സ്വന്തം ലേഖകൻ: ഇന്ത്യയില്‍ നിന്നും ബ്രിട്ടനിലേക്ക് അയച്ച മസാലക്കൂട്ടുകളില്‍ കാന്‍സറിന് കാരണമാകുന്ന കീടനാശിനി കണ്ടെത്തി. തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ള എല്ലാ സുഗന്ധവ്യഞ്ജനങ്ങളുടെയും ഇറക്കുമതിക്ക് നിയന്ത്രണ നടപടികള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ് ബ്രിട്ടന്‍. രണ്ട് പ്രമുഖ കറിക്കമ്പനി ബ്രാന്‍ഡുകളിലാണ് കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയത്. ഇതോടെ ബ്രിട്ടനില്‍ എല്ലാ ഇന്ത്യന്‍ സുഗന്ധവ്യഞ്ജനങ്ങളുടെയും സൂക്ഷ്മപരിശോധന നിര്‍ബന്ധമാക്കിയിട്ടുണ്ട്.
കാന്‍സറിന് കാരണമാകുന്ന കീടനാശിനിയായ എഥിലീന്‍ ഓക്സൈഡ് ഉയര്‍ന്ന അളവില്‍ കണ്ടെത്തിയെന്നതിന്റെ അടിസ്ഥാനത്തില്‍ ഹോങ്കോങ് കഴിഞ്ഞ മാസം എംഡിഎച്ച് നിര്‍മിച്ച മൂന്ന് സുഗന്ധവ്യഞ്ജന മിശ്രിതങ്ങളുടെയും എവറസ്റ്റിന്റെയും ഒരെണ്ണത്തിന്റെയും വില്‍പന നിര്‍ത്തിവച്ചിരുന്നു. എവറസ്റ്റ് മിക്സ് തിരിച്ചുവിളിക്കാന്‍ സിംഗപ്പൂരും ഉത്തരവിട്ടിരുന്നു. ന്യൂസിലന്‍ഡ്, യുണൈറ്റഡ് സ്റ്റേറ്റ്സ്, ഇന്ത്യ, ഓസ്ട്രേലിയ എന്നിവ ഈ രണ്ട് ബ്രാന്‍ഡുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിശോധിക്കുന്നതായി അറിയിച്ചിട്ടുണ്ട്.
ഇന്ത്യയിലെ ഏറ്റവും ജനപ്രിയ ബ്രാന്‍ഡുകളാണ് എംഡിഎച്ചും എവറസ്റ്റും. ഇരുവരും തങ്ങളുടെ ഉല്‍പന്നങ്ങള്‍ സുരക്ഷിതമാണെന്ന് അവകാശപ്പെട്ടിട്ടുണ്ട്. ഇന്ത്യയില്‍ നിന്നുള്ള എഥിലീന്‍ ഓക്‌സൈഡ് ഉള്‍പ്പെടുന്ന സുഗന്ധവ്യഞ്ജനങ്ങളില്‍ കീടനാശിനിയുടെ ഉപയോഗം കണ്ടെത്തിയ സാഹചര്യത്തിലാണ് കര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് യുകെയുടെ ഫുഡ് സ്റ്റാന്‍ഡേര്‍ഡ് ഏജന്‍സി (എഫ്എസ്എ) വ്യക്തമാക്കി. ‘എഥിലീന്‍ ഓക്‌സൈഡിന്റെ ഉപയോഗം ഇവിടെ അനുവദനീയമല്ല ‘ എന്നാണ് എഫ്എസ്എയിലെ ഫുഡ് പോളിസി ഡപ്യൂട്ടി ഡയറക്ടര്‍ ജയിംസ് കൂപ്പര്‍ റോയിട്ടേഴ്‌സിന് നല്‍കിയ പ്രസ്താവനയില്‍ പറഞ്ഞിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല