1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 28, 2011

പ്രതിബന്ധങ്ങളും അനിശ്ചിതാവസ്ഥയും നീങ്ങി. മോഹന്‍ലാലിന്റെ ഇതുവരെ കാണാത്ത ഗെറ്റപ്പുമായി കാസനോവ ഒരുങ്ങുന്നു. നോട്ട്ബുക്കിന് ശേഷം റോഷന്‍ ആന്‍ഡ്രൂസ് പ്രഖ്യാപിച്ച ചിത്രമാണ് പ്രതിബന്ധങ്ങളെല്ലാം അതിജീവിച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം തിയേറ്ററിലേക്കെത്തുന്നത്. ക്രിസ്മസ് കാഴ്ചയായി ഡിസംബര്‍ 16 ന് കാസനോവ പ്രദര്‍ശനത്തിനെത്തും.

പ്രധാനമായും സിനിമയുടെ ബജറ്റ് തന്നെയായിരുന്നു കാസനോവയ്ക്ക് തുടക്കം മുതലുള്ള വെല്ലുവിളി. റിയല്‍ എസ്റ്റേറ്റ് സ്ഥാപനമായ കോണ്‍ഫിഡന്റ് ഗ്രൂപ്പ് നിര്‍മ്മാണ ചുമതല ഏറ്റെടുത്തതോടെ പ്രതീക്ഷ ജനിച്ചു. എന്നാല്‍ പിന്നെയും പലകാരണങ്ങളാല്‍ ചിത്രം നീണ്ടുപോയി. ഒരു ഘട്ടത്തില്‍ സിനിമ നടന്നേക്കില്ലെന്ന റിപ്പോര്‍ട്ടുകളും വന്നു. ലാല്‍ അനുവദിച്ച ഡേറ്റില്‍ ഇടയ്ക്ക് റോഷന്‍ ജയിംസ് ആല്‍ബര്‍ട്ടിന്റെ തിരക്കഥയില്‍ ഇവിടം സ്വര്‍ഗമാണ് സംവിധാനം ചെയ്തു. ഇതിന് ശേഷം കാസനോവയുടെ ചര്‍ച്ചകള്‍ വീണ്ടും ചൂടുപിടിച്ചു. ബജറ്റ് കുറയ്ക്കുന്നതിന്റെ ഭാഗമായി ആദ്യം നിശ്ചയിച്ച സ്ഥലങ്ങളില്‍ നിന്ന് ലൊക്കേഷന്‍ മാറി. ഇപ്പോള്‍ നാല് ഷെഡ്യൂളിലായാണ് ചിത്രം പൂര്‍ത്തിയായത്. ഇടയ്ക്ക് ബാങ്കോക്കില്‍ ഷൂട്ടിങ്ങിനിടെ ലാല്‍ അപടകത്തില്‍പെടുകയും അത്ഭുതരമായി പരിക്കേല്‍ക്കാതെ രക്ഷപെടുകയും ചെയ്ത സംഭവവുമുണ്ടായി.

ലാലിന്റെ കരിയറിലെ ഏറ്റവും കൂടുതല്‍ മുതല്‍മുടക്കുള്ള ചിത്രമാണ് കാസനോവ. പൂര്‍ണമായും വിദേശ ലൊക്കേഷനുകളില്‍ ചിത്രീകരിക്കുന്ന കാസനോവയുടെ അവസാന ഷെഡ്യൂള്‍ ബാങ്കോക്കില്‍ പുരോഗമിക്കുന്നു. ബാങ്കോക്കിലെ ചിത്രീകരണത്തോടെ ചിത്രം പൂര്‍ത്തിയാകും. എട്ട് കോടിക്ക് മേലെയാണ് സിനിമയുടെ മുതല്‍മുടക്ക്. ആശിര്‍വാദ് സിനിമാസ് വിതരണത്തിനെത്തിക്കുന്ന ചിത്രം 125 ഓളം തിയേറ്ററുകളിലായിരിക്കും റിലീസ് ചെയ്യുക. ശ്രേയ സരണ്‍, ലക്ഷ്മി റായ്, റോമ, സഞ്ജന ഒപ്പം അഞ്ച് സൂപ്പര്‍ മോഡലുകളും ചിത്രത്തില്‍ അണിനിരക്കുന്നു. അന്താരാഷ്ട്ര തലത്തില്‍ പൂക്കച്ചവടം നടത്തുന്ന കഥാപാത്രമാണ് ചിത്രത്തില്‍ ലാലിന്റേത്. പ്രണയം ആഘോഷമാക്കി ജീവിക്കുന്ന നായകനാണ് സിനിമയില്‍. ജഗതി, ലാലു അലക്‌സ് തുടങ്ങിയ വന്‍ താരനിരയും ചിത്രത്തിലുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.