സ്വന്തം ലേഖകന്‍: ഇംഗ്ലണ്ടിലെ ന്യൂകാസ്റ്റിലില്‍ ഈദുല്‍ ഫിത്വര്‍ ആഘോഷ ചടങ്ങിനിടയിലേക്ക് കാര്‍ പാഞ്ഞു കയറി ആറു പേര്‍ക്കു പരിക്ക്, ഭീകരാക്രമണം അല്ലെന്ന് അധികൃതര്‍. ഞായറാഴ്ച രാവിലെ വെസ്റ്റ്‌ഗെയിറ്റ് സ്‌പോര്‍ട്ട്‌സ് സെന്ററിനോട് ചേര്‍ന്നാണ് സംഭവമുണ്ടായത്.
ചെറിയ പെരുന്നാള്‍ ആഘോഷം നടക്കുന്നതിനാല്‍ നിരവധി കുടുംബങ്ങളും പ്രായമായവരും ഉള്‍പ്പെട്ട ആള്‍ക്കൂട്ടത്തിലേക്കാണ് കാര്‍ ഇടിച്ചു കയറ്റിയത്. കാര്‍ ഡ്രൈവറെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു. ഡ്രൈവറെ ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാന്‍ കഴിയില്ലെന്നും പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.
ഡ്രൈവറുടെ പേരുവിവരങ്ങളും ഇതുവരെ പുറത്തുവിട്ടിട്ടില്ല. പരിക്കേറ്റവരില്‍ മുന്നു കുട്ടികളും ഉള്‍പ്പെടുന്നതായും ഇവരുടെ നില ഗുരുതരമല്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തിനു പിന്നില്‍ ഭീകരാക്രമണ ബന്ധമില്ലെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. തുടര്‍ച്ചയായി ഉണ്ടാകുന്ന ഭീകരാക്രമണങ്ങള്‍ മൂലം ബ്രിട്ടനിലാകെ ഭീകരപ്പേടി പടരുന്നതിനിടെയാണ് പുതിയ ആക്രമണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല