സ്വന്തം ലേഖകൻ: കെയര്‍ മേഖലയിലെ തൊഴില്‍ ചൂഷണങ്ങളുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ നടത്തുന്നതിന് ചുമതലയുള്ള ഏജന്‍സി പറയുന്നത് അന്വേഷണങ്ങളുടെ എണ്ണം പത്തിരട്ടിയോളം വര്‍ദ്ധിച്ചു എന്നാണ്. ജി ബി ന്യൂസ് ആണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. 2023 -ല്‍ കെയര്‍ സെക്ടറില്‍ 44 കേസുകളിലാണ് അന്വേഷണം നടത്തിയതെന്ന് ഗാംഗ്മാസ്റ്റേഴ്സ് ആന്‍ഡ് ലേബര്‍ അബ്യൂസ് അഥോറിറ്റി പറയുന്നത്. 2021 -ല്‍ ഇത് വെറും നാലെണ്ണം മാത്രമായിരുന്നെന്നും അഥോറിറ്റി വക്താവ് വ്യക്തമാക്കി.
2022 – ല്‍ 23 കേസുകളിലായിരുന്നു അഥോറിറ്റി അന്വേഷണം നടത്തിയത്. കെയര്‍ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളില്‍ നിന്നും ലഭിക്കുന്ന ഫോണുകളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നതായി, ആധുനിക അടിമത്ത ഇരകള്‍ക്കായുള്ള ഒരു നാഷണല്‍ ഹെല്‍പ്പ്ലൈന്‍ വ്യക്തമാക്കിയതിന് തൊട്ടു പിന്നാലെയാണ് ഈ റിപ്പോര്‍ട്ടും പുറത്തു വരുന്നത്. അടിമത്ത ഇരകളുടെ എണ്ണം കഴിഞ്ഞ വര്‍ഷം 30 ശതമാനത്തോളം വര്‍ദ്ധിച്ചു എന്ന് ഹെല്‍പ്പ്‌ലൈനും പറയുന്നു. കഴിഞ്ഞ വര്‍ഷം 918 പേരാണ് ചൂഷണത്തില്‍ നിന്നും രക്ഷപ്പെടുന്നതിനുള്ള സഹായം അഭ്യര്‍ത്ഥിച്ച് ഫോണ്‍ വിളിച്ചത്.
2021 മുതല്‍ 2022 വരെയുള്ള കാലഘട്ടത്തില്‍ തൊട്ട് മുന്‍പത്തെ വര്‍ഷത്തേക്കാള്‍ 606 ശതമാനം വര്‍ദ്ധനവായിരുന്നു ഇക്കാര്യത്തില്‍ ഉണ്ടായത്. കഴിഞ്ഞ വര്‍ഷം ലഭിച്ച കോളുകള്‍ സൂചിപ്പിക്കുന്നത് കെയര്‍ മേഖലയില്‍ തൊഴിലാളികളെ ദുരുപയോഗം ചെയ്യുന്നതും നിര്‍ബന്ധിത വേല ചെയ്യിക്കുന്നതും വര്‍ദ്ധിച്ചു വരുന്നു എന്നാണെന്ന് ഹെല്‍പ്പ്‌ലൈന്‍ പറയുന്നു.
വിവരാവകാശ നിയമ പ്രകാരം ലഭിച്ചതാാണ്, അന്വേഷണങ്ങള്‍ വര്‍ദ്ധിച്ചു എന്ന റിപ്പോര്‍ട്ട്. ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയറില്‍ വീസ നല്‍കുന്നത് വര്‍ദ്ധിച്ചതാണ് ഇതിന് പ്രധാന കാരണം എന്ന് ഈ രംഗത്ത് പഠനം നടത്തുന്നവര്‍ പറയുന്നു. കഴിഞ്ഞ നാല് വര്‍ഷക്കാലമായി ഹെല്‍ത്ത് ആന്‍ഡ് കെയര്‍ രംഗത്ത് നല്‍കിയ വീസകളില്‍ ഓരോ 7500 വീസകളിലും അന്വേഷണം നടക്കുന്നു എന്നത് വീസ നിയമം എത്രമാത്രം ദുരുപയോഗം ചെയ്യപ്പെട്ടു എന്നതിന്റെ തെളിവാണെന്ന് സെന്റര്‍ ഫോര്‍ പോളിസി സ്റ്റഡീസിലെ റിസര്‍ച്ച് ഡയറക്ടര്‍ കാള്‍ വില്യംസ് പറയുന്നു.
2021 ജനുവരി മുതല്‍ 5,70,000 ഹെല്‍ത്ത് ആന്‍ഡ് കെയര്‍ വീസകളാണ് നല്‍കിയിരിക്കുന്നത്. അതില്‍ 99 ശതമാനവും ഇ യു ഇതര രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ്. ഇതില്‍ 55 ശതമാനത്തോളം പേര്‍ ആശ്രിതരായി എത്തുന്നവരാണ്. കഴിഞ്ഞ മാസം മാത്രമാണ് ആശ്രിതരെ കൊണ്ടു വരുന്നതില്‍ സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല