സ്വന്തം ലേഖകന്‍: അന്ന് അയ്‌ലാന്‍, ഇന്ന് ഒമ്രാന്‍, നാളെ? സിറിയയിലെ കുരുന്നുകളുടെ ദുരവസ്ഥയുടെ നേര്‍ച്ചിത്രമായ കാര്‍ട്ടൂണ്‍ സമൂഹ മാധ്യമങ്ങളുടെ കണ്ണീരാകുന്നു. ദോഹയില്‍ നിന്നുള്ള ഖാലിദ് ആല്‍ബിയ എന്ന ആര്‍ട്ടിസ്റ്റാണ് കുര്‍ദിയുടെയും ഒമ്‌റാന്റെയും ദുരവസ്ഥ കാര്‍ട്ടൂണാക്കിയത്. പൊളിറ്റിക്കല്‍ കാര്‍ട്ടൂണിസ്റ്റായ ഖാലിദ് ട്വിറ്ററിലൂടെയാണ് ചിത്രം പുറത്ത് വിട്ടത്. സിറിയക്കാരുടെ ദുരവസ്ഥ ചിത്രീകരിക്കുന്നതിനാണ് കാര്‍ട്ടൂണ്‍ വരച്ചതെന്ന് ഖാലിദ് വ്യക്തമാക്കി.
പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കകം പതിനായിരക്കണക്കിന് ആളുകളാണ് കാര്‍ട്ടൂണ്‍ ഷെയര്‍ ചെയ്തത്. അഭയാര്‍ത്ഥി ബോട്ട് മുങ്ങി മരിച്ച അയ്‌ലന്‍ കുര്‍ദിയുടെയും കെട്ടിടവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് രക്ഷപെട്ട ഒമ്‌റാന്‍ ദഖ്‌നീഷിന്റെയും ചിത്രങ്ങളാണ് കാര്‍ട്ടൂണിലെ വിഷയം. ജീവിച്ചിരുന്നാല്‍ ഒമ്‌റാന്റെ അനുഭവവും മരിച്ചാല്‍ അയ്‌ലന്‍ കുര്‍ദിയുടെ അനുവമാണ് സിറിയന്‍ കുട്ടികളെ കാത്തിരിക്കുന്നതെന്ന് ചുരുക്കം വരകളിലൂടെ ശക്തമായി കാര്‍ട്ടൂണ്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് അഭയാര്‍ത്ഥി ബോട്ട് മുങ്ങി അയ്‌ലന്‍ കുര്‍ദി എന്ന സിറിയന്‍ ബാലന്‍ മരിച്ചത്. കടല്‍ത്തീരത്തടിഞ്ഞ കുര്‍ദിയുടെ മൃതദേഹം ലോകത്തെ കണ്ണീരണിയിച്ചതാണ്. മെഡിറ്ററേനിയന്‍ കടലിലാണ് കുര്‍ദി മുങ്ങി മരിച്ചത്. തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍പ്പെട്ട് ആംബുലന്‍സില്‍ ഇരിക്കുന്ന ഒമ്‌റാന്‍ എന്ന ബാലന്റെ ചിത്രമാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. ചോര വാര്‍ന്നിരിന്നിട്ടും ഒരു തുള്ളി കണ്ണുനീര്‍ പോലും പൊഴിക്കാതിരിക്കുന്ന ഒമ്‌റാന്റെ ചിത്രവും സിറിയയിലെ ആഭ്യന്തര സംഘര്‍ത്തിന്റെ പ്രതീകമാകുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല