1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 7, 2025

സ്വന്തം ലേഖകൻ: സൗദി അറേബ്യയിൽ ഭക്ഷണശാലകളിൽ പൂച്ചകളെയോ എലികളെയോ കണ്ടെത്തിയാൽ 2000 റിയാൽ പിഴ ചുമത്തുമെന്ന് ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി അറിയിച്ചു. ഭക്ഷണമേഖലയിൽ പ്രവർത്തിക്കുന്ന കടകളും സ്ഥാപനങ്ങളും മുനിസിപ്പൽ ലൈസൻസ് നേടിയില്ലെങ്കിൽ 50,000 റിയാൽ വരെ പിഴ ചുമത്തും. ലൈസൻസില്ലാത്ത സ്ഥലങ്ങളിൽ മൃഗങ്ങളെയോ പക്ഷികളെയോ കശാപ്പ് ചെയ്യുന്നതിനും 2000 റിയാൽ പിഴ ചുമത്തും. നിയമലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിയാകും.

കരട് അന്തിമ രൂപത്തിലാക്കുന്നതിന് മുൻപ് പൊതുജനാഭിപ്രായവും നിർദ്ദേശങ്ങളും തേടി എസ്എഫ്ഡിഎ പൊതു സർവേ പ്ലാറ്റ്‌ഫോമായ ഇസ്തിത്‌ലായിൽ നിർദ്ദേശങ്ങൾ പ്രസിദ്ധീകരിച്ചു. ലൈസൻസ് കാലാവധി കഴിഞ്ഞതിന് ശേഷം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും, ലൈസൻസുള്ളതിന് വിരുദ്ധമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും 5,000 റിയാൽ വരെ പിഴ ചുമത്തും. തെറ്റായ വിവരങ്ങൾ നൽകി ലൈസൻസ് നേടുന്നവർക്കും ഇതേ തുക തന്നെയാണ് പിഴ ചുമത്തുക.

നിയമവിരുദ്ധമായ പ്രവർത്തനങ്ങൾകൊണ്ടോ മറ്റോ മുനിസിപ്പാലിറ്റി അടച്ചുപൂട്ടിയ സ്ഥാപനം, അടച്ചുപൂട്ടൽ കാലാവധി അവസാനിക്കുന്നതിന് മുൻപ് വീണ്ടും തുറന്ന് പ്രവർത്തിപ്പിച്ചാൽ 10,000 റിയാൽ വരെ പിഴ ചുമത്തും. പരിശോധനയിൽ ഉദ്യോഗസ്ഥർ പിടിച്ചെടുത്ത വസ്തുക്കൾ അനുമതിയില്ലാതെ നശിപ്പിക്കുകയോ പൂഴ്ത്തിവെക്കുകയോ ചെയ്താൽ 5,000 റിയാലും പിഴ ഈടാക്കും.

ശുചിത്വ ലംഘനങ്ങൾക്ക് 200 മുതൽ 4,000 റിയാൽ വരെയാണ് പിഴ. മലിനജലം ചോർന്നൊലിക്കുന്നതിനും സ്ഥാപനത്തിനുള്ളിൽ കവിഞ്ഞൊഴുകുന്നതിനും പരമാവധി പിഴ 4,000 വരെ ഈടാക്കും. ഉപകരണങ്ങൾ, പാത്രങ്ങൾ എന്നിവ വൃത്തിയാക്കാത്തതിന് 1,000 റിയാലും, ആവശ്യത്തിന് ഉപയോഗിക്കാൻ വെള്ളം ലഭ്യമാക്കാതിരുന്നാലും, ഹോം ഡെലിവറിയുടെ ശുചിത്വം കുറവാണെങ്കിലും 1000 റിയാൽ പിഴയൊടുക്കേണ്ടിവരും.

പരിശോധനാ വ്യവസ്ഥ അനുസരിച്ച് ആവർത്തിച്ചുള്ള നിയമലംഘനത്തിന്റെ പിഴ ഇരട്ടിയാക്കുമെന്ന് കരട് നിയമം വ്യവസ്ഥ ചെയ്യുന്നു. എന്നാൽ ആദ്യത്തെ നിയമലംഘനം മുതൽ 24 മാസം കഴിയുന്നതുവരെ യഥാർഥ പിഴ ഒരിക്കൽ മാത്രമേ ഇരട്ടിയാക്കാവൂ. ഗുരുതരമായ നിയമലംഘനങ്ങൾക്ക് ഈ ആനുകൂല്യം ലഭിക്കില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.