ലണ്ടന്‍ : സ്വസ്ഥമായി ഉറങ്ങുന്നതിനായി കെയര്‍ഹോമിലെ ആറ് ഡിമന്‍ഷ്യ രോഗികള്‍ക്ക് സ്ഥിരമായി മയക്കുമരുന്ന് നല്‍കിയ ജീവനക്കാരി അറസ്റ്റിലായി. ആഷ് വുഡ് കെയര്‍ സെന്ററിലെ
ജീവനക്കാരി ആയിരുന്ന മിറേല അയോനോയി ആണ് ഹാരോ ക്രൗണ്‍ കോടതിയില്‍ വിചാരണ നേരിടുന്നത്. രാത്രിയില്‍ മിറേലയ്ക്ക് ഉറങ്ങാനായി കെയര്‍ഹോമിലെ അന്തേവാസികള്‍ക്ക് ശക്തിയേറിയ ഉറക്കഗുളികകള്‍ ഭക്ഷണത്തിനൊപ്പം നല്‍കുകയായിരുന്നു ഇവരെന്നാണ് കേസ്. രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്ന ഇവര്‍ രോഗികള്‍ ഉറങ്ങികഴിഞ്ഞാല്‍ ഉടന്‍ രണ്ട് കസേരകള്‍ ചേര്‍ത്തിട്ട ശേഷം ഉറങ്ങാന്‍ തുടങ്ങുമെന്നും ലൈറ്റുകള്‍ ഓഫാക്കുമെന്നും പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു.
ഡിമന്‍ഷ്യ രോഗികളായ ആറ് പേരും രാത്രി കാലങ്ങളില്‍ ഉറങ്ങാതെ വാര്‍ഡില്‍ ചുറ്റിത്തിരിയാറുണ്ടായിരുന്നുവെന്നും അത് മിറേലയുടെ ഉറക്കത്തിന് തടസ്സമായപ്പോഴാണ് ഡോക്ടര്‍മാര്‍ പ്രിസ്‌ക്രൈബ് ചെയ്യാത്ത ശക്തിയേറിയ ഉറക്ക ഗുളികകള്‍ ഇവര്‍ രോഗികള്‍ക്ക് നല്‍കിയിരുന്നതെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. വീല്‍ച്ചെയറിലും മറ്റുമിരുന്ന് ഉറങ്ങിപ്പോകുമായിരുന്ന ഇവരെ പിന്നീട് ബെഡില്‍ കൊണ്ട് ചെന്ന് കിടത്തിയശേഷം ഇവര്‍ ഉറങ്ങാന്‍ പോകുമായിരുന്നു. മിറേല ഡ്യൂട്ടിക്കെത്തിയ കുറച്ച് സമയത്തിന് ശേഷം രോഗികള്‍ നടക്കാന്‍ പ്രയാസപ്പെടുന്നതും സംസാരം കുഴഞ്ഞുപോകുന്നതും കണ്ടെത്തിയതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരം കണ്ടെത്തിയത്.
മിറേല ഡ്യൂട്ടിക്കിടയില്‍ ഉറങ്ങാറുണ്ടായിരുന്നുവെന്ന് പ്രോസിക്യൂട്ടര്‍ ഗൈ ഡില്‍വേ പാരി ആരോപിച്ചു. ഉറങ്ങാനല്ലെങ്കില്‍ പിന്നെന്തിനാണ് രണ്ട് കസേരകള്‍ ചേര്‍ത്തിടാറുളളതെന്ന് പ്രോസിക്യൂട്ടര്‍ ചോദിച്ചു. 2010 ജൂലൈ 1മുതല്‍ ഡിസംബര്‍ 31 വരെയുളള കാലയളവിലാണ് ആറ് രോഗികള്‍ക്ക് മിറേല ശക്തിയേറിയ ഉറക്ക ഗുളികള്‍ നല്‍കിയത്. എന്നാല്‍ താന്‍ കുറ്റക്കാരിയാണെന്ന ആരോപണം 37 കാരിയായ മിറേല നിഷേധിച്ചു. ഹേയ്‌സില്‍ താമസിക്കുന്ന മിറേല യൂണിവേഴ്‌സിറ്റി ഓഫ് വെസ്റ്റ്മിനിസ്റ്ററിലെ വിദ്യാര്‍ത്ഥി കൂടിയാണന്ന് അവരുടെ ഫേസ്ബുക്ക് അക്കൗണ്ട് വ്യക്തമാക്കുന്നു.
കുറ്റകൃത്യം നടക്കുന്ന കാലയളവില്‍ കെയര്‍ഹോമില്‍ 58നും 100നും ഇടയില്‍ പ്രായമുളള 22 അന്തേവാസികളുണ്ടായിരുന്നു. ശക്തിയേറിയ മരുന്നുകളും മറ്റും കൈകാര്യം ചെയ്യാന്‍ അനുവാദമുണ്ടായിരുന്ന മുതിര്‍ന്ന ജീവനക്കാരിയായിരുന്നു മിറേല. സ്വന്തമായി ഒരു കാര്യവും ചെയ്യാന്‍ കഴിവില്ലാത്ത മാനസി രോഗികളായിരുന്നു മിറേല ശുശ്രൂഷിക്കേണ്ടവര്‍. ചുറ്റും നടക്കുന്ന കാര്യങ്ങളെ കുറിച്ച് അവര്‍ക്ക് യാതൊരു ബോധവുമുണ്ടായിരിക്കുകയില്ലെന്നും പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു. മിറേല എത്തി മുപ്പത് മിനിട്ടിനുളളില്‍ അന്തേവാസികള്‍ ഉറങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ട സഹപ്രവര്‍ത്തകര്‍ രഹസ്യമായി മിറേലയെ നിരീക്ഷി്ക്കുകയായിരുന്നു. ഡ്യൂട്ടിയിലെത്തി അല്‍പ്പസമയത്തിന് ശേഷം ഒരു ഗ്ലാസ് ഓറഞ്ച് ജ്യൂസുമായി മിറേല രോഗികളെ സമീപിക്കാറുണ്ടെന്നും ഒപ്പം ഇവര്‍ക്ക് ക്രീം നിറത്തിലുളള ഒരു ടാബ്‌ലെറ്റ് കഴിക്കാന്‍ കൊടുക്കാറുണ്ടെന്നും സഹപ്രവര്‍ത്തകര്‍ കണ്ടെത്തി. അത് കഴിച്ചു കഴിഞ്ഞ് അഞ്ചാറ് മിനിട്ടുകള്‍ക്കുളളില്‍ രോഗികള്‍ കടുത്ത ഉറക്കത്തിലേക്ക് വഴുതി വീഴുകയും ചെയ്യും.
കഴിഞ്ഞ വര്‍ഷം ജനുവരിയോടെ സംശയം കെയര്‍ഹോം അധികൃതര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. പോലീസ് അന്തേവാസികളുടെ മുടി പരിശോധനയ്ക്കായി അയക്കുകയും ആറ് രോഗികള്‍ക്ക് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കാത്ത വീര്യമേറിയ ഉറക്കഗുളികകള്‍ നല്‍കാറുണ്ടായിരുന്നതായി സ്ഥിരീകരിക്കുകയും ചെയ്തു. പെട്ടന്ന് പ്രവര്‍ത്തിക്കുന്ന ഇവ ആറ് മണിക്കൂര്‍ വരെ ഉറങ്ങാന്‍ സഹായിക്കും. അക്രമികളായ മാനസിക രോഗികള്‍ക്കാണ് ഡോക്ടര്‍മാര്‍ സാധാരണ ഇത് നല്‍കാറുളളത്.
പോലീസിന്റെ ചോദ്യം ചെയ്യലില്‍ താന്‍ രണ്ട് കസേരകള്‍ ചേര്‍ത്തിട്ട് ഇരിക്കാറുണ്ടായിരുന്നതായി മിറേല സമ്മതിച്ചു. എന്നാല്‍ ഡ്യൂട്ടി സമയത്ത് ഉറങ്ങാറുണ്ടായിരുന്നില്ല. ലൈറ്റ് ഓഫ് ചെയ്യുന്നത് മറ്റുളള രോഗികളുടെ ഉറക്കത്തിന് തടസ്സമാകണ്ടന്ന് കരുതിയാണന്നും മിറേല പോലീസിനോട് വ്യക്തമാക്കി. വിചാരണ തുടരുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല