സ്വന്തം ലേഖകൻ: ഹെല്‍ത്ത് കെയര്‍ വീസ ചട്ടങ്ങള്‍ കൂടുതല്‍ കര്‍ക്കശമാകുമ്പോള്‍ ഇന്ത്യാക്കാര്‍ ഉള്‍പ്പടെയുള്ള നിരവധി വിദേശ തൊഴിലാളികളാണ് കഷ്ടത്തിലാകുന്നത്. കഴിഞ്ഞ വര്‍ഷം യു കെ 1,40,000 ആണ് വിദേശ തൊഴിലാളികള്‍ക്ക് നല്‍കിയത്. അതില്‍ 39,000 പേര്‍ ഇന്ത്യയില്‍ നിന്നുള്ളവരായിരുന്നു എന്ന് കണക്കുകള്‍ കാണിക്കുന്നു.
ഇങ്ങനെ ജോലിക്ക് എത്തി, ഏതെങ്കിലും വിധത്തില്‍ ജോലി നഷ്ടപ്പെടുകയോ, സ്പോണ്‍സര്‍ അയോഗ്യനാക്കപ്പെടുകയോ ചെയ്യുന്ന സാഹചര്യത്തില്‍ പുതിയ സ്പോണ്‍സറെ കണ്ടെത്താന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന് കുടിയേറ്റ തൊഴിലാളികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയാണ്.
ഈ ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള ഓണ്‍ലൈന്‍ നിവേദനത്തിന്, അത് പുറത്തിറങ്ങി ദിവസങ്ങള്‍ക്കകം തന്നെ ആയിരക്കണക്കിന് ഒപ്പുകളാണ് ലഭിച്ചിരിക്കുന്നത്. ഈ മാസം ആദ്യം മുതല്‍ പ്രാബല്യത്തില്‍ വന്ന നിയമമനുസരിച്ച്, ഇംഗ്ലണ്ടില്‍, കെയര്‍ വര്‍ക്കര്‍മാരുടെ സ്പോണ്‍സര്‍മാരായ കെയര്‍ സേവന ദാതാക്കളായ കമ്പനികള്‍ കെയര്‍ ക്വാളിറ്റി കമ്മീഷനില്‍ (സി ക്യു സി) റജിസ്റ്റര്‍ ചെയ്യണം. ഈ മേഖലയിലെ തൊഴിലാളികള്‍ ദുരുപയോഗം ചെയ്യപ്പെടുന്നത് തടയുവാനായിട്ടാണ് ഈ പുതിയ നിയമം കൊണ്ടുവന്നത് എന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്.
എന്നാല്‍,ഇന്ത്യയില്‍ നിന്നുള്‍പ്പടെയുള്ള നിരവധി വിദേശ കെയര്‍ വര്‍ക്കര്‍മാര്‍ക്ക് ഈ നീക്കം ഏറെ ക്ലേശങ്ങളാണ് ഉണ്ടായിരിക്കുന്നത്. നേരാത്തേ സ്പോണ്‍സര്‍മാര്‍ ആയിരുന്നവരില്‍ പലരും ഈ പുതിയ നിയമം വന്നതോടെ സ്പോണ്‍സര്‍മാര്‍ അല്ലാതായി തീര്‍ന്നു. ഇതോടെ ഇവരുടേ സ്പോണ്‍സര്‍ഷിപ്പില്‍ എത്തിയവര്‍ക്ക് യു കെയില്‍ തുടരണമെങ്കില്‍ മറ്റൊരു സ്പോണ്‍സറെ കണ്ടെത്തേണ്ട സാഹചര്യമാണുള്ളത്. ഇതിനായി നിയമം അനുവദിക്കുന്നത് കേവലം 60 ദിവസങ്ങള്‍ മാത്രവും.
ഒരു കുടുംബത്തെ സംബന്ധിച്ച്, തിരികെ പോകാനുള്ള ഒരുക്കങ്ങള്‍ നടത്തുവാനൊക്കെ 60 ദിവസങ്ങള്‍ തീരെ കുറവാണ് എന്ന് ഈ നിവേദനം തയ്യാറാക്കിയ ബാലകൃഷ്ണന്‍ ബാലഗോപാല്‍ പറയുന്നു. മക്കളുടെ സ്‌കൂള്‍ പഠനം താറുമറകും എന്നു മാത്രമല്ല വാടക അഡ്വാന്‍സ് തിരികെ ലഭിക്കാനും ബുദ്ധിമുട്ടാകും. അതുപോലെ ടിക്കറ്റ് ചാര്‍ജ്ജുകള്‍, റീലൊക്കേഷന്‍ ചെലവുകള്‍ എന്നിവയൊക്കെ കണ്ടെത്തെണ്ടതുണ്ട് എന്നും ബാലഗോപാല്‍ പറയുന്നു.
ഒരുപാട് ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍മാാര്‍ക്ക് യു കെയില്‍ തൊഴില്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞൂ. അവരെ സ്പോണ്‍സര്‍ ചെയ്തിരുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സ് പുതിയ നിയമം വന്നതോടെ നഷ്ടമായതിനാല്‍, ജോലി പ്രതീക്ഷിച്ച് ഇവിടെ പുതിയതായി എത്തിയ പലര്‍ക്കും തൊഴില്‍ ലഭിച്ചിട്ടുമില്ല. ഇത്തരം സാഹചര്യത്തില്‍, തൊഴില്‍ നഷ്ടമായ ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍മാര്‍ക്ക് പുതിയ ജോലി കണ്ടെത്തുന്നതുവരെ ഒരു വര്‍ഷം യുകെയില്‍ താമസിക്കാനുള്ള അനുവാദം നല്‍കണം എന്നാണ് നിവേദനത്തില്‍ ആവശ്യപ്പെടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല