ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ കരുത്തരായ ചെല്‍സിയും ആഴ്‌സണലും കാര്‍ലിംഗ് കപ്പ് ഫുട്‌ബോളില്‍നിന്നു പുറത്തായി. സ്‌റ്റാംഫോര്‍ഡ് ബ്രിഡ്‌ജിലെ സ്വന്തം തട്ടകത്തില്‍ നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ലിവര്‍പൂളാണ് 2-0 ത്തിന് ചെല്‍സിയെ കെട്ടുകെട്ടിച്ചത്. സ്വന്തം തട്ടകത്തില്‍ വച്ചാണ് ആഴ്‌സണലിനും അടിതെറ്റിയത്. മാഞ്ചസ്‌റ്റര്‍ സിറ്റി 1-0 ത്തിനാണ് ആഴ്‌സണലിന്റെ സെമി പ്രതീക്ഷ തകര്‍ത്തത്.
ബ്ലാക്ക്‌ബേണിനെ മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്കു തോല്‍പ്പിച്ച് കാര്‍ഡിഫ് സിറ്റി 1966 നു ശേഷം ആദ്യമായി കാര്‍ലിംഗ് കപ്പ് സെമിയില്‍ കടന്നു. മാക്‌സി റോഡ്രിഗസും മാര്‍ട്ടിന്‍ കെല്ലിയും രണ്ടാംപകുതിയില്‍ നേടിയ ഗോളുകളാണ് ലിവര്‍പൂളിന് സെമിയിലേക്കുള്ള ടിക്കറ്റ് നല്‍കിയത്.
സ്‌റ്റാംഫോര്‍ഡ് ബ്രിഡ്‌ജില്‍ ലിവര്‍പൂള്‍ നേടുന്ന തുടര്‍ച്ചയായ മൂന്നാം ജയംകൂടിയാണിത്. ആന്‍ഡി കാരോള്‍ പെനാല്‍റ്റി പാഴാക്കിയതിനാല്‍ ലിവര്‍പൂളിന് ഒന്നാംപകുതിയില്‍ ഗോളടിക്കാനായില്ല. 2005 ലാണ് ലിവര്‍പൂള്‍ അവസാനമായി കാര്‍ലിംഗ് സെമിയില്‍ കടക്കുന്നത്. അന്നു ഫൈനലില്‍ ചെല്‍സിയോട് അവര്‍ തോല്‍ക്കുകയായിരുന്നു.
അര്‍ജന്റീന താരം സെര്‍ജിയോ അഗ്യൂറോയുടെ ഗോളാണ് ആഴ്‌സണലിന്റെ വിധി കുറിച്ചത്. 36 വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായാണ് മാഞ്ചസ്‌റ്റര്‍ സിറ്റി കാര്‍ലിംഗ് കപ്പ് സെമിയില്‍ കടക്കുന്നത്. മത്സരം തീരാന്‍ ഏഴു മിനിട്ട് ബാക്കിനില്‍ക്കെയാണ് അഗ്യൂറോ ഗോളടിക്കുന്നത്. 1975 നു ശേഷം ആദ്യമായാണ് സിറ്റി ആഴ്‌സണലില്‍ ജയിക്കുന്നതും. ആഴ്‌സണല്‍ താരങ്ങളായ പാര്‍ക് ചു യംഗും അലക്‌സ് ഓക്‌സ്ലാഡും സിറ്റിയുടെ ഗോള്‍മുഖത്തു നിരന്തര ആക്രമണം നടത്തിയെങ്കിലും ഗോള്‍ വീണില്ല. സിറ്റിയുടെ ബോസ്‌നിയക്കാരന്‍ സ്‌ട്രൈക്കര്‍ എഡിന്‍ ഡെസ്‌കോ മൂന്നു തവണ ഗോളിനടുത്തെത്തിയെങ്കിലും വിഫലമായി.
ഗോളടിക്കാനായില്ലെങ്കിലും അഗ്യൂറോയ്‌ക്കു വഴിയൊരുക്കിയത് ഡെസ്‌കോയാണ്. കെല്ലി മില്ലറുടെയും ആരന്‍ ഗണ്ണാഴ്‌സണിന്റെയും ഗോളുകളാണ് ബ്ലാക്ക്‌ബേണിനെതിരേ കാര്‍ഡിഫിനെ ജയിപ്പിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല