കത്തോലിക്കാസഭയിലെ വിശ്വാസികള്‍ക്ക് ജോലിസ്ഥലത്തും വീടുകളിലുമെല്ലാം മതചിഹ്നങ്ങള്‍ ധരിയ്ക്കുന്നതിന് വിലക്കേര്‍പ്പെടുത്തേണ്ടതില്ലെന്ന് കാത്തലിക് ചര്‍ച്ച് ഇന്‍ സ്കോട്‌ലാന്റിലെ മുഖ്യകര്‍ദിനാളായ കെയ്ത്ത് ഒ’ബ്രീന്‍. തന്റെ ഈസ്റ്റര്‍ സന്ദേശത്തിലാണ് വിശ്വാസികളോട് ഇക്കാര്യം അറിയിച്ചത്. നിലവില്‍ യൂറോപ്പില്‍ പലയിടങ്ങളിലും ജോലിസ്ഥലങ്ങളില്‍ കുരിശ് ധരിച്ചു വരുന്നവരെ ജോലിയില്‍നിന്നും പിരിച്ചുവിടുന്ന പ്രവണത നിലനില്‍ക്കുന്നുണ്ട്. ഇതിനെതിരെയുള്ള ശക്തമായ പ്രതിഷേധമായിരുന്നു അദേഹത്തിന്റെ ഈ സന്ദേശം.
2010ല്‍ ഈ രീതിയില്‍ ബ്രിട്ടീഷ് എയര്‍വെയ്സിന്റെ ഹോസ്പിറ്റലില്‍ ജോലി ചെയ്തിരുന്ന നാദിയ എവിയേദ എന്ന നഴ്സിനെ അധികൃതര്‍ ജോലിയില്‍ നിന്നും പിരിച്ചുവിട്ടത് വിവാദമാവുകയുണ്ടായി. തുടര്‍ന്ന് അവര്‍ ബ്രിട്ടനിലെ കോടതിയെ സമീപിച്ചിരുന്നെങ്കിലും, കോടതി ക്രൈസ്തവമത വിശ്വാസപ്രകാരം നാദിയ ചെയ്തത് തെറ്റാണെന്ന് വാദിയ്ക്കുകയും നാദിയയെ പിരിച്ചുവിട്ട നടപടി ശരി വെയ്ക്കുകയും ചെയ്തു. പിന്നീട് ഇസിഎച്ച്ആറില്‍(യൂറോപ്യന്‍ കോര്‍ട്ട് ഓഫ് ഹ്യൂമന്‍ റൈറ്റ്സ്) നാദിയ നല്‍കിയ പരാതിയെ തുടര്‍ന്ന്‍ യൂറോപ്യന്‍ കോടതി നാദിയയുടെ വാദം ശരിവയ്ക്കുകയും ചെയ്തു.നാദിയയെ ജോലിയില്‍ തിരിച്ചെടുക്കണമെന്ന് ബ്രിട്ടിഷ് സര്‍ക്കാരിന് നിര്‍ദേശവും നല്‍കിയിരുന്നു.
പക്ഷെ, കഴിഞ്ഞ ദിവസം മുതിര്‍ന്ന കര്‍ദിനാളുമാരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ തന്റെ ഈസ്റ്റര്‍ സന്ദേശത്തില്‍ വിശ്വാസികള്‍ മതപരമായ അച്ചടക്കം പാലിക്കുന്നതിനു വേണ്ട നിര്‍ദേശങ്ങള്‍ നല്‍കാന്‍ വൈദികര്‍ക്കു കഴിയണമെന്ന് ഡേവിഡ് കാമറൂണ്‍ വ്യക്തമാക്കിയിരുന്നു. ഇത് വലിയ വിവാദത്തിനിട വരുത്തിയിരുന്നു. ബ്രിട്ടണില്‍ നാദിയയ്ക്ക് സമാനമായ നാലോളം കേസുകള്‍ കോടതിയുടെ പരിഗണയിലാണ് . വിശ്വാസികള്‍ക്കിടയില്‍ സ്വവര്‍ഗ വിവാഹം അനുവദിക്കുന്നതിനെപ്പറ്റിയും സഭയ്ക്കകത്ത് രണ്ടഭിപ്രായം നിലനില്‍ക്കുന്നുണ്ട്. പലരും പറയുന്നത്, സഭ കൂടുതല്‍ ഉദാരമാകുന്നതോടെ ഇങ്ങനെ ഉയര്‍ന്നുവരുന്ന ആവശ്യങ്ങളെല്ലാം പരിഗണിയ്ക്കേണ്ടി വരുമെന്നാണ്.
എന്നാല്‍ മനുഷ്യാവകാശ സംഘടനകള്‍ മാനവികമായ എല്ലാ സ്വഭാവ വിശേഷങ്ങളേയും അംഗീകരിക്കാന്‍ കഴിയാതെ വന്നാല്‍ സഭയ്ക്ക് നാശമാകുമെന്നും അഭിപ്രായപ്പെടുകയുണ്ടായി. നാദിയയുടെ പുറത്താക്കല്‍ വിഷയം വിവാദമായ 2010ല്‍ പോപ്പ് ബെനഡിക്ട് പതിനാറാമനും തനെറ്റ് ക്രിസ്മസ് സന്ദേശത്തില്‍ ഇത്തരം അനാചാരങ്ങള്‍ ക്രിസ്തുമതത്തിലേക്ക് കൊണ്ടുവരാതിരിയ്ക്കാന്‍ വിശ്വാസികള്‍ ശ്രദ്ധിയ്ക്കണമെന്ന് അഭിപ്രായപ്പെട്ടിരുന്നു.
പക്ഷെ, യൂറോപ്യന്‍ കോടതിയുടെ വിധി വന്നതിനുശേഷം സ്കോട്‌ലാനിലെ ഗവണ്മെന്റുദ്യോഗസ്ഥരും പാര്‍ലമെന്റിലെ അംഗങ്ങളും ജനങ്ങളുടെ വിശ്വാസത്തിനും ആചാരങ്ങള്‍ക്കും തങ്ങള്‍ എതിരല്ല എന്ന് പ്രഖ്യാപിക്കുകയുണ്ടായി.എന്നാല്‍ സഭയുടെ ഭാഗത്തുനിന്നും ആദ്യമായി ഈ വിഷയത്തില്‍ ജനങ്ങള്‍ക്കനുകൂലമായി സംസാരിയ്ക്കുന്നത് കര്‍ദിനാള്‍ കെയ്ത്ത് ഒ’ബ്രീന്‍ മാത്രമാണെന്നതും ശ്രദ്ധേയമാണ്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല