെ വാഹനം, സോണ്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തുന്നതും നല്ലതാണ്.
അതുപോലെ തന്നെ വഴിയില്‍ ഉടനീളമുള്ള മുന്നറിയിപ്പ് ബോര്‍ഡുകളും സൈനേജുകളും ശ്രദ്ധിച്ച് വാഹനമോടിക്കണം. ഇത് എപ്പോഴും, സ്ഥലത്തെ ഏറ്റവും പുതിയ ഗതാഗത നിയന്ത്രണത്തെ കുറിച്ചുള്ള വിവരം നല്‍കും. മാത്രമല്ല, നിര്‍ദ്ദേശങ്ങള്‍ പാലിച്ച് വാഹനമോടിക്കുന്നതിനാല്‍ വലിയൊരു പരിധി വരെ പണവും സമയവും ലാഭിക്കാനും സാധിക്കും. വാഹനങ്ങളുടെ വിവരങ്ങള്‍ നല്‍കുന്നതിനുള്ള അപേക്ഷക്ക് ഓരോന്നിനും 2.50 പൗണ്ട് വീതമാണ് ഡി വി എല്‍ എ സ്വകാര്യ കമ്പനികളില്‍ നിന്നും ഈടാക്കുന്നത്. അതായത്, ഈ വര്‍ഷം ഈയിനത്തില്‍ മാത്രം ഡി വി എല്‍ എ ക്ക് ലഭിക്കുക 25.8 മില്യണ്‍ പൗണ്ടായിരിക്കും എന്ന് ചുരുക്കം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല