സ്വന്തം ലേഖകൻ: യുകെയിലേക്ക് കുടിയേറുന്ന കെയര്‍ വര്‍ക്കര്‍മാരുടെയും വിദ്യാര്‍ത്ഥികളുടെയും എണ്ണത്തില്‍ ഗണ്യമായ കുറവ് വരുന്നതായി റിപ്പോര്‍ട്ട്. മുന്‍ സര്‍ക്കാരിന്റെ കര്‍ക്കശ സമീപനമാണ് ഇതിന് വഴി തെളിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വര്‍ക്കര്‍മാരും, അവരുടെ കുടുംബങ്ങളും വീസക്കായി അപേക്ഷിക്കുന്നതില്‍ ജൂലായ് മാസത്തില്‍ മൂന്നില്‍ ഒന്ന് കുറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഹെല്‍ത്ത് ആന്‍ഡ് കെയര്‍ മേഖലയിലാണ് വീസയ്ക്കായി അപേക്ഷിക്കുന്നവരില്‍ ഏറ്റവും അധികം കുറവുണ്ടായിരിക്കുന്നത്. 82 ശതമാനമാണ് ഇതില്‍ ജൂലായ് മാസത്തില്‍ കുറവുണ്ടായിരിക്കുന്നത്. വെറും 2,900 അപേക്ഷകളാണ് ലഭിച്ചത്. അതേസ്ശമയം സ്റ്റുഡന്റ് വീസയില്‍ ജൂലായ് മാസത്തില്‍ ഉണ്ടായ കുറവ് 15 ശതമാനമാണ്. 69,500 അപേക്ഷകളാണ് സ്റ്റുഡന്റ് വീസക്കായി ലഭിച്ചത്.
മൊത്തത്തില്‍ തന്നെ കുടിയേറ്റ നിരക്കില്‍ ഈ വര്‍ഷം വന്‍ ഇടിവുണ്ടാകും എന്നാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. 2022- നെറ്റ് ഇമിഗ്രേഷന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സംഖ്യയായ 7,64,000 ല്‍ എത്തിയിരുന്നു. അതേ തുടര്‍ന്നായിരുന്നു ഋഷി സുനക് സര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടു വന്നതും സ്റ്റുഡന്റ് വീസയിലും ഹെല്‍ത്ത് ആന്‍ഡ് കെയര്‍ വീസയിലും വരുന്നവരെ കൂടെ ആശ്രിതരെ കൊണ്ടു വരുന്നത് തടയുന്നതായിരുന്നു അതില്‍ ഒന്ന്. ഈ നയം മാറ്റാന്‍ തത്ക്കാലം ലേബര്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല എന്നാണ് അറിയുന്നത്.
ജൂലായ് മാസത്തിലെ ഹോം ഓഫീസിന്റെ ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്, സ്പോണ്‍സേര്‍ഡ് സ്റ്റുഡന്റ് വീസയ്ക്കുള്ള അപേക്ഷകളില്‍ 15 ശതമാനം കുറവ് വന്നു എന്നാണ്. ഈ വര്‍ഷം ആരംഭിച്ചത് മുതല്‍ ഇക്കാര്യത്തില്‍ കുറവാണ് ദര്‍ശിക്കുന്നത്. അടുത്ത അഞ്ച് വര്‍ഷക്കാലത്തേക്ക് കുടിയേറ്റം കുറയുക തന്നെ ചെയ്യും എന്നാണ് ഓക്സ്‌ഫോര്‍ഡിലെ മൈഗ്രേഷന്‍ ഒബ്‌സര്‍വേറ്ററി യുടെ കണക്കുകള്‍ പറയുന്നത്. 2030 ആകുമ്പോഴേക്കും നെറ്റ് മൈഗ്രേഷന്‍ 3,50,000 ആയി കുറയും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല