1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 31, 2012

ഭൂപരിധി നിയമം ലംഘിച്ച് പുത്തന്‍വേലിക്കരയില്‍ സന്തോഷ് മാധവനും സംഘവും വാങ്ങിയ ഭൂമി സര്‍ക്കാറിലേക്ക് കണ്ടുകെട്ടി. എറണാകുളം ജില്ലയിലെ പുത്തന്‍വേലിക്കര വില്ലേജിലും തൃശൂര്‍ ജില്ലയിലെ മഠത്തുംപടി വില്ലേജിലുമായി വ്യാപിക്കുന്ന 116 ഏക്കര്‍ നിലമാണ് ഏറ്റെടുത്തതെന്ന് ജില്ലാ കലക്ടര്‍ പി.ഐ. ഷെയ്ഖ് പരീത് അറിയിച്ചു.
സന്തോഷ് മാധവനും സഹായികളും ചേര്‍ന്ന് മൊത്തം 131 ഏക്കര്‍ ഭൂമിയാണ് പുത്തന്‍വേലിക്കരയില്‍ വാങ്ങിയത്. ഈ ഭൂമി പിന്നീട് ബംഗളൂരു ആസ്ഥാനമായ ആദര്‍ശ് പ്രൈം പ്രോപ്പര്‍ട്ടീസ് എന്ന റിയല്‍ എസ്റ്റേറ്റ് കമ്പനിയുടെ പേരിലേക്ക് മാറ്റി. ഭൂമി പോക്കുവരവ് ചെയ്യാന്‍ സമീപിച്ചപ്പോള്‍ നിയമലംഘനം ചൂണ്ടിക്കാട്ടി റവന്യൂ വകുപ്പ് നോട്ടീസ് നല്‍കി. തുടര്‍ന്ന് ഭൂപരിധി നിയമ പ്രകാരം കൈവശം വെക്കാവുന്ന 15 ഏക്കര്‍ ഒഴിച്ച് 116 ഏക്കര്‍ ഏറ്റെടുത്ത് പറവൂര്‍ താലൂക്ക് ലാന്‍ഡ് ബോര്‍ഡില്‍ നിക്ഷിപ്തമാക്കാനും കലക്ടര്‍ ഉത്തരവിട്ടു. എന്നാല്‍, ഇതിനെതിരെ ആദര്‍ശ് പ്രൈം പ്രോപ്പര്‍ട്ടീസ് ഹൈകോടതിയെ സമീപിച്ചെങ്കിലും കോടതി കേസ് തള്ളി. ഭൂമി സര്‍ക്കാറിന് കൈമാറാന്‍ ആവശ്യപ്പെട്ട് അധികൃതര്‍ നോട്ടീസ് നല്‍കിയെങ്കിലും കമ്പനി പ്രതികരിച്ചില്ല. സ്ഥലം അളന്നുതിരിച്ച് സര്‍ക്കാര്‍ ഭൂമിയാക്കി ബോര്‍ഡ് സ്ഥാപിക്കുകയായിരുന്നെന്ന് ഡെപ്യൂട്ടി കലക്ടര്‍ (ഭൂപരിഷ്കരണം) മുഹമ്മദ് ബഷീര്‍ പറഞ്ഞു.
സന്തോഷ് മാധവന്‍െറ പേരില്‍ മറ്റു ജില്ലകളിലുള്ള ഭൂമിയുടെ വിവരം ശേഖരിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. നിശ്ചിത പരിധിയില്‍ കൂടുതല്‍ ഭൂമി കൈവശമുണ്ടെന്ന് കണ്ടെത്തിയാല്‍ അതും മിച്ചഭൂമിയായി കണക്കാക്കി സര്‍ക്കാറില്‍ നിക്ഷിപ്തമാക്കും. പുത്തന്‍വേലിക്കരയില്‍ പിടിച്ചെടുത്ത ഭൂമി പൂര്‍ണമായും കൃഷിയോഗ്യമായ നെല്‍പ്പാടങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.