ആനക്കൊമ്പ് കൈവശം വച്ചതിന് ചലച്ചിത്ര നടന്‍ മോഹന്‍ലാലിനെതിരെ വനംവകുപ്പ് കേസെടുത്തു. കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫീസറാണ് കേസെടുത്തത്. മതിയായ രേഖകളില്ലാതെ ആനക്കൊമ്പ് കൈവശം വച്ചതുമായി ബന്ധപ്പെട്ടാണ് ലാലിനെതിരെ പൊലീസ് കേസെടുത്തിരിയ്ക്കുന്നത്. കഴിഞ്ഞ വര്‍ഷം ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് ആനക്കൊമ്പ് കണ്ടെടുത്തിരുന്നത്.
ഇതുമായി ബന്ധപ്പെട്ട് നടത്തുന്ന അന്വേഷണത്തിന്റെ നടപടികള്‍ വൈകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. വിവരാകാശ കൂട്ടായ്മ എന്ന സംഘടന നല്‍കിയ പരാതിപ്രകാരമാണ് ലാലിനെതിരെ അന്വേഷണം നടത്താന്‍ ഡിജിപി നിര്‍ദേശം നല്‍കിയത്.
ഈ മാസം തന്നെ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. അന്വേഷണത്തിന്റെ ഭാഗമായി തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ ബിജോ അലക്‌സാണ്ടറിന്റെ നേതൃത്വത്തിലുള്ള സംഘം മോഹന്‍ലാലിന്റെ മൊഴിയെടുക്കുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ കേസിന്റെ അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടായില്ല.
മോഹന്‍ലാലുമായി ബന്ധപ്പെടാന്‍ കഴിയാത്തതു കൊണ്ടാണ് ചോദ്യം ചെയ്യല്‍ വൈകുന്നതെന്ന് പൊലീസിന്റെ വിശദീകരണം.
2011 ജൂലൈ 22ന് ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിലാണ് മോഹന്‍ലാലിന്റെ തേവരയിലുള്ള വീട്ടില്‍ നിന്ന് ആനക്കൊമ്പ് കണ്ടെത്തിയത്. ആനക്കൊമ്പ് കൈവശം വയ്ക്കാന്‍ പ്രത്യേക ലൈസന്‍സ് ആവശ്യമാണെന്നും ഇല്ലെങ്കില്‍ താരത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അന്നേ അറിയിച്ചിരുന്നു.
പിന്നീട് നടത്തിയ അന്വേഷണത്തില്‍ ആനക്കൊമ്പ് കൈവശം വയ്ക്കാന്‍ താരത്തിന് അനുമതിയില്ലെന്ന് വ്യക്തമായി. വനം വകുപ്പ് നടത്തിയ പരിശോധനയില്‍ മോഹന്‍ലാല്‍ സൂക്ഷിക്കുന്നത് യഥാര്‍ഥ ആനക്കൊമ്പാണെന്ന് തെളിയുകയും ചെയ്തു. എന്നിട്ടും ലാലിനെതിരെ നടപടി സ്വീകരിക്കാന്‍ വനം വകുപ്പ് തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തിലാണ് വിഷയത്തില്‍ പൊലീസ് നടപടി ആവശ്യപ്പെട്ട് അനില്‍ കുമാര്‍ ഡിജിപിയ്ക്ക് പരാതി നല്‍കിയത്.
മോഹന്‍ലാലിനെ സംരക്ഷിയ്ക്കുന്നത് നടനും വനംവകുപ്പ് മന്ത്രിയുമായ ഗണേഷ് കുമാറാണെന്ന ആരോപണവും ഇതിനിടെ ഉയര്‍ന്നിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല