സ്വന്തം ലേഖകൻ: ബ്രിട്ടനിലെ കെയര്‍ മേഖലയില്‍ കുടിയേറ്റക്കാര്‍ വന്‍തോതില്‍ ചൂഷണങ്ങള്‍ നേരിടുന്നതായി പരാതി വ്യാപകമാണ്. ബ്രിട്ടനിലെത്തിയ പല കെയര്‍ ജോലിക്കാര്‍ക്കും ആവശ്യത്തിന് ജോലി നല്‍കാതെ മറ്റ് ജോലികള്‍ ചെയ്യിപ്പിക്കുന്നതായി ആരോപണം ശക്തമാണ്.
ഇതിന്റെ പേരില്‍ പരാതിപ്പെട്ടതിന് ഹെല്‍ത്ത്‌കെയര്‍ കമ്പനി പുറത്താക്കിയ ഇന്ത്യന്‍ വംശജനായ കുടിയേറ്റ നഴ്‌സിന് ബ്രിട്ടീഷ് ഹെല്‍ത്ത്‌കെയര്‍ കമ്പനി നഷ്ടപരിഹാരം നല്‍കേണ്ടി വരുമെന്നാണ് ഒരു എംപ്ലോയ്‌മെന്റ് ജഡ്ജ് വിധിച്ചിരിക്കുന്നത്. ഇതോടെ സമാനമായ ചൂഷണത്തിന് വിധേയരായ ഡസന്‍ കണക്കിന് കുടിയേറ്റ കെയറര്‍മാരും കേസുമായി മുന്നോട്ട് വരുമെന്നാണ് കരുതുന്നത്.
2023-ല്‍ കിരണ്‍കുമാര്‍ റാത്തോഡിനെ പിരിച്ചുവിട്ടതിന് ശേഷവും നല്‍കാനുള്ള ശമ്പളം നല്‍കേണ്ടി വരുമെന്നാണ് ക്ലിനിക്ക് പ്രൈവറ്റ് ഹെല്‍ത്ത്‌കെയറിന് എംപ്ലോയ്‌മെന്റ് ജഡ്ജ് നതാഷാ ജോഫെ ഉത്തരവ് നല്‍കിയിരിക്കുന്നത്. ഇതോടെ 13,000 പൗണ്ടിലേറെ പേഔട്ടാണ് റാത്തോഡിന് ലഭിക്കുക.
തനിക്കും, മറ്റ് സഹജീവനക്കാര്‍ക്കും യുകെയില്‍ ഓഫര്‍ ചെയ്ത ഫുള്‍ടൈം ജോലി നല്‍കിയില്ലെന്നത് സംബന്ധിച്ച ആശങ്ക അറിയിച്ചതിന്റെ പേരിലാണ് റാത്തോഡിനെ പുറത്താക്കിയത്. കെയര്‍ മേഖലയില്‍ ജോലി നഷ്ടമാകുമെന്ന് ഭയന്ന് കുടിയേറ്റ ജീവനക്കാര്‍ ചൂഷണം സഹിക്കേണ്ട ഗതികേട് നേരിടുന്നതായി വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെയാണ് ഈ ഇടക്കാല ഉത്തരവ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല