1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 15, 2023

സ്വന്തം ലേഖകൻ: ഓട്ടോമാറ്റിക് കാറുകള്‍ ഓടിക്കാന്‍ ഇനി പ്രത്യേക ലൈസന്‍സെടുക്കണം. ഇരുചക്രവാഹനങ്ങളുടെ മാതൃകയില്‍ കാറുകള്‍ക്കും ഓട്ടോമാറ്റിക്, ഗിയര്‍ എന്നിങ്ങനെ രണ്ടുതരം ലൈസന്‍സുകളുണ്ടാകും. ഇരുവിഭാഗത്തിനും പ്രത്യേകം ഡ്രൈവിങ് ടെസ്റ്റും നടത്തും. ഓട്ടോമാറ്റിക് വാഹനം ഓടിക്കേണ്ടവര്‍ക്ക് ഇ.വാഹനങ്ങളിലോ ഓട്ടോമാറ്റിക് കാറുകളിലോ ഡ്രൈവിങ് ടെസ്റ്റില്‍ പങ്കെടുക്കാം.

ഗിയര്‍വാഹനങ്ങള്‍ ഓടിക്കാന്‍ ലൈസന്‍സ് നേടുന്നവര്‍ക്ക് അതേവിഭാഗത്തിലെ ഓട്ടോമാറ്റിക് വാഹനങ്ങളും ഓടിക്കാം. പക്ഷേ, ഓട്ടോമാറ്റിക് വാഹന ലൈസന്‍സുള്ളവര്‍ക്ക് ഗിയര്‍വാഹനങ്ങള്‍ ഓടിക്കാന്‍ അനുമതിയുണ്ടാകില്ല. അവര്‍ ഗിയര്‍വാഹനങ്ങളില്‍ വീണ്ടും ടെസ്റ്റ് പാസാകേണ്ടിവരും. സംസ്ഥാനസര്‍ക്കാരിന്റെ നിവേദനത്തെത്തുടര്‍ന്നാണ് കേന്ദ്രഉപരിതല ഗതാഗത മന്ത്രാലയം കാറുകളും ചെറുവാനുകളും ഉള്‍പ്പെടുന്ന ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ (എല്‍.എം.വി.) വിഭാഗത്തിന് പ്രത്യേക ക്ലാസ് ലൈസന്‍സ് ഏര്‍പ്പെടുത്തിയത്.

കേന്ദ്ര ഡ്രൈവിങ് ലൈസന്‍സ് സംവിധാനമായ ‘സാരഥി’യിലേക്ക് മാറിയപ്പോള്‍ വിവിധ സംസ്ഥാനങ്ങളിലെ ലൈസന്‍സ് വിഭാഗങ്ങളും കേന്ദ്രം ക്രമീകരിച്ചിരുന്നു. സംസ്ഥാനത്തുണ്ടായിരുന്ന ഓട്ടോറിക്ഷ, മീഡിയം, ഹെവി, ഗുഡ്‌സ് വിഭാഗം ലൈസന്‍സുകള്‍ ഇല്ലാതായി. പകരം ഏര്‍പ്പെടുത്തിയ എല്‍.എം.വി. ലൈസന്‍സില്‍ ഓട്ടോറിക്ഷ മുതല്‍ മിനി വാനുകള്‍വരെ ഓടിക്കാനാകും.

അടുത്തിടെ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശപ്രകാരം എല്‍.എം.വി. ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റിന് ഗിയര്‍വാഹനങ്ങള്‍ വേണമെന്ന നിബന്ധന ഒഴിവാക്കിയിരുന്നു. ഓട്ടോമാറ്റിക് വാഹനങ്ങളും ഡ്രൈവിങ് ടെസ്റ്റിന് ഉപയോഗിക്കാന്‍ അനുവദിച്ചു. ഇവര്‍ക്ക് ഗിയര്‍ വാഹനങ്ങളും ഓടിക്കാനുള്ള സാവകാശം ലഭിച്ചിരുന്നു. ഈ ന്യൂനത ചൂണ്ടിക്കാട്ടി സംസ്ഥാനസര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചതിനെത്തുടര്‍ന്നാണ് പുതിയ തീരുമാനം. വിദേശ ഓട്ടോമാറ്റിക് ലൈസന്‍സുമായി വരുന്നവര്‍ക്ക്, പകരം തുല്യതയുള്ള ഡ്രൈവിങ് ലൈസന്‍സ് നല്‍കാന്‍ പുതിയ സംവിധാനത്തില്‍ കഴിയും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.