സ്വന്തം ലേഖകൻ: സാല്‍ഫോര്‍ഡിലെ ഒരു കെയര്‍ സ്ഥാപനം വിദേശ കെയര്‍ വര്‍ക്കര്‍മാരെ ചൂഷണം ചെയ്യുന്നതായി റിപ്പോര്‍ട്ട്. ഒരു മുന്‍ ജീവനക്കാരനും, സാല്‍ഫോര്‍ഡ് സിറ്റി യൂണിസന്‍ പ്രതിനിധിയും, ഒരു സാല്‍ഫോര്‍ഡ് കൗണ്‍സിലറും അടക്കമുള്ള വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് മാഞ്ചസ്റ്റര്‍ ഈവെനിംഗ് ന്യൂസ് പറയുന്നത് ഡിമെന്‍ഷ്യ കെയര്‍ ആന്‍ഡ് സപ്പോര്‍ട്ട് അറ്റ് ഹോം ലിമിറ്റഡിലെ തൊഴില്‍ സാഹചര്യങ്ങള്‍ പരിതാപകരമാണെന്നാണ്. തങ്ങളെ ചൂഷണം ചെയ്യുന്ന കാര്യം പുറത്തറിയിച്ചാല്‍ വീസ റദ്ദാക്കി നാട്ടിലേക്ക് തിരിച്ചയയ്ക്കുമെന്ന് ഭീഷണിപ്പെടുത്തുക പോലും ഉണ്ടായി എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
യു കെയില്‍, ഹെല്‍ത്ത് ആന്‍ഡ് കെയര്‍ വീസയില്‍ എത്തിയവര്‍ക്ക് ജോലി നഷ്ടപ്പെട്ടാല്‍ അവര്‍ക്ക് പുതിയ ജോലി കണ്ടെത്താന്‍ 60 ദിവസത്തെ സമയമാണ് ഉള്ളത്. അതിനുള്ളില്‍ ജോലി കണ്ടെത്താന്‍ ആയില്ലെങ്കില്‍ നാടുവിടാന്‍ ഹോം ഓഫീസ് ആവശ്യപ്പെടും. ഇത് യു കെയിലെ വിദേശ കെയര്‍ വര്‍ക്കര്‍മാരെ ഏറെ ആശങ്കയിലാഴ്ത്തുന്നുണ്ട്. ഇത് കെയര്‍ സ്ഥാപനങ്ങള്‍ ദുരുപയോഗം ചെയ്യുന്നതായി പരാതികളും ഉയര്‍ന്നിരുന്നു.
എന്നാല്‍, ഇപ്പോള്‍ ഉയര്‍ത്തിയ ആരോപണം പാടെ നിഷേധിക്കുകയാണ് സാല്‍ഫോര്‍ഡിലെ സ്ഥാപനം. ഒരു വിദേശ തൊഴിലാളിയുടെയും കോണ്‍ട്രാക്റ്റ് കഴിഞ്ഞ രണ്ട് വര്‍ഷത്തിലേറെ കാലമായി റദ്ദാക്കിയിട്ടില്ലെന്നും സ്ഥാപനം അവകാശപ്പെടുന്നു. എന്നിരുന്നാലും തെറ്റിദ്ധാരണ ഉണ്ടാകാന്‍ പാകത്തില്‍ എന്തെങ്കിലും സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അതിന്റെ പേരില്‍ എല്ലാ ജീവനക്കാരോടും മാപ്പ് ചോദിക്കുന്നതായും സ്ഥാപനം പറഞ്ഞു.
ഡിമെന്‍ഷ്യ കെയര്‍ ആന്‍ഡ് സപ്പോര്‍ട്ട് ലിമിറ്റഡ് ഡിമെന്‍ഷ്യ ബാധിച്ചവരെ അവരുടെ വീടുകളില്‍ ശുശ്രൂഷിക്കുന്ന സേവനമാണ് നല്‍കുന്നത്. നോര്‍ത്തേണ്‍ കെയര്‍ അലയന്‍സ് എന്‍ എച്ച് എസ് ഫൗണ്ടേഷന്‍ ട്രസ്റ്റുമായി സാല്‍ഫോര്‍ഡില്‍ സേവനം നല്‍കാന്‍ ഈ സ്ഥാപനത്തിന് കരാര്‍ ഉള്ളതായി അറിയാന്‍ കഴിഞ്ഞു എന്നും മാഞ്ചസ്റ്റര്‍ ഈവനിംഗ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കെയര്‍ ആക്റ്റ് പ്രകാരം, പൊതു ഫണ്ട് ഉപയോഗിച്ചുള്ള കെയര്‍ സേവനങ്ങള്‍ നിരീക്ഷിക്കുന്നതിന് സാല്‍ഫോര്‍ഡ് കൗണ്‍സിലിന് ഉത്തരവാദിത്തമുണ്ട്.
അവര്‍ തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ സ്ഥാപനത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതിന് സമയപരിധി നിശ്ചയിച്ചിട്ടുണ്ടെന്നും അതല്ലെങ്കില്‍ ശക്തമായ നടപടികള്‍ കൈക്കൊള്ളുമെന്നും കൗണ്‍സില്‍ വക്താവ് അറിയിച്ചു. ജീവനക്കാര്‍ക്ക് തൊഴില്‍ കരാറില്‍ ഉചിതമായ നിബന്ധനകളും വ്യവസ്ഥകളും വേണമെന്നും അവരുമായി നല്ല രീതിയില്‍ ഇടപഴകണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട് എന്നും വക്താവ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല