ഒരു സ്വകാര്യ ചാനലിന്റെ ഒളികാമറയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് കണ്‍സര്‍വേറ്ററി പാര്‍ട്ടി എംപിയും മുന്‍ വിദേശകാര്യ മന്ത്രിയുമായ മാല്‍കം റിഫ്കിന്‍ഡ് പാര്‍ലമെന്റ് സുരക്ഷാ സമിതി സ്ഥാനം രാജിവച്ചു.ഒരു സാങ്കല്പിക ചൈനീസ് കമ്പനിക്കു വേണ്ടി വഴിവിട്ട സഹായം ചെയ്യുന്നതനിന് റിഫ്കിന്‍ഡിന് പണം വാഗ്ദാനം ചെയ്ത ചാനല്‍ അത് ഒളികാമറയില്‍ പകര്‍ത്തുകയായിരുന്നു.
മേയ് 7 ന് നടക്കാനിരിക്കുന്ന തെരെഞ്ഞെടുപ്പിന് ശേഷം കെന്‍സിംഗ്ടണ്‍, ചെല്‍സി എന്നിവിടങ്ങളിലെ എംപി സ്ഥാനം ഒഴിയുമെന്നും റിഫ്കിന്‍ഡ് തീരുമാനിച്ചിട്ടുണ്ട്.
ഇപ്പോള്‍ നടക്കുന്ന വിവാദങ്ങളൊന്നും തന്നെ തന്റെ സുരക്ഷാ സമിതി തലവന്‍ എന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തടസമല്ലെന്നും, എന്നാല്‍ താന്‍ നേതൃസ്ഥാനം ഒഴിഞ്ഞ് ഒരു അംഗം മാത്രമായി തുടരാനാണ് താത്പര്യപ്പെടുന്നത് എന്നും റിഫ്കിന്‍ഡ് ഒരു പ്രസ്താവനയില്‍ അറിയിച്ചു.
തെരെഞ്ഞെടുപ്പ് അടുത്തതിനാല്‍ പാര്‍ലമെന്റ് സുരക്ഷാ സമിതിക്ക് ഏതാണ്ട് ഒരു മാസം കൂടിയെ ആയസുള്ളു. അവശേഷിക്കുന്ന പ്രധാന ചുമതല മാര്‍ച്ചിലെ സ്വകാര്യ സുരക്ഷാ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുകയാണ്. തന്നെ ചുറ്റുപ്പറ്റിയുള്ള വാദകോലാഹലങ്ങള്‍ റിപ്പോര്‍ട്ടിന്റെ പ്രസിദ്ധീകരണത്തെ അലങ്കോലപ്പെടുത്തരുത് എന്ന് ആഗ്രഹമുണ്ട്. ഈ പ്രധാനപ്പെട്ട ചുമതല ഒരു പുതിയ സുരക്ഷാ സമിതി നിര്‍വഹിക്കുന്നതാണ് ശരിയെന്നും റിഫ്കിന്‍ഡ് അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ദിവസം സ്വകാര്യ ചാനല്‍ പുറത്തു വിട്ട ഒളികാമറ വീഡിയോയില്‍ പണം വാഗ്ദാനം ചെയ്യുന്ന ചാനല്‍ പ്രതിനിധിയോട് റിഫ്കിന്‍ഡ് പറയുന്നത് തനിക്ക് ധാരാളം സമയമുണ്ടെന്നാണ്. ആരും തനിക്ക് ശമ്പളം തരുന്നില്ല. അതുകൊണ്ട് ഇഷ്ടമുള്ളത് ചെയ്യാനുള്ള സ്വാതന്ത്ര്യം തനിക്കുണ്ടെന്നും റിഫ്കിന്‍ഡ് പറയുന്നു.
1994 ല്‍ ഇന്റലിജന്‍സ് സര്‍വീസസാണ് പര്‍ലമെന്ററി സുരക്ഷാ സമിതി സ്ഥാപിച്ചത്. സെക്യൂരിറ്റി സര്‍വീസ്, സീക്രട്ട് ഇന്റലിജന്‍സ് സര്‍വീസ്, സര്‍ക്കാര്‍ കമ്മ്യൂണിക്കേഷന്‍ ഹെഡ് ക്വാര്‍ട്ടേര്‍സ് എന്നിവയുടെ നയം, ഭരണം, ചെലവുകള്‍ എന്നിവയുടെ മേല്‍നോട്ടം സുരക്ഷാ സമിതിയുടെ ചുമതലയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല