സ്വന്തം ലേഖകന്‍: ട്രക്കില്‍ നിന്ന് ചിതറിയ കറസികള്‍ നടുറോഡില്‍; നോട്ടുകള്‍ വാരി പോക്കറ്റിലാക്കാന്‍ വഴിയാത്രക്കാരുടെ ഉന്തുംതള്ളും; വൈറലായി ന്യൂജേഴ്‌സിയില്‍ നിന്നുള്ള വീഡിയോ. ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റിലൂടെ വ്യാപകമായി പ്രചരിക്കുമ്പോള്‍ എന്താണ് സംഭവിച്ചതെന്നറിയാതെ നട്ടം തിരിയുകയാണ് പോലീസ്.
ന്യൂജഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്‌റ്റേഡിയത്തിനു സമീപമാണ് സംഭവം നടന്നത്. നോട്ടുകെട്ടുകളുമായി പോയ ബ്രിങ്ക്‌സിന്റെ ട്രക്കിന്റെ വാതില്‍ വഴിമധ്യേ തുറന്നതാണെന്നാണ് നിഗമനം. അമേരിക്കന്‍ സുരക്ഷാ ഏജന്‍സി കമ്പനിയാണ് ബ്രിങ്ക്‌സ്. വാതില്‍ തുറന്നതോടെ നോട്ട്‌കെട്ടുകള്‍ റോഡിലേക്ക് പറന്നുപോയി.
നല്ല തിരക്കുള്ള റോഡില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ട് നോട്ടുകള്‍ പെറുക്കിയെടുക്കുന്ന തിരക്കിലായി ഡ്രൈവര്‍മാര്‍. മോട്ടോര്‍ സൈക്കിളില്‍ എത്തുന്നവരാകട്ടെ വാഹനം നിര്‍ത്താതെ തന്നെ പണം എടുക്കാനുള്ള ശ്രമങ്ങളിലായി. അതിനിടയില്‍ അങ്ങോട്ടുമിങ്ങോട്ടും ഉണ്ടായ ഉന്തും തള്ളും വേറെയും.
വ്യാഴാഴ്ച്ച രാവിലെ എട്ടരയോടെയാണ് സംഭവം നടന്നതെന്ന് ഈസ്റ്റ് റുഥര്‍ ഫോര്‍ഡ് പോലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണ്. പണം റോഡില്‍ നിന്ന് എടുത്തവരില്‍ നിന്ന് അത് തിരികെവാങ്ങാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. സംഭവത്തെക്കുറിച്ച് വീഡിയോയോ ഫോട്ടോകളോ കയ്യിലുള്ളവര്‍ തങ്ങളുമായി ബന്ധപ്പെടണമെന്നും പോലീസ് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല