സ്വന്തം ലേഖകന്‍: കാറ്റലോണിയയുടെ സ്വാതന്ത്യ്ര പ്രഖ്യാപനം യൂറോപ്പിലെ മറ്റു പ്രദേശങ്ങളിലേക്കും കത്തിപ്പടരുമെന്ന് സൂചന, നെഞ്ചിടിപ്പോടെ ബ്രിട്ടനും ഫ്രാന്‍സും ഇറ്റലിയും. 2016 ജൂണ്‍ 23 ലെ ബ്രെക്‌സിറ്റ് ഹിതപരിശോധനക്കു ശേഷം സ്വാതന്ത്ര നീക്കങ്ങള്‍ യൂറോപ്പിനെ അശാന്തമാക്കുകയാണ്. കഴിഞ്ഞ ദിവസം കാറ്റലോണിയ സ്വാതന്ത്ര്യം പ്രഖ്യാപിച്ചതോടെ ആ വഴിയെ നീങ്ങാന്‍ നിരവധി പ്രദേശങ്ങള്‍ തയ്യാറെടുക്കുന്നതായാണ് സൂചന.
യൂറോപ്പില്‍ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന് ഒരുങ്ങുന്ന പ്രദേശങ്ങള്‍ ബ്രിട്ടനിലും ഫ്രാന്‍സിലും ഇറ്റലിയുലുമുള്ളതിനാല്‍ കാറ്റലോണിയന്‍ പ്രഖ്യാപനം ഈ രാജ്യങ്ങള്‍ക്ക് വരും ദിവസങ്ങളില്‍ തലവേദനയാകുമെന്ന് ഉറപ്പാണ്. ഇതരം നീക്കങ്ങള്‍ ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന മുന്നറിയിപ്പുമായി യൂരോപ്യന്‍ യൂണിയനും രംഗത്തുണ്ട്. സ്‌പെയിനില്‍ തന്നെ ഫ്രഞ്ച് അതിര്‍ത്തിയിലെ ബാസ്‌ക് ഭാഷക്കാര്‍ 19 ആം നൂറ്റാണ്ടു മുതല്‍ സ്വന്തമായി രാജ്യം വേണമെന്ന ആവശം ഉയര്‍ത്തുന്നുണ്ട്.
യുകെയിലാകട്ടെ വടക്കന്‍ അയര്‍ലന്‍ഡ്, സ്‌കോട്‌ലന്‍ഡ്, വെയ്ല്‍സ് എന്നീ പ്രദേശങ്ങളില്‍ ശക്തമായ സ്വാതന്ത്ര്യ മുന്നേറ്റങ്ങളാണ് നടക്കുന്നത്. 54 ലക്ഷം ജനസംഖ്യയുള്ള സ്‌കോട്‌ലന്‍ഡ് ബ്രെക്‌സിറ്റ് മാതൃകയില്‍ ഒരു ജനഹിതപരിശോധനയ്ക്ക് ഒരുങ്ങുകയാണ്. 31 ലക്ഷം ജനങ്ങളുള്ള വെയ്ല്‍സ് 1997 ല്‍ ഹിതപരിശോധന നടത്തിയിരുന്നു. ഫ്രാന്‍സില്‍ 33 ലക്ഷം ജനങ്ങള്‍ പാര്‍ക്കുന്ന ബ്രിട്ടനിയാണ് സ്വാതന്ത്രമെന്ന ആവശ്യം ഉയര്‍ത്തുന്നത്.
എന്നാല്‍ ബ്രിട്ടനിക്കാര്‍ സ്വാതന്ത്ര്യത്തേക്കാള്‍ കൂടുതല്‍ ഫ്രഞ്ചു ഭരണത്തിനു കീഴില്‍ സ്വയംഭരണം എന്ന ആവശ്യമാണ് ഇപ്പോള്‍ മുന്നോട്ട് വക്കുന്നത്. കോര്‍സിക്ക ദ്വീപാണ് ഫ്രഞ്ച് ഭരണത്തിന്‍ നിന്ന് സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന മറ്റൊരു കൂട്ടര്‍. ഇറ്റലിയില്‍ വെനീസ് ഉള്‍പ്പെടുന്ന വെനേറ്റോ, മിലാന്‍ ഉള്‍പ്പെടുന്ന ലൊംബാര്‍ദി എന്നീ പ്രവിശ്യകള്‍ കഴിഞ്ഞയാഴ്ച ഹിതപരിശോധന നടത്തിയപ്പോള്‍ 40 ശതമാനം സ്വയംഭരണം വേണമെന്നാണ് അഭിപ്രായപ്പെട്ടത്.
50 ലക്ഷം ജനങ്ങളുള്ള സിസിലി ദ്വീപിലും സ്വയംഭരണ വാദികളാണു ഭരിക്കുന്നത്. ബെല്‍ജിയത്തില്‍ വാലോണിയ പ്രവിശ്യ കൂടുതല്‍ സ്വയംഭരണം തേടുന്നു. ഡച്ച് ഭാഷക്കാര്‍ക്കു ഭൂരിപക്ഷമുള്ള ഫ്‌ലാന്‍ഡേഴ്‌സ് പ്രവിശ്യ 2019 നു ശേഷം സ്വാതന്ത്ര്യവാദം കൂടുതല്‍ ശക്തമായി ഉന്നയിക്കുമെന്നാണ് റിപ്പോര്‍ട്ട്. 1871 ല്‍ ബലമായി ജര്‍മനിയിലേക്കു ചേര്‍ക്കപ്പെട്ടപ്പോള്‍ മുതല്‍ തെക്കുകിഴക്കന്‍ ജര്‍മനിയിലെ ബവേറിയ സ്വാതന്ത്ര്യം എന്ന ആവശ്യം ഉയര്‍ത്തുന്നു.
ഡെന്മാര്‍ക്കിലെ ഫാറോ ദ്വീപുകള്‍, റൊമാനിയയിലെ ഷെക്‌ലാ ലാന്‍ഡ്, പോളണ്ടിലെ അപ്പര്‍ സൈലേഷ്യ, ക്രൊയേഷ്യയിലെ ഇസ്ട്രിയ, ചെക്ക് റിപ്പബ്ലിക്കിലെ മൊറാവിയ എന്നിവയും സ്വാതന്ത്ര്യ നീക്കങ്ങള്‍ സജീവമായ പ്രദേശങ്ങളാണ്. മാതൃരാജ്യത്തില്‍ നിന്ന് കൂടുതല്‍ സാമ്പത്തിക, രാഷ്ട്രീയ സ്വാതന്ത്രമാണ് ഈ കൊച്ചു പ്രദേശങ്ങളെ സ്വാതന്ത്ര നീക്കങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നത്. കേരള സംസ്ഥാനത്തേക്കാള്‍ ചെറുതായ മിക്ക പ്രദേശങ്ങള്‍ക്കും സൈനിക ആവശ്യങ്ങള്‍ക്കായി മാതൃരാജ്യത്തെ തന്നെ ആശ്രയിക്കേണ്ടി വരും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല