1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 30, 2024

സ്വന്തം ലേഖകൻ: മേയർ ആര്യാ രാജേന്ദ്രനും കെ.എസ്.ആർ.ടി.സി ഡ്രൈവർ യദുവും തമ്മിലുണ്ടായ തർക്കത്തിന് പിന്നാലെ കെ.എസ്. ആർ.ടി.സി സൂപ്പർ ഫാസ്റ്റിലെ ക്യാമറ ദൃശ്യങ്ങൾ പരിശോധിക്കാനൊരുങ്ങി പോലീസ്. ബസിലെ ഡിജിറ്റൽ വീഡിയോ റിക്കോർഡിങിൽ നിന്നുള്ള ദൃശ്യങ്ങൾ ശേഖരിക്കാൻ അനുമതി തേടി കൻ്റോൺമെൻ്റ് പോലീസ് തമ്പാനൂർ യൂണിറ്റ് ഓഫീസർക്ക് കത്ത് നൽകി.

നിലവിൽ സർവീസിലുള്ള വാഹനം ചൊവ്വാഴ്ച രാത്രി 10.30-ന് തമ്പാനൂരിലെത്തും. പിന്നീട്, കെ.എസ്.ആർ.ടി.സി സാങ്കേതിക വിദഗ്ധൻ്റെ സഹായത്തോടെ പോലിസ് ദൃശ്യങ്ങൾ ശേഖരിക്കുമെന്നാണ് വിവരം. ചൊവ്വാഴ്ച ഉച്ചയ്ക്ക് തൃശ്ശൂരിൽ വെച്ച് ബസിലെ ക്യാമറ പരിശോധിക്കാൻ ശ്രമിച്ചെങ്കിലും പോലീസ് പിന്നീട് വേണ്ടെന്ന് വയ്ക്കുകയായിരുന്നു.

അടുത്തിടെയാണ് കെ.എസ്.ആർ.ടി.സിയിൽ ക്യാമറകൾ ഘടിപ്പിച്ചത്. ഡ്രൈവർ ക്യാബിനിൽനിന്ന് മുന്നിലേക്കും യാത്രക്കാരുടെ ഭാ​ഗത്തേയ്ക്കും ബസിന് പിന്നിലുമായി മൂന്ന് ക്യാമറകളുണ്ട്. ബസും മേയറുടെ കാറും തമ്മിൽ മത്സരിച്ച് ഓടിയെന്ന് പറയപ്പെടുന്ന പട്ടം മുതൽ പാളയം വരെയുള്ള ദൃശ്യങ്ങൾ പരിശോധിക്കാനാണ് പോലീസ് നീക്കം.

ഓവർടേക്ക് ചെയ്യാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് ബസ് കടത്തിവിടാൻ അനുവദിക്കാതെ കാർ മുന്നിൽ ഓടിച്ചിരുന്നതായും ബസ് ഡ്രൈവർ ആരോപിച്ചിരുന്നു. ഇക്കാര്യത്തിലെ തെളിവ് ബസിലെ ക്യാമറയിൽനിന്ന് ലഭ്യമാകും. വഴിയരികിലെ നിരീക്ഷണ ക്യാമറകളിലെ ദൃശ്യങ്ങളും നിർണായകമാകും.

ആധുനിക നിരീക്ഷണ ക്യാമറകളിൽ ദൃശ്യത്തിനൊപ്പം ശബ്ദം റെക്കോഡ് ചെയ്യാനുള്ള സംവിധാനവുമുണ്ട്. ശബ്ദരേഖ കൂടി ലഭിച്ചാൽ ഇവർ തമ്മിലുള്ള തർക്കത്തിൽ കൂടുതൽ വ്യക്തത വരുമെന്നാണ് പോലീസ് പ്രതീക്ഷ. ബസിനുള്ളിൽനിന്ന് സംഭവം ചിത്രീകരിച്ച സ്വിഫ്റ്റ് ജീവനക്കാരൻ്റെ മൊബൈൽ ഫോണിൽനിന്ന് വീഡിയോ ഡിലീറ്റ് ചെയ്യാൻ മേയർ ആവശ്യപ്പെടുന്ന ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു.

ബസ് ഡ്രൈവർ അശ്ലീല ആം​ഗ്യം കാണിച്ചു, ബസ് ഇടിപ്പിക്കാൻ ശ്രമിച്ചു എന്നിവയാണ് മേയർ ആര്യാ രാജേന്ദ്രൻ്റെ പരാതി. ഇതിനുള്ള തെളിവും ദൃശ്യങ്ങളിലുണ്ടാകും. യാത്രക്കാരെ ഇറക്കിവിട്ടതാരാണെന്നും ദൃശ്യങ്ങളിൽനിന്ന് അറിയാൻ കഴിയും. മേയറുടെ ഭർത്താവ് സച്ചിൻ ദേവ് എം.എൽ.എ ബസിനുള്ളിൽ കയറിയത് വലിയ ആരോപണങ്ങൾക്ക് ഇടയാക്കിയിരുന്നു. എന്നാൽ, എം.എൽ.എ യാത്രക്കാരോട് മോശമായി പെരുമാറിയിട്ടില്ലെന്ന് കണ്ടക്ടർ മൊഴി നൽകിയിട്ടുണ്ട്.

വിവാദം കടുക്കുമ്പോഴും ബസിലെ ക്യാമറയെക്കുറിച്ച് കെ.എസ്. ആർ.ടി.സി മൗനം പാലിച്ചതിൽ ദുരൂഹതയുണ്ട്. കൂടാതെ, കെ.എസ്.ആർ.ടി.സി അധികൃതർ നടത്തിയ അന്വേഷണത്തിൽ സ്വന്തം ബസിലെ ക്യാമറ ദ്യശ്യങ്ങൾ പരിശോധിക്കാതെയാണ് റിപ്പോർട്ട് നൽകിയിരിക്കുന്നത്. ബസ് തടഞ്ഞെന്ന ഡ്രൈവറുടെ പരാതിയിൽ മേയർക്കെതിരെ കേസെടുക്കാൻ പോലീസും ഇതുവരെ തയ്യാറായിട്ടില്ല. ബസിൽ ക്യാമറയുണ്ടെന്ന മാതൃഭൂമി വാർത്തയെ തുടർന്നാണ് പോലീസും ഇതേക്കുറിച്ച് അന്വേഷിക്കാൻ തയ്യാറായത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.