പരിചരിക്കാനാരുമില്ലാതെ കെയര്‍ഹോമുകളിലേക്ക് പോകേണ്ടി വരുന്ന വൃദ്ധര്‍ക്ക് ഒരാശ്വാസ വാര്‍ത്ത. കെയര്‍ ഹോമിലെ ചെലവിനായി ഇനി സ്വന്തം പേരിലുളള വസ്തുവകകള്‍ വില്‍ക്കേണ്ടതില്ല. പകരം അതിനുളള ചെലവ് ഗവണ്‍മെന്റ് കടമായി നല്‍കും. നല്‍കിയ തുക മരണശേഷം ഈ വസ്തുവകകളില്‍ നിന്ന് ഗവണ്‍മെന്റ് തിരിച്ച് പിടിച്ചോളും. പേ വെന്‍ യൂ ഡൈ എന്നു പേരിട്ടിരിക്കുന്ന പദ്ധതി രണ്ടായിരത്തി പതിനഞ്ചോടെ നടപ്പിലാക്കാനാണ് ഗവണ്‍മെന്റിന്റെ നിര്‍ദ്ദേശം. നിലവില്‍ കെയര്‍ ഹോമിലേക്ക് പോകുന്ന ഏതാണ്ട് 40,000 ആളുകളും തങ്ങളുടെ വീടും മറ്റും വില്‍ക്കാന്‍ നിര്‍ബന്ധിതരാകുന്നുണ്ട്.
കെയര്‍ ഹോമിലേക്ക് ഒരു വര്‍ഷത്തെ ചെലവ് ഒരാള്‍ക്ക് 26,000 പൗണ്ടാണ്. സ്വന്തമായി സ്വത്തുവകകള്‍ ഇല്ലാത്ത ഒരാളുടെ ചെലവ് മാത്രമേ ഗവണ്‍മെന്റ് വഹിക്കുകയുളളു. സ്വന്തമായി വീടും മറ്റുമുളളവര്‍ അത് വിറ്റശേഷമാണ് കെയര്‍ഹോമിലേക്കുളള തുക കണ്ടെത്തുന്നത്. ഇതിനാണ് പുതിയ നിയമത്തോടെ മാറ്റമുണ്ടാകുന്നത്. ഇത് സംബന്ധിച്ച ധവളപത്രം ആന്‍ഡ്രൂ ലാന്‍സ്ലി ഇന്ന പാര്‍ലമെന്റില്‍ അവതരിപ്പിക്കും. എന്നാല്‍ ഫണ്ടിന്റെ കുറവ് കാരണം പദ്ധതി നടപ്പിലാകാന്‍ 2014 വരെയെങ്കിലും കാത്തിരിക്കണം.
പദ്ധതി അനുസരിച്ച് കെയര്‍ ഹോമിലെ ചെലവുകള്‍ക്കായി ലോക്കല്‍ അതോറിറ്റികള്‍ക്ക് ലോണ്‍ അനുവദിക്കാം. ഈ തുകക്ക് ചെറിയ ഒരു തുക പലിശയായി ഈടാക്കാവുന്നതാണ്. എപ്പോഴാണോ കെയര്‍ഹോമിലെ അന്തേവാസി മരിക്കുന്നത് അപ്പോള്‍ അയാളുടെ പേരിലുളള വസ്തു വില്‍ക്കുകയോ റീ മോര്‍ട്ട്ഗേജ് എടുത്തോ തുക തിരികെ ഈടാക്കാവുന്നതാണ്. എന്നാല്‍ പുതിയ പദ്ധതി ഗവണ്‍മെന്റിന് എത്രത്തോളം സാമ്പത്തിക ബാധ്യത ഏല്‍പ്പിക്കുമെന്ന് പറയാനാകില്ല. എന്നാല്‍ പദ്ധതി നടപ്പിലാക്കാന്‍ വൈകുന്നത് ജനങ്ങളില്‍ രോഷമുയര്‍ത്തിയിട്ടുണ്ട്.
23,000 പൗണ്ടിന് മുകളില്‍ സമ്പാദ്യമുളളവര്‍ എല്ലാം തങ്ങളുടെ കെയര്‍ഹോം ബില്ലുകള്‍ സ്വയം അടക്കണമെന്നാണ് നിലവിലെ നിയമം. പത്തിലൊരാള്‍ക്ക് ജീവിതകാലം മുഴുവന്‍ വരുന്ന കെയര്‍ഹോം ബില്‍ ഒരു ലക്ഷം പൗണ്ടാണ്.ഒരു വര്‍ഷം മുന്‍പ് ഇതിനെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ഡില്‍നോട്ട് കമ്മീഷന്‍ ദീര്‍ഘകാല പരിചരണത്തിനുളള സാമ്പത്തിക പരിധി 35,000 ആയി നിജപ്പെടുത്തണമെന്നും ബാക്കിവരുന്ന തുക ഗവണ്‍മെന്റ് കണ്ടെത്തണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. ഒപ്പം ഈ പരിധിയില്‍ എത്തുന്നതിനായി വ്യക്തികള്‍ ഇന്‍ഷ്വറന്‍സും മറ്റും എടുക്കാന്‍ പ്രേരിപ്പിക്കണമെന്നും ഡില്‍നോട്ട് കമ്മീഷന്റെ നിര്‍ദ്ദേശത്തിലുണ്ട്. സാമൂഹിക പരിചരണത്തിന്റെ കാര്യത്തില്‍ എത്രയും വേഗം നടപടികളുണ്ടാകണമെന്നും യുകെയിലെ ബഹുഭൂരിപക്ഷം വരുന്ന വൃദ്ധജനങ്ങളും തങ്ങളുടെ ഭാവിയെകുറിച്ച് ആശങ്കാകുലരാണന്നും ലോക്കല്‍ ഗവണ്‍മെന്റ് അസോസിയേഷന്റെ ചെയര്‍മാന്‍ സര്‍ മെറിക്് കോക്കെല്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല