സ്വന്തം ലേഖകന്‍: കാര്‍ട്ടൂണിസ്റ്റ് ജോയി കുളനട അന്തരിച്ചു, നഷ്ടമാകുന്നത് പ്രവാസലോകത്തിന്റെ സ്വന്തം കാര്‍ട്ടൂണിസ്റ്റിനെ. അര്‍ബുദ ബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു. ജോയി കുളനട യാത്ര പറയുമ്പോള്‍ അത് കാര്‍ട്ടൂണ്‍ രംഗത്തിനു മാത്രമല്ല, എന്‍ആര്‍ഐ മലയാളി കുടുംബത്തിനും തീരാനഷ്ടമാകുകയാണ്. ഏതാണ്ടു രണ്ടു വര്‍ഷത്തോളം എന്‍ആര്‍ഐ മലയാളിയുടെ വായനക്കാരെ ആദേഹത്തിന്റെ കാര്‍ട്ടൂണുകള്‍ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു. പ്രവാസ ജീവിതത്തിന്റെ സമകാലീന പ്രശ്‌നങ്ങള്‍ മനോഹരമായി സമന്വയിപ്പിച്ച കാര്‍ട്ടൂണുകളുമായി എന്‍ആര്‍ഐ മലയാളി വായനക്കാര്‍ക്കും ജോയി പ്രിയങ്കരനായി.
കോളേജ് വിദ്യാര്‍ഥിയായിരുന്ന കാലത്ത് പന്തളീയന്‍ കോളജ് മാഗസിന്റെ സ്റ്റുഡന്റ് എഡിറ്ററായി കാര്‍ട്ടൂണുകളുടെ ലോകത്തെത്തിയ അദ്ദേഹം 1969 ല്‍ മലയാളനാട് വാരികയില്‍ ആദ്യ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചു.
നര്‍മ്മഭൂമിയിലെ സൈലന്റ് പ്ലീസ് എന്ന കാര്‍ട്ടൂണ്‍ പംക്തിയാണ് ജോയി കുളനടയെ മലയാളികള്‍ക്കിടയില്‍ പ്രശസ്തനാക്കിയത്. മംഗളം വാരികയിലെ മോര്‍ഫിംഗ് എന്ന നിശബ്ദ കാര്‍ട്ടൂണ്‍ പംക്തിയും ഏറെ ജനശ്രദ്ധ നേടിക്കൊടുത്തു. 1977 ല്‍ വിദേശത്തേക്ക് പോയ ജോയി അവിടേയും തന്റെ കാര്‍ട്ടൂണുകളിലൂടെ ജനജീവിതത്തില്‍ ഇടപെട്ടുകൊണ്ടിരുന്നു. പ്രവാസിയുടെ ദുഃഖങ്ങളും സ്വപ്‌നങ്ങളും പൊങ്ങച്ചങ്ങളും നേര്‍വരയാക്കിയ ജോയിയുടെ ഗള്‍ഫ് കോര്‍ണര്‍ എന്ന പംക്തിക്ക് കുറഞ്ഞ കാലം കൊണ്ടുതന്നെ ധാരാളം വായനക്കാരുണ്ടായി.
ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങളായ എമിറേറ്റ്‌സ് ന്യൂസ്, അറബി മാസികയായ അല്‍ ഹദാഫ് തുടങ്ങിയവയിലൂടെ ജോയിയുടെ നിശബ്ദ കാര്‍ട്ടൂണുകള്‍ പ്രവാസലോകത്തെ ചിരിപ്പിച്ചു. മംഗളം, മാതൃഭൂമി, മലയാളമനോരമ, മനോരാജ്യം തുടങ്ങി നിരവധി പ്രസിദ്ധീകരണങ്ങളില്‍ ജോയിയുടെ കാര്‍ട്ടൂണുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
കേരള ലളിതകലാ അക്കാദമി പുരസ്‌കാരം നേടിയിട്ടുള്ള ജോയി കേരള കാര്‍ട്ടൂണ്‍ അക്കാദമി വൈസ് ചെയര്‍മാനായിരുന്നു. കേരള അനിമേഷന്‍ അക്കാദമി ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല