1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 29, 2011

ഇനി പെട്രോള്‍ പമ്പില്‍ ചെന്ന്‌ കാപ്പിക്കുരു ചോദിക്കേണ്ട അവസ്‌ഥയാകുമോ ഉണ്ടാകുക. അങ്ങനെയൊന്നും വരില്ലെന്ന്‌ ആര്‍ക്കു പറയാന്‍ കഴിയും? ഏറ്റവും പുതിയ വാര്‍ത്ത കേട്ടില്ലേ? കാപ്പിക്കുരു ഉപയോഗിച്ചുള്ള ഇന്ധനം കൊണ്ട്‌ കാര്‍ ഓടിച്ചിരിക്കുന്നു.!!! സംഭവം സത്യമാണ്‌. ഇംഗ്ലണ്ടില്‍ തന്നെയാണ് സംഭവം. മാഞ്ചസ്‌റ്ററില്‍നിന്ന്‌ ലണ്ടനിലേക്കുള്ള 210 മൈലുകളാണ്‌ കാപ്പി’കുടിച്ച്‌’ കാറോടിയത്‌. വാണിജ്യപരമായ ഉത്‌പാദനത്തിലേക്ക്‌ പോകാന്‍ ഇനിയും ഏറെ ദൂരം പോകേണ്ടതുണ്ട്‌ എന്നിരുന്നാലും കുത്തനെ വില കയറുന്ന പെട്രോളിന്‌ ബദല്‍ ഇന്ധനം അന്വേഷിക്കുന്നവര്‍ക്ക്‌ ചിന്തിച്ചു തലപുകയ്‌ക്കാനെങ്കിലും ഒരു ഉത്തരമായിരിക്കുകയാണ്‌.

പെട്രോളിനെ അപേക്ഷിച്ച്‌ കാല്‍ ഭാഗത്തോളം ചെലവ്‌ കുറയ്‌ക്കുന്നതാണ്‌ ഈ കാപ്പിക്കാര്‍. കാര്‍-പുച്ചിനോ എന്നാണ്‌ ചെല്ലപ്പേര്‌. 1988 മോഡല്‍ ഫോക്‌സ്വാഗണ്‍ സ്‌കിറോക്കോയാണ്‌ കാപ്പിക്കാറായി രൂപം മാറിയത്‌. റോസ്‌റ്റ് ചെയ്‌ത കാപ്പിക്കുരുവില്‍നിന്നാണ്‌ കാറിന്റെ ഇന്ധനം റെഡിയാക്കുന്നത്‌. ബിബിസി 1 സയന്‍സ്‌ പ്രോഗ്രാമായ ബാങ്‌ ഗോസ്‌ ദി തിയറിയുടെ ടീമാണ്‌ ഈ ആശയത്തിനു പിന്നില്‍. മാഞ്ചസ്‌റ്ററിലെ ഓട്ടോ ഷോയിലാണ്‌ കാര്‍ പ്രദര്‍ശിപ്പിച്ചത്‌.

ഓര്‍ഗാനിക്‌ വേസ്‌റ്റ് ഉപയോഗിച്ച്‌ ഓടിക്കുന്ന വാഹനങ്ങളില്‍ ഏറ്റവും വേഗത്തില്‍ ഓടുന്ന വാഹനമെന്ന ബഹുമതിയാണ്‌ ഇതു സ്വന്തമാക്കിയത്‌. യോര്‍ക്കിനു സമീപത്തെ എല്‍വിംഗ്‌ടണ്‍ റേസ്‌ ട്രാക്കില്‍ മണിക്കൂറില്‍ 66.5 മൈല്‍ എന്ന വേഗം കൈവരിക്കാനും ഈ കാപ്പിക്കുരു കാറിന്‌ കഴിഞ്ഞു. ഇതിനു മുന്‍പ്‌ ഒരു അമേരിക്കന്‍ സംഘം വിറകുകഷണങ്ങള്‍ ഉപയോഗിച്ച്‌ ഓടിച്ച വാഹനം മണിക്കൂറില്‍ 47 മൈലില്‍ ഓടിയതാണ്‌ ഇതിനു മുന്‍പുള്ള റെക്കോഡ്‌. മാര്‍ട്ടിന്‍ ബേക്കണിന്റെ നേതൃത്വത്തില്‍ ടീസ്‌ഡേല്‍ കണ്‍സര്‍വേഷന്‍ വളണ്ടിയര്‍മാരുടെ സഹായത്തോടെ കാറില്‍ മാറ്റം വരുത്തിയത്‌.

ഇവരുടെ ടീം മുന്‍പ്‌ ഒരു ഫോക്‌സ്വാഗണ്‍ സിറോക്കോ കാര്‍ കാപ്പിക്കുരു ഇന്ധനമാക്കി ഓടിച്ചിട്ടുണ്ട്‌. കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ ലണ്ടനില്‍ നിന്നു മാഞ്ചസ്‌റ്ററിലേക്ക്‌ ഓടിച്ച ഈ കാറും ലോകറെക്കോഡ്‌ നേടി. വേസ്‌റ്റ് മെറ്റീരിയല്‍ ഉപയോഗിച്ച്‌ ഇത്ര ദൂരം ഓടുന്ന ആദ്യ കാറായിരുന്നു ഇത്‌. പെട്രോള്‍, ഡീസല്‍, ഗ്യാസ്‌ തുടങ്ങിയവയ്‌ക്ക് ബദലായി ബയോ വേസ്‌റ്റ് ഉപയോഗിക്കാമെന്നാണ്‌ ഇതു തെളിയിക്കുന്നതെന്ന്‌ ശാസ്‌ത്രജ്‌ഞന്മാര്‍ പറഞ്ഞു.

കാപ്പിക്കുരു ചാര്‍കോള്‍ പോലെ കത്തിക്കുകയാണ്‌ ആദ്യം ചെയ്യുക. തുടര്‍ന്നുണ്ടാകുന്ന കമ്പസ്‌റ്റ്ഷന്‍ ഗ്യാസ്‌ ചൂടായ കാര്‍ബണ്‍ ഉപയോഗിച്ച്‌ കാര്‍ബണ്‍ മോണോക്‌സൈഡും ഹൈഡ്രജനും ആക്കി മാറ്റും. ഇതു പിന്നീട്‌ സൈക്ലോണ്‍ ഫില്‍ടര്‍, റോക്ക്‌ വൂള്‍ ഫില്‍ടര്‍ എന്നിവ ഉപയോഗിച്ച്‌ ഫില്‍ടര്‍ ചെയ്‌ത ശേഷം റേഡിയേറ്റര്‍ ഉപയോഗിച്ച്‌ തണുപ്പിക്കും. ഇത്ര പ്രക്രിയ കഴിയുമ്പോഴേക്കും തണുത്തു ശുദ്ധിയായ ഗ്യാസ്‌ എന്‍ജിനിലേക്ക്‌ എത്തിക്കും. ഇതിന്റെ ശക്‌തിയിലാണ്‌ എന്‍ജിന്‍ പ്രവര്‍ത്തിക്കുന്നത്‌. മാഞ്ചെസ്‌റ്ററില്‍ അടുത്ത 22,23 തീയതികളില്‍ ബാംഗ്‌ ഗോസ്‌ ദ്‌ തിയറീസ്‌ റോഡ്‌ ഷോയില്‍ ഈ കാര്‍ പ്രദര്‍ശിപ്പിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.