സ്വന്തം ലേഖകൻ: സോഷ്യല്‍ കെയര്‍ മേഖലയിലെ തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതില്‍ കുടിയേറ്റത്തിന് വലിയ പങ്കുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍ കാണിക്കുന്നത്. മാത്രമല്ല, അഞ്ചില്‍ ഒരു കെയറര്‍ വീതം ഇപ്പോള്‍ പുരുഷന്മാരാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഇത് ഒരു റെക്കോര്‍ഡ് തന്നെയാണ്. പരമ്പരാഗതമായി സ്ത്രീകള്‍ കൈയടക്കി വെച്ചിരുന്ന ഇംഗ്ലണ്ടിലെ സോഷ്യല്‍ കെയര്‍ സെക്റ്ററില്‍ ഇപ്പോള്‍ 21 ശതമാനം പുരുഷന്മാരാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതാദ്യമായാണ് ഈ മേഖലയിലെ തൊഴിലാളികളില്‍ അഞ്ചില്‍ ഒന്നില്‍ കൂടുതല്‍ പേര്‍ പുരുഷന്മാര്‍ ആകുന്നത്.
സര്‍ക്കാര്‍ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന സ്‌കില്‍സ് ഫോര്‍ കെയര്‍ എന്ന സംഘടനയുടേ കണക്കുകള്‍ കാണിക്കുന്നത് ഈ മേഖലയില്‍ 2021 -22 കാലത്ത് 10.6 ശതമാനം ഒഴിവുകള്‍ ഉണ്ടായിരുന്നത് ഇപ്പോള്‍ 8.3 ശതമാനമായി കുറഞ്ഞു എന്നാണ്. കഴിഞ്ഞ രണ്ട് വര്‍ഷക്കാലത്തിനിടയില്‍ 1,85,000 വിദേശ തൊഴിലാളികളാണ് ഈ മേഖലയില്‍ എത്തിയത്. 130 വ്യത്യസ്ത രാജ്യങ്ങളുടെ പൗരത്വമുള്ളവര്‍ ഇക്കൂട്ടത്തിലുണ്. ഇതില്‍ ഏറ്റവുമധികം ആളുകള്‍ വന്നത് ഇന്ത്യയില്‍ നിന്നാണ് നൈജീരിയ, സിംബാബ്വേ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് എണ്ണത്തില്‍ തൊട്ട് പിന്നിലുള്ളത്.
എന്നാല്‍, ഇവരുടെ നില പരിതാപകരമാണെന്നാണ് ട്രേഡ് യൂണിയനുകള്‍ ചൂണ്ടിക്കാട്ടുന്നത്. ഒരു കെയര്‍ വര്‍ക്കറുടെ ശരാശരി വേതനം മണിക്കൂറില്‍ 11.58 പൗണ്ട് ആണ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ദേശീയ മിനിമം വേതനത്തേക്കാള്‍ വെറും 14 പെന്‍സ് കൂടുതല്‍. അതേസമയം, മെക് ഡൊണാള്‍ഡ്‌സ് പോലുള്ള സ്ഥാപനങ്ങള്‍ ജീവനക്കാര്‍ക്ക് ഇതിലും, മെച്ചപ്പെട്ട വേതനം നല്‍കുന്നുണ്ട്. കെയര്‍ വര്‍ക്കര്‍മാര്‍ക്ക് മെച്ചപ്പെട്ട വേതനം ഉറപ്പാക്കേണ്ടുന്നതിന്റെ ആവശ്യകതയാണ് ഇത് കാണിക്കുന്നതെന്ന് ജി എം ബി ട്രേഡ് യൂണിയന്‍ പറയുന്നു. ഇക്കാര്യം ലേബര്‍ സര്‍ക്കാരിന്റെ പുതിയ എംപ്ലോയ്‌മെന്റ് റൈറ്റ്‌സ് ബില്ലില്‍ ഉള്‍ക്കൊള്ളിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.
അതേസമയം, സോഷ്യല്‍ കെയര്‍ മേഖലയിലെ തൊഴിലാളികളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ വിദേശ റിക്രൂട്ട്‌മെന്റുകള്‍ ആവശ്യമാണെന്ന് സ്‌കില്‍സ് ഫോര്‍ കെയര്‍ ചീഫ് എക്സിക്യൂട്ടീവ് പ്രൊഫസര്‍ ഊനാഗ് സ്മിത്ത് പറയുന്നു. എന്നാല്‍, ഇത് ശാശ്വതമായ ഒരു പരിഹാരമല്ലെന്നും പ്രൊഫസര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ബ്രിട്ടനില്‍ തന്നെ ഈ മേഖലയിലേക്ക് ആവശ്യമായ തൊഴിലാളികളെ പരിശീലിപ്പിച്ചെടുക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കണം. കഴിഞ്ഞ വഷം സ്വകാര്യമേഖലയില്‍ 1,05,000 വിദേശ തൊഴിലാളികള്‍ ജോലി ആരംഭിച്ചപ്പൊള്‍ ബ്രിട്ടീഷ് തൊഴിലാളികളുടെ എണ്ണം 30,000 ആയി കുറഞ്ഞുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല