1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 1, 2017

സ്വന്തം ലേഖകന്‍: തൊട്ടുകൂടായ്മ കാരണം മുടിവെട്ടാനാളില്ല, സ്‌കൂളില്ല, ചായക്കടയില്‍ പ്രവേശനമില്ല, ജാതിപ്പിശാശു ബാധിച്ച മദ്ധ്യപ്രദേശിലെ ഒരു ഗ്രാമത്തിന്റെ കഥ. ഏകദേശം 1800 പേര്‍ താമസിക്കുന്ന ഈ ഗ്രാമത്തില്‍ താഴ്ന്ന ജാതിയില്‍പ്പെട്ട 350 പേരാണ് ജാതി വെറി കാരണം ദുരിതത്തിലായത്. ഉയര്‍ന്ന ജാതിക്കാര്‍ എന്ന് അവകാശപ്പെടുന്നവരുടെ ജാതിവെറി കാരണം ഇവര്‍ക്ക് സ്ഥലത്തെ ബാര്‍ബര്‍ഷോപ്പില്‍ മുടിവെട്ടാനോ ഹോട്ടലുകളിലോ ചായക്കടയിലോ പ്രവേശിക്കാനോ കുട്ടികളെ സ്‌കൂളില്‍ അയക്കാനോ കഴിയുന്നില്ല.

കിണറ്റില്‍ നിന്നും വെള്ളം പോലും കോരാനാകില്ലെന്ന് അനുഭവസ്ഥര്‍ പറയുന്നു. മൂന്ന് മാസമായി ഇവര്‍ അത്രയേറെ പ്രതിസന്ധിയിലായിട്ടും ജില്ലാ സംസ്ഥാന ഭരണാധികാരികള്‍ തിരിഞ്ഞു നോക്കിയില്ലെന്നും പരാതി ഉയരുന്നു. മദ്ധ്യപ്രദേശിലെ ഭോപ്പാലില്‍ നിന്നും 70 കിലോമീറ്റര്‍ മാത്രം അകലെയുള്ള നൈസാമാന്ദ് ഗ്രാമത്തിലാണ് ഈ ജാതി നാടകം.

ബ്രാഹ്മണര്‍, ബനിയ, രജ്പുത്ത്, യാദവ്, ഗുര്‍ജാര്‍, ആഹിര്‍വാര്‍ എന്നിങ്ങനെ വിവിധ സമുദായങ്ങളിലെ 1,800 പേര്‍ കഴിയുന്ന ഈ ഗ്രാമത്തില്‍ സംവരണത്തില്‍ പെടുന്ന 350 പേര്‍ക്കാണ് ഈ ദുര്‍വ്വിധി. താഴ്ന്ന ജാതിക്കാരായതിനാല്‍ സവര്‍ണ്ണര്‍ ഉപയോഗിച്ച ബ്‌ളേഡും കസേരയും തരാനാകില്ലെന്ന് പറഞ്ഞതായി ഭോപ്പാല്‍ ജില്ലയിലെ ബെരാസിയ തഹസില്‍ പെടുന്ന ഗ്രാമത്തില്‍ താമസിക്കുന്ന ലാല്‍ സിംഗ് അഹിര്‍വാര്‍ പറയുന്നു.

കഴിഞ്ഞ മൂന്നു മാസമായി ആഹിര്‍വാര്‍ സമുദായത്തെ ഗ്രാമത്തിലെ സവര്‍ണ്ണര്‍ അകറ്റി നിര്‍ത്തുകയാണ്. അയിത്താചരണത്തിനെതിരേ ഇരകള്‍ നസീറാബാദ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും സ്വീകരിക്കപെട്ടില്ല. തുടര്‍ന്ന ഇവര്‍ മുഖ്യമന്ത്രിയുടെ ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍ വഴി 2015 ഡിസംബറില്‍ പരാതി നല്‍കിയെങ്കിലും ഒരു വര്‍ഷം കഴിഞ്ഞ് 2016 നവംബറിലാണ് പ്രതികരണം ഉണ്ടായത്.

അയിത്തം തുടങ്ങിയത് 2015 മുതലാണ്. അഹിര്‍വാര്‍ സമുദായത്തില്‍ പെടുന്ന കുട്ടികളുടെ മുടി ജാതി പറഞ്ഞ് വെട്ടാന്‍ ബാര്‍ബര്‍മാര്‍ തയ്യാറായില്ല. വ്യാപകമായി അപമാനിച്ച ശേഷം ഇവരെ കടയില്‍ നിന്നും ഇറക്കി വിട്ടു.
ഇവര്‍ മുഖ്യമന്ത്രിയുടെ ഹെല്‍പ്പ്‌ലൈന്‍ വഴി വിവേചനത്തിനെതിരേ പരാതി നല്‍കി. തുടര്‍ന്ന് 2016 നവംബറില്‍ പോലീസ് സ്‌റ്റേഷനിലേക്ക് ഇയാളെ വിളിച്ചു വരുത്തുകയും പിറ്റേന്ന് മുടിവെട്ടിക്കൊടുക്കാമെന്ന് ഇയാള്‍ സമ്മതിക്കുകയും ചെയ്തു.

എന്നാല്‍ 2016 ഡിസംബറില്‍ കനിഖേഡി, ബാന്ദ്രുവ, ഗുജര്‍ടോഡി, മോണാകുന്ദ്, മറ്റ് ഗ്രാമങ്ങള്‍ എന്നിവിടങ്ങളിലുള്ളവരെ വിളിച്ചു നൈസാമന്ദില്‍ കൂടിയ പഞ്ചായത്തില്‍ അഹിര്‍വാര്‍ സമുദായാംഗങ്ങള്‍ സവര്‍ണ്ണര്‍ പ്രവേശിക്കുന്ന സ്ഥലങ്ങളിലേക്ക് പ്രവേശിക്കരുതെന്ന് കര്‍ശനമായ നിര്‍ദേശം നല്‍കി. അന്നുമുതല്‍ അയിത്തം നില നില്‍ക്കുകയാണ്.

തങ്ങളുടെ കുട്ടികളെയും സവര്‍ണ്ണരുടെ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ പ്രവേശിപ്പിക്കുന്നില്ലെന്നും ഉച്ചഭക്ഷണം മറ്റ് വിദ്യാര്‍ത്ഥികള്‍ കഴിച്ചു കഴിയുന്നത് വരെ നില്‍ക്കേണ്ടി വരുന്നെന്നും ചിലപ്പോള്‍ ഭക്ഷണം കിട്ടാതെ പോലും വരുന്നെന്നുമെല്ലാം പരാതിയുണ്ട്. പോലീസില്‍ പരാതിപ്പെട്ടിട്ടും രക്ഷയില്ലെന്ന് ഇവര്‍ പറയുന്നു.

അതേസമയം ഇത്തരത്തിലുള്ള ഒരു വിവേചനവും ഇല്ലെന്നും എല്ലാം വര്‍ഷങ്ങള്‍ക്ക് മുമ്പുളള കാര്യമാണെന്നുമാണ് അധികാരികള്‍ പറയുന്നത്. അത്തരം ഒരു പ്രശ്‌നവുമില്ലെന്ന് സ്ഥലം എംഎല്‍എ വിഷ്ണു ഖത്രിയും പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.