സ്വന്തം ലേഖകൻ: മലയാളി മാധ്യമപ്രവര്‍ത്തകന്‍ പുറത്തുവിട്ട, ബിബിസി പനോരമയുടെ അന്വേഷാത്മക റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്ത് ബ്രിട്ടീഷ് പാര്‍ലമെന്റ് കമ്മിറ്റി. റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ വയോജന പരിചരണ രംഗത്തെ ചൂഷണവും നിലവാര തകര്‍ച്ചയും സര്‍ക്കാരിന്റെ ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ കമ്മിറ്റി ചര്‍ച്ച ചെയ്തു. പാര്‍ലമെന്റിന്റെ കമ്മിറ്റി ഹാളിലായിരുന്നു ചര്‍ച്ച.
കേരളത്തില്‍ നിന്നുള്‍പ്പെടെ ബ്രിട്ടനിലെ കെയര്‍ ഹോമുകളിലേക്ക് ജോലിക്കായി എത്തിയ വിദേശ നഴ്‌സുമാരേയും കെയറര്‍മാരേയും കുരുക്കിലാക്കി ചൂഷണം ചെയ്യുന്നതിനെ കുറിച്ചുള്ളതാണ് അന്വേഷണ റിപ്പോര്‍ട്ട്. ബാലകൃഷ്ണന്‍ ബാലഗോപാല്‍ എന്ന മലയാളി മാധ്യമ പ്രവര്‍ത്തകനാണ് ബ്രിട്ടനെയാകെ ഞെട്ടിച്ച ഈ അന്വേഷണ റിപ്പോര്‍ട്ട് രഹസ്യമായി തയ്യാറാക്കിയത്.ന്യൂകാസിലെ ഒരു നഴ്‌സിങ് ഹോമില്‍ നിന്നാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
ന്യൂകാസിലിലുള്ള ഒരു കെയര്‍ ഹോമില്‍ സെപ്തംബര്‍ മുതല്‍ നവംബര്‍ വരെ നഴ്‌സിങ് കെയററായി ജോലി ചെയ്താണ് ബാലഗോപാല്‍ വീഡിയോ റിപ്പോര്‍ട്ട് ബിബിസിക്കായി വാര്‍ത്ത തയ്യാറാക്കിയത്. 15 നഴ്‌സിങ് ഹോമുകളിലുള്ള ഈ ഗ്രൂപ്പില്‍ പണിയെടുക്കുന്ന നഴ്‌സുമാരിലും കെയറര്‍മാരിലും മഹാഭൂരിപക്ഷവും വിദേശത്തുനിന്നുള്ളവരാണ്. കേരളത്തില്‍ നിന്നുള്ള നൂറ്റമ്പതോളം പേരാണ് ഗ്രൂപ്പിന് കീഴിലുള്ളത്.
ഗവണ്‍മെന്റ് വെബ്‌സൈറ്റ് വഴി അപേക്ഷിച്ചാല്‍ കേവലം 551 പൗണ്ടു മാത്രം ചെലവാകുന്ന വീസയ്ക്കായി റിക്രൂട്ട്‌മെന്റ് സ്ഥാപനത്തിന് ആറായിരം മുതല്‍ പതിനായിരം പൗണ്ടുവരെ നല്‍കിയാണ് പലരും ജോലി സമ്പാദിച്ചതെന്ന് മലയാളത്തില്‍ തന്നെ ബിബിസി ഡോക്യുമെന്ററിയില്‍ ചില മലയാളികള്‍ തുറന്നുപറയുന്നുണ്ട്.മറ്റൊരു സ്ഥലത്ത് ജോലിക്കു പോകാന്‍ കഴിയാത്ത വിധം നഴ്‌സിങ് ഹോമില്‍ കുടുങ്ങുന്ന സാഹചര്യവും മലയാളികളായ നഴ്‌സുമാരും കെയറര്‍മാരും വീഡിയോയിലൂടെ പറയുന്നുണ്ട്.
ഏതെങ്കിലും എപ്ലോയറുടെ സ്‌പോണ്‍സര്‍ഷിപ്പിലെത്തുന്ന നഴ്‌സുമാരും കെയറര്‍മാരും ജോലിയില്‍ നിന്ന് പുറത്തുവന്നതാല്‍ 60 ദിവസത്തിനുള്ളില്‍ അടുത്ത സ്‌പോണ്‍സറെ കണ്ടെത്തി ജോലി കണ്ടെത്തണം. അല്ലാത്ത പക്ഷം അവര്‍ക്ക് തിരിച്ചുപോകേണ്ടിവരും.ഇതു മുതലെടുക്കുകയാണ് പല ഹോം ഉടമകളും.
അമ്പതിലധികം അന്തേവാസികളുള്ള ഹോമിലെ പരിതാപകരമായ നഴ്‌സിങ് സാഹചര്യം പരിചരണത്തിലെ പരിതാപാവസ്ഥയുമെല്ലാം തുറന്നുകാട്ടുന്നതാണ് അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള റിപ്പോര്‍ട്ട്. ആഴ്ചയില്‍ ശരാശരി 1100 പൗണ്ട് വരെ ഫീസ് ഈടാക്കുന്ന അന്തേവാസികള്‍ക്കാണ് അവഗണന നേരിടേണ്ടിവരുന്നത്. ബിബിസി വാര്‍ത്ത ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ കമ്മിറ്റിയും ചര്‍ച്ചയാക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല