സ്വന്തം ലേഖകൻ: വെയില്‍സ്, ക്ലാനിക്കി, കര്‍മാന്തന്‍ഷയറിലെ ആഷ്‌ലി കോര്‍ട്ട് കെയര്‍ ഹോം ഉടമകള്‍ പറയുന്നത് ജീവനക്കാരുടെ കുറവ് രൂക്ഷമായതോടെ അന്തേവാസികളുടെ എണ്ണം കുറക്കേണ്ടതായി വന്നു എന്നാണ്. ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. കുടിയേറ്റം മുഖ്യ തെരഞ്ഞെടുപ്പ് അജണ്ടകളില്‍ ഒന്നായതോടെ സര്‍ക്കാര്‍ എടുത്ത കര്‍ശന നിലപാടുകള്‍ കല കെയര്‍ ഹോമുകളേയും പ്രശ്നത്തിലാക്കിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു. പ്രധാനമായും ഇന്ത്യ, ശ്രീലങ്ക, നൈജീരിയ എന്നിവിടങ്ങളില്‍ നിന്നുള്ള കുടിയേറ്റ ജീവനക്കാരെ ആശ്രയിച്ചാണ് ഈ മേഖല മുന്‍പോട്ട് പോകുന്നത്.
ഈ മേഖലയില്‍ ജീവനക്കാരുടെ ക്ഷാമം തീവ്രമായതോടെ 2022ല്‍ കെയര്‍ വര്‍ക്കര്‍മാരെയും സര്‍ക്കാര്‍ സ്‌കില്‍ഡ് വര്‍ക്കര്‍ വീസക്ക് കീഴില്‍ ഉള്‍പ്പെടുത്തിയിരുന്നു. അതോടെ, കെയര്‍ ഹോം ഉടമകള്‍ക്ക് വിദേശ കെയര്‍ വര്‍ക്കര്‍മാരെ സ്പോണ്‍സര്‍ ചെയ്യാനും യു കെയിലേക്ക് കൊണ്ടുവരാനും കഴിയുമായിരുന്നു. അതിനു മുന്‍പും ഈ മേഖലയിലേക്ക് ജീവനക്കാരെ ആവശ്യമുണ്ടെന്ന് പരസ്യം നല്‍കുമായിരുന്നെങ്കിലും കാര്യമായ പ്രതികരണമൊന്നും ലഭിക്കാറില്ല എന്നാണ് കെയര്‍ ഹോം ഉടമകളായ ഫിലിപ്പും ലക്ഷ്മിയും പറയുന്നത്.
സ്‌കില്‍ഡ് വീസക്ക് കീഴില്‍ കെയര്‍ വര്‍ക്കര്‍ ജോലികൂടി വന്നതോടെ സ്ഥിതിഗതികള്‍ മാറാന്‍ തുടങ്ങി. 2022-23 കാലഘട്ടത്തില്‍ 78,000 വിദേശ കെയര്‍ വര്‍ക്കര്‍മാരാണ് ദീര്‍ഘകാലം യു കെയില്‍ തങ്ങുന്നതിനുള്ള വീസയുമായി ഇവിടെ എത്തിയത്. കുടിയേറ്റം റെക്കോര്‍ഡ് ഉയരത്തിലെത്തിയ സമയമായിരുന്നു അത്. ഈ മേഖല, വിദേശ തൊഴിലാളികളെ അമിതമായി ആശ്രയിക്കുന്നു എന്ന് പറയുമ്പോഴും, സര്‍ക്കാര്‍ കര്‍ക്കശമാക്കിയ കുടിയേറ്റ നിയമങ്ങള്‍, ഈ മേഖലയില്‍ തൊഴിലാളി ചൂഷണത്തിന് വഴി തെളിക്കുന്നതായി ആര്‍ സി എന്‍ കുറ്റപ്പെടുത്തുന്നു.
പലരേയും വളരെ കുറഞ്ഞ വേതനത്തില്‍, കൂടുതല്‍ സമയം ജോലി ചെയ്യാന്‍ നിര്‍ബന്ധിതമാക്കുന്നതായി വിവിധയിടങ്ങളില്‍ നിന്നും പരാതി ലഭിച്ചിട്ടുണ്ടെന്ന് ആര്‍ സി എന്‍ വെയ്ല്‍സിലെ ഹെലെന്‍ വെയ്ലി പറയുന്നു. മതിയായ താമസ സൗകര്യം പോലും പലരും നല്‍കുന്നില്ല എന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ചൂഷണത്തിന്റെ പേരില്‍ ഏതാണ് 200 ഓളം സ്ഥാപനങ്ങളുടെ സ്പോണ്‍സര്‍ഷിപ്പ് ലൈസന്‍സ് എടുത്തു കളയുകയും ചെയ്തു. വിദേശ തൊഴിലാളികള്‍ ചൂഷണം ചെയ്യപ്പെടാതിരിക്കാനാണ് കര്‍ശന നടപടികള്‍ കൈക്കൊള്ളുന്നത് എന്നാണ് സര്‍ക്കാര്‍ ഭാഷ്യം.
സര്‍ക്കാരിന്റെ കര്‍ശനമായ കുടിയേറ്റ നയങ്ങള്‍ ആരോഗ്യമേഖലയെ പ്രതികൂലമായി ബാധിക്കുന്നതായി വെല്‍ഷ് നാഷണലിസ്റ്റ് പര്‍ട്ടിയായ പ്ലേ കമരി ആരോപിക്കുന്നു. വെയില്‍സിലെ ആരോഗ്യ മേഖലയിലേക്ക് കൂടുതല്‍ വിദെശ കെയറര്‍മാര്‍ വരുന്നതിനെ സ്വാഗതം ചെയ്യുന്നതാണ് പാര്‍ട്ടിയുടെ നിലപാട്. വംശമോ, ജന്മസ്ഥലമോ പരിഗണിക്കാതെ, ഈ മേഖലയിലെ വിദഗ്ധരായ തൊഴിലാളികള്‍ നല്‍കുന്ന സേവനത്തെ അംഗീകരിക്കാന്‍ യുകെ തയ്യാറാകണമെന്നും പാര്‍ട്ടി ആവശ്യപ്പെടുന്നു. അതേസമയം, ബ്രിട്ടനിലെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ എല്ലാം തന്നെ കുടിയേറ്റ നിരക്ക് കുറയ്ക്കണമെന്ന അഭിപ്രായക്കാരാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല