![](https://www.nrimalayalee.com/wp-content/uploads/2020/05/Elon-Musk-Tweet-Tesla.jpg)
സ്വന്തം ലേഖകൻ: അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈഓക്‌സൈഡ് ഇന്ധനമാക്കി മാറ്റാനുള്ള പദ്ധതി ആരംഭിച്ചതായി ടെസ്‌ലയുടേയും സ്‌പേസ് എക്‌സിന്റേയും സ്ഥാപകനായ ഇലോന്‍ മസ്‌കിന്റെ വെളിപ്പെടുത്തല്‍. കാര്‍ബന്‍ ഡൈ ഓക്‌സൈഡ് റോക്കറ്റുകള്‍ക്ക് ഇന്ധനമാക്കി മാറ്റാനുള്ള പദ്ധതിയാണ് സ്‌പേസ് എക്‌സ് ആരംഭിച്ചതെന്ന് സാങ്കല്‍പിക ആശയങ്ങള്‍ക്കും വിവാദ ട്വീറ്റുകള്‍ക്കും പേരുകേട്ട മസ്‌ക് അറിയിച്ചു.
“അന്തരീക്ഷത്തില്‍ നിന്ന് കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് റോക്കറ്റ് ഇന്ധനമാക്കി മാറ്റാനുള്ള ഒരു പദ്ധതിക്ക് സപേസ് എക്‌സ് തുടക്കം കുറിച്ചു. താത്പര്യമുണ്ടെങ്കില്‍ ഇതിന്റെ ഭാഗമാകാം,“ മസ്‌ക് ട്വിറ്ററില്‍ കുറിച്ചു.
നേരത്തെയും സമാനമായ ആശയങ്ങള്‍ മസ്‌ക് അവതരിപ്പിച്ചിരുന്നു. കാര്‍ബണ്‍ നീക്കം ചെയ്യല്‍ സാങ്കേതിക വിദ്യക്ക് അദ്ദേഹം നേരത്തെ പദ്ധതി പ്രഖ്യാപിച്ചിരുന്നു. കാലാവസ്ഥ പ്രതിസന്ധിക്ക് കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് വലിയ കാരണമായി നിലനില്‍ക്കുന്ന ഘട്ടത്തിലാണ് മസ്‌കിന്റെ ഇത്തരത്തിലുള്ള ആശയം.
സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9റോക്കറ്റില്‍ മണ്ണെണ്ണയാണ് ഇന്ധനമായി ഉപയോഗിക്കുന്നത്. ഇത് കൂടുതല്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡും മറ്റ് രാസവസ്തുക്കളും അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കാര്‍ബണ്‍ ഡൈ ഓക്‌സൈഡുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ നടത്താന്‍ കമ്പനിയെ ഇത് പ്രേരിപ്പിക്കുന്നുവെന്നാണ് പറയപ്പെടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല