സ്വന്തം ലേഖകന്‍: മലയാള സിനിമയില്‍ അവസരത്തിനായി കിടക്ക പങ്കിടാന്‍ ആവശ്യപ്പെടുന്നവരുണ്ട്, വെളിപ്പെടുത്തലുമായി നടി പാര്‍വതി. ടോക് ടൈം വിത്ത് മാത്തുക്കുട്ടി എന്ന അഭിമുഖ സംഭാഷണത്തിനിടെയാണ് പാര്‍വതിയുടെ വെളിപ്പെടുത്തല്‍. ഇപ്പോള്‍ തിയേറ്ററുകളില്‍ നിറഞ്ഞോടുന്ന ടേക്ക് ഓഫ് എന്ന സിനിമയുടെ വിജയത്തിനു ശേഷം സംസാരിക്കുകയായിരുന്നു പാര്‍വതി.
സിനിമയില്‍ ഏറെക്കാലത്തെ അനുഭവസമ്പത്തുള്ളരില്‍ നിന്നാണ് തനിക്കു ദുരനുഭവം നേരിട്ടിട്ടുള്ളതെന്നു പാര്‍വതി പറഞ്ഞു. മലയാള സിനിമയില്‍ കാസ്റ്റിങ് കൗച്ച് ഉണ്ട്. ഒത്തുതീര്‍പ്പിനു തയ്യാറാവാത്തത് കൊണ്ടാവാം കുറച്ചു വര്‍ഷങ്ങള്‍ സിനിമയില്‍ ഉണ്ടാവാതിരുന്നതെന്നും പാര്‍വതി പറഞ്ഞു. നടനെന്നോ സംവിധായകനെന്നോ വ്യത്യാസമില്ലാതെയാണ് തന്നോട് ഒത്തുതീര്‍പ്പിനു തയ്യാറാവണമെന്ന് പറഞ്ഞത്. ഒരു കടമ പോലെയാണ് അവര്‍ അതു ചോദിക്കുന്നത്. നിങ്ങള്‍ക്കു ബ്രേക്ക് തന്നത് തങ്ങളാണെന്നും അവര്‍ അവകാശപ്പെട്ടു. അങ്ങനെ പറഞ്ഞിട്ടുള്ളവര്‍ക്കൊപ്പം ജോലി ചെയ്തില്ലെന്നും പാര്‍വതി വെളിപ്പെടുത്തി.
ജീവിത ഉപദേശം പോലെ ‘മോളെ ഇതൊക്കെ ചെയ്യേണ്ടിവരും. അത് അങ്ങനെയാണ്’ എന്നൊക്കെ പറഞ്ഞ് ചിലര്‍ വരും. അങ്ങനെയാണെങ്കില്‍ എനിക്കത് വേണ്ട എന്ന് ഞാന്‍ പറഞ്ഞു. അത്തരത്തിലുള്ള ‘അഡ്ജസ്റ്റ്‌മെന്റുകള്‍ക്ക്’ തയ്യാറല്ല. അഭിനയിക്കാന്‍ അവസരം ലഭിച്ചെങ്കില്‍ യൂണിവേഴ്‌സിറ്റിയില്‍ സാഹിത്യം പഠിക്കാനോ മറ്റോ പോവും. നോ പറയാനുള്ള അവകാശം നമുക്കുണ്ടെന്ന് നമ്മള്‍ തന്നെയാണ് തിരിച്ചറിയേണ്ടതെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു.
എന്നോട് സെക്ഷ്വല്‍ ഫേവര്‍ ചോദിച്ചവരോട് സഹതാപം മാത്രമേയുള്ളൂ. അവര്‍ക്ക് അധികാരവും മൂല്യവും കിട്ടണമെങ്കില്‍ ഇത് വേണമെന്ന് അവര്‍ ചിന്തിക്കുന്നു. എത്ര പരിതാപകരമാണത്. പൗരുഷം എന്ന് പറയുന്നത് മറ്റൊരു സ്ത്രീയോട് ഇങ്ങനെ ചോദിക്കുന്നതാണ് എന്ന് കരുതുന്നത് അങ്ങേറ്റം ദുഖകരമാണ്. പത്ത് വര്‍ഷത്തിനിടെ ഒരുപാട് അനുഭവങ്ങളിലൂടെ കടന്നു പോയി. ഇനി അതിലേറെ അനുഭവങ്ങള്‍ വരാനിരിക്കുന്നു. ജീവിതം ഈസിയല്ല. ഞാന്‍ എപ്പോഴും നിവര്‍ന്നാണ് നിന്നിട്ടുള്ളത്. ജീവിതത്തിലെ ലക്ഷ്യം മനസാക്ഷിക്കുത്തില്ലാതെ കിടന്നുറങ്ങണം എന്ന് മാത്രമാണെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല