1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 5, 2024

സ്വന്തം ലേഖകൻ: അധികാരം നേടിയാൽ കെയർ ഹോം മേഖലയിൽ നിലവിലുള്ള കുടിയേറ്റ തൊഴിലാളികൾ നേരിടുന്ന ചൂഷണങ്ങൾ അന്വേഷിക്കുമെന്ന് ലേബർ പാർട്ടി. ഇതിനായി ലേബർ സർക്കാർ പുതിയ എൻഫോഴ്‌സ്‌മെന്‍റ് ബോഡിക്ക് രൂപം നൽകുമെന്ന് ലേബർ പാർട്ടി നേതാവും ഷാഡോ ഹോം സെക്രട്ടറിയുമായ യെവെറ്റ് കൂപ്പർ പറഞ്ഞു. നിരവധി ചൂഷണ കേസുകൾ കെയർ ഹോം മേഖലയിൽ നിന്ന് പുറത്ത് വന്ന സാഹചര്യത്തിലാണ് ഇത്തരം ഒരു പ്രഖ്യാപനവുമായി ലേബർ പാർട്ടി രംഗത്ത് വന്നിരിക്കുന്നത്.

ഋഷി സുനക് നേതൃത്വം നൽകുന്ന കൺസർവേറ്റീവ് സർക്കാർ കെയർ മേഖലയിൽ കുടിയേറ്റ തൊഴിലാളികൾ നേരിടുന്ന ചൂഷണങ്ങൾ കണ്ടില്ലന്ന് നടിക്കുകയാണെന്നും യെവെറ്റ് കൂപ്പർ ആരോപിച്ചു. കൃത്യമായ ശമ്പളം ലഭിക്കാതെ റിക്രൂട്ടിങ് സ്ഥാപനങ്ങൾക്ക് അനധികൃതമായി ഫീസ് നൽകി 20,000 പൗണ്ട് വരെ കടബാധ്യതയുള്ള കുടിയേറ്റ തൊഴിലാളികളെ കുറിച്ച് അന്വേഷിക്കണമെന്നും ലേബർ പാർട്ടി ആവശ്യപ്പെടുന്നു.

യുകെയിൽ ഇത്തരത്തിൽ കുടുങ്ങിപ്പോയ ആളുകളുടെ അനുഭവത്തെക്കുറിച്ച് പൂർണ്ണമായ അന്വേഷണത്തിനായി റോയൽ കോളേജ് ഓഫ് നഴ്‌സിങ് (ആർസിഎൻ) നടത്തുന്ന അന്വേഷണത്തെ ലേബർ പിന്തുണയ്ക്കുമെന്ന് യെവെറ്റ് കൂപ്പർ പറഞ്ഞു. മലയാളികൾ ഉൾപ്പടെ നിരവധി പേരാണ് ഇത്തരത്തിൽ ചൂഷണങ്ങൾക്ക് ഇരയായിട്ടുള്ളത് എന്നാണ് പുറത്തു വരുന്ന സൂചനകൾ.

കുടിയേറ്റ കെയർ തൊഴിലാളികളെ വ്യാപകമായി ചൂഷണം ചെയ്യുന്നതിനും അത് വഴി കെയർ ഹോമുകളിലെ ദുർബലരായ ആളുകളെ അപകടത്തിലാക്കുന്നതിനും ഇമിഗ്രേഷൻ സംവിധാനം ദുരുപയോഗപ്പെടുത്തുന്നവർ ധാരാളമായി വർധിച്ചു വരുന്നതായി ലേബർ പാർട്ടി പറയുന്നുണ്ട്.

വിദേശ റിക്രൂട്ട്‌മെന്റിൽ നിന്ന് ലാഭം നേടുന്ന ഏജൻസികളും തൊഴിലുടമകളും അന്യായമായി ആയിരക്കണക്കിന് പൗണ്ട് ഫീസായി ഈടാക്കുന്ന ആളുകളുടെ കഥകൾ തികച്ചും അപമാനകരമാണെന്നും ‌ഇത്തരത്തിൽ തൊഴിലാളികളെ ചൂഷണം ചെയ്യുന്ന തൊഴിലുടമകളെ പ്രോസിക്യൂട്ട് ചെയ്യുന്നതിനും പൂർണ്ണമായ അന്വേഷണം ഉണ്ടായിരിക്കണമെന്നും ലേബർ പാർട്ടി പറയുന്നു. ഇത്തരത്തിൽ അന്വേഷണം ഉണ്ടായാൽ അനധികൃതമായി ഫീസ് വാങ്ങി കെയർ വീസകൾ വിതരണം ചെയ്യുന്നവർക്ക് തിരിച്ചടി ഉണ്ടാകും എന്നാണ് പുറത്തു വരുന്ന സൂചനകൾ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.