സ്വന്തം ലേഖകന്‍: കാറ്റലോനിയന്‍ പ്രാദേശിക തെരഞ്ഞെടുപ്പില്‍ സ്വാതന്ത്ര്യവാദികള്‍ക്ക് മുന്നേറ്റം, സ്പാനിഷ് സര്‍ക്കാരിന് കനത്ത തിരിച്ചടി. 135 അംഗ സഭയില്‍ സ്വാതന്ത്ര്യവാദി പാര്‍ട്ടികള്‍ക്ക് 70 സീറ്റുകള്‍ ലഭിച്ചു. കാറ്റലോണിയ മുന്‍ പ്രസിഡന്റ് കാര്‍ലസ് പുജമോണ്ടിന്റെ ‘ടുഗദര്‍ ഫോര്‍ കാറ്റലോണിയ’ പാര്‍ട്ടിക്കു 34 സീറ്റു ലഭിച്ചപ്പോള്‍ കാറ്റലോണിയ സ്വാതന്ത്ര്യത്തിനു വാദിക്കുന്ന മറ്റു രണ്ടു പാര്‍ട്ടികളും കൂടി ചേര്‍ന്നു കേവല ഭൂരിപക്ഷം സ്വന്തമാക്കി.
പുജമോണ്ടിന്റെ എതിരാളിയായി മല്‍സരിച്ച ഇനെസ് അരിമഡാസിന്റെ സിറ്റിസണ്‍സ് പാര്‍ട്ടി 37 സീറ്റോടെ ചരിത്രവിജയം നേടി. സ്പെയിന് പ്രധാനമന്ത്രി രജോയിയുടെ പാര്‍ട്ടിക്കു കിട്ടിയതു വെറും മൂന്നു സീറ്റ്. 80% പോളിങ് നടന്നതു കാറ്റലോണിയയില്‍ റെക്കോര്‍ഡാണ്. സ്വാതന്ത്ര്യാനുകൂലികളായ പാര്‍ട്ടികള്‍ ബാര്‍സിലോനയില്‍ ആഹ്ലാദറാലി നടത്തി. അതിസമ്പന്ന മേഖലയായ കാറ്റലോണിയയിലെ തിരഞ്ഞെടുപ്പു ഫലം സ്പെയിന് ഓഹരി വിപണിയിലും ബാങ്കിങ് രംഗത്തും ഇടിവുണ്ടാക്കി. യൂറോ മൂല്യവും ഇടിഞ്ഞു.
സ്പെയിനിലെ കേന്ദ്രസര്‍ക്കാര്‍ പിരിച്ചുവിട്ട കാറ്റലോണിയയിലെ പ്രാദേശിക ഭരണനേതൃത്വത്തിന്റെ തിരിച്ചുവരവിനു കളമൊരുക്കുന്ന തെരഞ്ഞെടുപ്പു ഫലം മരിയാനോ രജോയിക്കും അദ്ദേഹത്തെ പിന്താങ്ങുന്ന യൂറോപ്യന്‍ യൂണിയനും ഫലം കനത്ത തിരിച്ചടിയായി. കാറ്റലോണിയ തിരഞ്ഞെടുപ്പു ഫലം ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്കൊന്നും പരിഹാരമുണ്ടാക്കാത്ത സ്ഥിതിക്ക് അടുത്ത വര്‍ഷം പുതിയ തിരഞ്ഞെടുപ്പു നടന്നേക്കുമെന്നും സൂചനയുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല